അനുഗ്രഹങ്ങൾ സംഭരിച്ചുവയ്ക്കാനുള്ളതല്ല …
പൗലോ കൊയ്‌ലോയുടെ 'സഹീർ' എന്ന നോവലിൽ നിന്നും ഒരു ഭാഗം
ഞാൻ സ്നേഹിക്കുന്ന സ്ത്രീയെ എന്നന്നേക്കുമായി എനിക്ക് നഷ്ടപ്പെട്ടിരിക്കാമെന്നറിയാമെങ്കിലും, ഇന്നു ദൈവം എനിക്കു കനിഞ്ഞരുളുന്ന എല്ലാ അനുഗ്രഹങ്ങളും ആസ്വദിക്കാൻ ഞാൻ ശ്രമിക്കണം. സംഭരിച്ചുവയ്ക്കാനുള്ളതല്ല അനുഗ്രഹം. എനിക്കു മനഃസമാധാനമുണ്ടാകുമ്പോൾ എടുത്തുപയോഗിക്കത്തക്കവണ്ണം അതു നിക്ഷേപിക്കാനുള്ള ബാങ്കുകളൊന്നുമില്ല. ഈ അനുഗ്രഹങ്ങളെ പൂർണ്ണമായും ഉപയോഗിക്കാതിരുന്നാൽ എന്നന്നേക്കുമായി അവ നഷ്ടപ്പെടും.
ജീവിതത്തിന്റെ കലാകാരന്മാരാണു നമ്മളെല്ലാവരും എന്ന് ദൈവത്തിനറിയാം. ഒരു ദിവസം അദ്ദേഹം ഒരു ചുറ്റിക തന്നിട്ട് ശില്പങ്ങളുണ്ടാക്കാൻ നമ്മളോടു പറയുന്നു. മറ്റൊരു ദിവസം ബ്രഷുകളും ചായങ്ങളും തന്നിട്ട് ചിത്രം രചിക്കാനാവശ്യപ്പെടുന്നു. അല്ലെങ്കിൽ കടലാസും പെൻസിലും തന്ന് എഴുതാൻ പറയുന്നു. പക്ഷേ, ഒരു ചുറ്റികകൊണ്ടു ചിത്രം വരയ്ക്കാനോ പെയിന്റ് ബ്രഷ് ഉപയോഗിച്ച് ശില്പമുണ്ടാക്കാനോ നിങ്ങൾക്കു സാധിക്കുകയില്ല. അതുകൊണ്ട് അവ എത്ര പ്രയാസമുള്ളതായാലും മനോഹരമായ ഈ ദിവസം സൂര്യൻ പ്രകാശിക്കുകയും തെരുവിൽ കുട്ടികൾ പാട്ടുപാടുകയും ചെയ്യുമ്പോൾ, ഞാൻ ദുരിതമനുഭവിക്കുന്നതു കാരണം ശാപങ്ങളാണവയെന്നു തോന്നിയാൽ പോലും അനുഗ്രഹങ്ങളെ ഞാൻ അംഗീകരിച്ചേമതിയാവൂ. എന്റെ വേദനയെ പിന്തള്ളി ജീവിതം പുനർനിർമ്മിക്കാനുള്ള ഒരേയൊരു മാർഗ്ഗമാണത്.
മുറി പ്രകാശപൂർണ്ണമായി. ഞാൻ അകത്തു ചെന്നപ്പോൾ അവൾ തലയുയർത്തി നോക്കി ചിരിച്ചു. വർണ്ണഭംഗിയുള്ള തുണികൾക്കു നടുവിൽ നിലത്തിരിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി ‘പിച്ചിച്ചീന്താനൊരു സമയം, തുന്നിച്ചേർക്കാനൊരു സമയ’ത്തിന്റെ വായന തുടർന്നു.
എന്റെ തൊണ്ടയിൽ എന്തോ അകപ്പെട്ടതുപോലെ. ഉറക്കെ കരയണമെന്നു തോന്നി. പിന്നെ നിർവ്വികാരനായി നിന്നു. എന്റെ വാക്കുകൾ അവളുടെ ചുണ്ടുകളിൽ നിന്നുകേട്ട്, നിറങ്ങളാലും പ്രകാശത്താലും സ്വന്തം പ്രവൃത്തികളിൽ വ്യാപൃതരായ ജനങ്ങളാലും ചുറ്റപ്പെട്ട് ആ രംഗം നിരീക്ഷിച്ചുകൊണ്ട് ഞാനവിടെ നിന്നു.
തുടർന്ന് വായിക്കാൻ ക്ലിക്ക് ചെയ്യൂ
Comments are closed.