കെ ആര്‍ മീരയുടെ നോവല്‍ ‘യൂദാസിന്റെ സുവിശേഷം’
ശക്തമായ ആഖ്യാനശൈലി കൊണ്ട് വായനക്കാരുടെ ധാരണകളെ അട്ടിമറിക്കുന്നതും, ഇന്നത്തെ പെണ്ണിന്റെ അവസ്ഥകളെ ഫെമിനിസത്തിന്റെ അതിരുകള്‍ക്കപ്പുറത്ത് ആവിഷ്‌കരിക്കുന്നതുമായ രചനകളാണ് മീരയുടേത്. മനോഹരമായ കഥകളിലൂടെ ലഘുനോവലുകളിലേക്ക് കടന്ന് ആരാച്ചാര്‍ പോലെ ഒരു ബൃഹദ് നോവലിലേക്ക് വികസിച്ചതാണ് മീരയുടെ എഴുത്തിന്റെ ലോകം. മലയാള കഥയ്ക്കും നോവലിനും ആധുനികഭാവങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്ന എഴുത്തുകാരില്‍ പ്രധാനിയായ കെ ആര്‍ മീരയുടെ ലഘു നോവലാണ് യൂദാസിന്റെ സുവിശേഷം. പോലീസിന്റെ നക്‌സല്‍വേട്ടയുടെ പശ്ചാത്തലത്തില്‍ ഒറ്റിക്കൊടുക്കലിന്റെയും പീഡനത്തിന്റെയും കുമ്പസാരത്തിന്റെയും കഥ പറയുന്ന നോവലാണ് യൂദാസിന്റെ സുവിശേഷം.
എന്നും ബെസ്റ്റ് സെല്ലറുകള്‍ സമ്മാനിച്ച കെ ആര്‍ മീരയുടെ യൂദാസിന്റെ സുവിശേഷം പ്രേമ, ദാസന്‍ എന്നീ കഥാപാത്രങ്ങളിലൂടെയാണ് വികസിക്കുന്നത്. അടിയന്തരാവസ്ഥയുടെ കാലത്തോടെ കുപ്രസിദ്ധമായ കക്കയം ക്യാമ്പും, കായണ്ണ പോലീസ് സ്‌റ്റേഷന്‍ ആക്രമണവും അന്നത്തെ ഭരണകൂടവും, അതിന്റെ കളിപ്പാവയായ പോലീസും ഒക്കെയാണിവിടെ കഥാഭാഗങ്ങള്‍ ആയി വരുന്നത്.
ഒരര്‍ത്ഥത്തില്‍ ഈ നോവല്‍ ഒറ്റുകാരന്റെ സുവിശേഷമല്ല , തെറ്റുകാരന്റെ കുമ്പസാരം ആകുന്നുവെന്ന് പറയാം. ഫ്യൂഡല്‍ നാലുകെട്ടിലെ സന്തതിയായ പ്രേമ പണ്ട് വിപ്ലവകാരിയായിരുന്ന ഇപ്പോള്‍ ശവങ്ങള്‍ മുങ്ങിയെടുക്കാന്‍ മാത്രം ജീവിക്കുന്ന ദാസനെ പ്രണയിക്കുന്നു. എന്നാല്‍ ദാസന് സുനന്ദ എന്ന ഒരു പ്രണയിനി ഉണ്ടായിരുന്നു. പക്ഷേ, പോലീസിന്റെ നിര്‍ബന്ധത്താല്‍ അവളെ കയത്തിലെറിയേണ്ടി വരുകയും ചെയ്തു . അതുകൊണ്ട് തന്നെ ദാസന്‍ സ്വയം യൂദാസായി അവരോധിക്കുന്നു. ഇതറിയാതെയാണ് പ്രേമ അയാളെ പ്രണയിക്കുന്നത്. ഇവിടെ ദാസനെന്നും ഭുതകാലതിന്റെ ഓര്‍മകളില്‍ ജീവിക്കുന്നു. വര്‍ത്തമാനത്തിലെ പ്രേമയെ ദുര്‍ബലയായും തന്റെ ആരാധികയായ സുനന്ദയെ ധൈര്യത്തിന്റെ കേന്ദ്രമായും കാണുന്നു. ഓരോ തവണ ദാസന്‍ പ്രേമയെ സ്‌നേഹിക്കാന്‍ ആരംഭിക്കുമ്പോളും കുറ്റബോധം അയാളെ വേട്ടയാടുന്നു. വിപ്ലവകാരിയായിരുന്നു അവള്‍. അവളെ ഒറ്റിയത് താനാണ് എന്ന ചിന്ത അയാളെ വേട്ടയാടുന്നു…
കുട്ടിക്കാലം മുതല്‍കേട്ടുവളര്‍ന്ന ഫാസിസത്തിന്റെയും നക്‌സലിസത്തിന്റെയും പശ്ചാത്തലത്തില്‍ എഴുതിയ ഈ നോവലിനെകുറിച്ച് മീര പറയുന്നിങ്ങനെ;
‘ഇത് എന്റെ പ്രേമത്തിന്റെ കഥയല്ല. പ്രേമത്തിന്റെയും കണ്ണീരിന്റെയും കഥകള്‍ കേട്ടുകേട്ട്, ബ്വേ, ഞാന്‍ ഛര്‍ദ്ദിക്കാറായി. ഇത് വിപ്ലവത്തിന്റെ കഥയുമല്ല. അതൊക്കെ എത്രയോപേര്‍ പറഞ്ഞു കഴിഞ്ഞു. ഇത് ശവങ്ങളുടെ കഥയാണ്. മുതലകളെപ്പോലെ കമഴ്ന്നുനീന്തുന്ന ശവങ്ങള്‍ മറിച്ചിടുമ്പോള്‍, സൂക്ഷിക്കുക, മത്സ്യങ്ങള്‍ കൊത്തിവലിച്ച മുഖങ്ങള്‍ ഹൃദയാഘാതമുണ്ടാക്കും…’ !
Comments are closed.