Salman Rushdie
ബ്രിട്ടീഷ് ഇന്ത്യൻ നോവലിസ്റ്റും പ്രബന്ധകാരനുമാണ് സർ അഹമ്മദ് സൽമൻ റുഷ്ദി. 1947 ജൂൺ 19-ന് ബോംബെയിൽ ജനനം. 1983-ൽ യുകെയിലെ പ്രസിദ്ധമായ സാഹിത്യസംഘടനയായ റോയൽ സൊസൈറ്റി ഓഫ് ലിറ്ററേച്ചറിന്റെ ഫെലോ ആയി റുഷ്ദി തെരഞ്ഞെടുക്കപ്പട്ടു. 2007 ജൂണിൽ എലിസബത്ത് രാജ്ഞി സാഹിത്യരംഗത്തെ സേവനങ്ങൾ കണക്കിലെടുത്ത് അദ്ദേഹത്തിന് നൈറ്റ് പദവി നൽകി ആദരിച്ചു. 2008-ൽ, റുഷ്ദി, ടൈംസ് മാഗസിന്റെ 1945-ന് ശേഷമുള്ള 50 മികച്ച ബ്രിട്ടീഷ് എഴുത്തുകാരുടെ പട്ടികയിൽ പതിമൂന്നാം സ്ഥാനത്തെത്തി. അദ്ദേഹത്തിന്റെ രണ്ടാമത്തെ നോവൽ മിഡ്‌നൈറ്റ്‌സ് ചിൽഡ്രൻ (1981) ബുക്കർ പ്രൈസ് നേടി. 1988-ൽ പുറത്തിറങ്ങിയ ദി സേറ്റാനിക് വേഴ്‌സസ് എന്ന കൃതി വിവാദമാകുകയും ഇന്ത്യയടക്കം പല രാജ്യങ്ങളിലും നിരോധിക്കപ്പെടുകയും ചെയ്തു. ഇറാനിലെ പരമോന്നത നേതാവായ ആയത്തൊള്ള ഖൊമേനി റുഷ്ദിയെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്തു. ഗ്രിംസ്സ് (1975), മിഡ്‌നൈറ്റ്‌സ് ചിൽഡ്രൻ (1981), ഷെയിം (1983), ദി സേറ്റാനിക് വേഴ്‌സസ് (1988), ദി മൂർസ് ലാസ്റ്റ് സൈ (1995), ദി ഗ്രൗണ്ട് ബിനീത് ഹെർ ഫീറ്റ് (1999), ഫ്യൂറി (2001), ഷാലിമാർ ദി ക്ലൗൺ (2005), കിഷോട്ടെ (2019) എന്നിവയാണ് പ്രധാന കൃതികൾ.