DCBOOKS
Malayalam News Literature Website

‘സോര്‍ബ’; ലോകസാഹിത്യത്തിലെ നിത്യവിസ്മയം

ആധുനിക ഗ്രീക്ക് സാഹിത്യത്തിലെ അതികായനായനായിരുന്നു  നിക്കോസ് കാസാന്‍ദ്‌സാകീസ്. എഴുത്തുകാരനും ദാര്‍ശനികനുമായിരുന്ന അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസ് നോവലാണ് ‘സോര്‍ബ ദ ഗ്രീക്ക്‘. ജീവിതത്തെ പ്രണയിക്കുന്ന സോര്‍ബയുടെയും അജ്ഞാതനാമകാരനായ ആഖ്യാതാവിന്റെയും ക്രീറ്റ് എന്ന സ്ഥലത്തെ ഖനിയിലേക്കുള്ള യാത്രയുടെയും കഥപറയുകയാണ് ഈ നോവല്‍.

വിനീതനും മിതഭാഷിയുമാണ് ആഖ്യാതാവെങ്കില്‍ സര്‍വ്വസ്വതന്ത്രനും ഉത്സാഹിയും സംസ്‌കാരത്തിന്റെ അതിര്‍വരമ്പുകള്‍ക്കുവെളിയില്‍ ജീവിക്കുന്നവനുമാണ് സോര്‍ബ. ജീവിതം വെച്ചുനീട്ടിയ എന്തിനെയും ആഹ്ലാദത്തോടെ പുല്‍കുന്ന സോര്‍ബ. യാത്രയ്ക്കിടയില്‍ ആഖ്യാതാവിന്റെ ജീവിതത്തെ തന്നെമാറ്റിമറിക്കുന്നു.

നിക്കോസ് കാസാന്‍ദ്‌സാകീന്റെ എഴുത്തിന്റെ മാസ്മരികതയും ‘ സോര്‍ബ ദി ഗ്രീക്കി‘നെ പ്രിയതരമാക്കുന്നു. ജീവിതം പൂര്‍ണമായി ജീവിക്കാനും പ്രപഞ്ചത്തോടൊത്ത് ചേര്‍ന്ന് ആനന്ദനൃത്തം ചെയ്യുവാനും ഈ പുസ്തകം നമ്മെ പ്രേരിപ്പിക്കുന്നുണ്ട്. ഓരോ മനുഷ്യനും അവനവന്റെ ഉള്ളിലേക്ക് നോക്കാനും സ്വന്തം ആനന്ദം കണ്ടെത്താനും ശ്രമിക്കണമെന്ന വലിയ പാഠവും ഇതിലുണ്ട്. ലളിതമായി, വ്യത്യസ്തമായി, സുതാര്യമായി ജീവിക്കാനുള്ള പ്രേരണ നല്‍കുന്നതാണ് ഈ ഗ്രീക്ക് പുസ്തകം.

സോര്‍ബാ ദി ഗ്രീക്ക് 1964ല്‍ ചലച്ചിത്രമാക്കപ്പെട്ടു. നോവലിന്റെ ഭംഗി ചോര്‍ന്നുപോകാതെ നിര്‍മ്മിക്കപ്പെട്ട ഈ സിനിമയില്‍ സോര്‍ബയായി അഭിനയിച്ചത് പ്രശസ്ത നടന്‍ ആന്റണി ക്വിന്‍ ആണ്. സോര്‍ബ എന്ന പേരില്‍ ഡോ. ഡെന്നിസ് ജോസഫാണ് ഈ പുസ്തകത്തിന്റെ മലയാള പരിഭാഷ നിര്‍വ്വഹിച്ചിരിക്കുന്നത്. സോര്‍ബയുടെ മൂന്നാം പതിപ്പ് ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.

Comments are closed.