DCBOOKS
Malayalam News Literature Website

ഇന്നും വിസ്മയമായി നിലകൊള്ളുന്ന ക്ലാസിക് കൃതി ‘സോര്‍ബ’

 

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഗ്രീക്ക് എഴുത്തുകാരനും ദാര്‍ശനികനുമായിരുന്നു നിക്കോസ് കാസാന്‍സാകിസ്. അദ്ദേഹത്തിന്റെ മാസ്റ്റ് പീസ് നോവലാണ് ‘സോര്‍ബ ദ ഗ്രീക്ക്’. ഈ ഗ്രീക്ക് നോവലിന്റെ മലയാള പരിഭാഷയാണ് സോര്‍ബ. ജീവിതത്തെ പ്രണയിക്കുന്ന സോര്‍ബയുടെയും അജ്ഞാത നാമകാരനായ ആഖ്യാതാവിന്റെയും ക്രീറ്റ് എന്ന സ്ഥലത്തെ ഖനിയിലേക്കുള്ള യാത്രയുടെയും കഥപറയുന്ന നോവലാണ് ഇത്.

വിനീതനും മിതഭാഷിയുമാണ് ആഖ്യാതാവെങ്കില്‍ സര്‍വ്വസ്വതന്ത്രനും ഉത്സാഹിയും സംസ്‌കാരത്തിന്റെ അതിര്‍വരമ്പുകള്‍ക്കുവെളിയില്‍ ജീവിക്കുന്നവനുമാണ് സോര്‍ബ. ജീവിതം വെച്ചുനീട്ടിയ എന്തിനെയും ആഹ്ലാദത്തോടെ പുല്‍കുന്ന സോര്‍ബ. യാത്രയ്ക്കിടയില്‍ ആഖ്യാതാവിന്റെ ജീവിതത്തെ തന്നെമാറ്റിമറിക്കുന്നു.

നിക്കോസ് കാസാന്‍സാകിസിന്റെ എഴുത്തിന്റെ മാസ്മരികതയും ‘ സോര്‍ബ ദി ഗ്രീക്കി’നെ പ്രിയതരമാക്കുന്നു. ജീവിതം പൂര്‍ണമായി ജീവിക്കാനും പ്രപഞ്ചത്തോടൊത്ത് ചേര്‍ന്ന് ആനന്ദനൃത്തം ചെയ്യുവാനും ഈ പുസ്തകം നമ്മെ പ്രേരിപ്പിക്കുന്നുണ്ട്. ഓരോ മനുഷ്യനും അവനവന്റെ ഉള്ളിലേക്ക് നോക്കാനും സ്വന്തം ആനന്ദം കണ്ടെത്താനും ശ്രമിക്കണമെന്ന വലിയ പാഠവും ഇതിലുണ്ട്. ലളിതമായി, വ്യത്യസ്തമായി, സുതാര്യമായി ജീവിക്കാനുള്ള പ്രേരണ നല്‍കുന്നതാണ് ഈ ഗ്രീക്ക് പുസ്തകം.

സോര്‍ബാ ദി ഗ്രീക്ക് 1964ല്‍ ചലച്ചിത്രമാക്കപ്പെട്ടു. നോവലിന്റെ ഭംഗി ചോര്‍ന്നുപോകാതെ നിര്‍മ്മിക്കപ്പെട്ട ഈ സിനിമയില്‍ സോര്‍ബായായി അഭിനയിച്ചത് പ്രശസ്ത നടന്‍ ആന്റണി ക്വിന്‍ ആണ്. ഡോ ഡെന്നിസ് ജോസഫാണ് ഈ പുസ്തകത്തിന്റെ മലയാള പരിഭാഷ നിര്‍വ്വഹിച്ചിരിക്കുന്നത്.

 

 

Comments are closed.