കെ.ആര്‍. മീരയുടെ യൂദാസിന്റെ സുവിശേഷം രണ്ടാം പതിപ്പില്‍
എന്നും ബെസ്റ്റ് സെല്ലറുകള്‍ സമ്മാനിക്കുന്ന കെ.ആര്‍. മീരയുടെ യൂദാസിന്റെ സുവിശേഷം രണ്ടാം പതിപ്പിലെത്തിയിരിക്കുന്നു. ഭരണകൂടം ഒരു വലിയ യന്ത്രമാണ്. പോലീസ് അതിന്റെ നട്ടോ ബോള്‍ട്ടോ മാത്രം-സ്‌റ്റേറ്റിന്റെ ചട്ടുകങ്ങള്‍മാത്രം. കുറ്റവാളികള്‍ക്കു മുമ്പില്‍ സ്റ്റേറ്റ് തോല്‍ക്കാന്‍ പാടില്ലാത്തതിനാല്‍ പോലീസും തോറ്റുകീടാ- പോലീസിന്റെ നക്‌സല്‍ വേട്ടയുടെ പശ്ചാത്തലത്തില്‍ ഒറ്റിക്കൊടുക്കലിന്റെയും പീഡനത്തിന്റെയും കുമ്പസാരത്തിന്റെയും കഥപറയുന്ന നോവലാണ് യൂദാസിന്റെ സുവിശേഷം.
ഫാസിസത്തിന്റെയും നക്‌സലിസത്തിന്റെയും പശ്ചാത്തലത്തിലുള്ള നോവലിന് മീര എഴുതിയ ആമുഖക്കുറിപ്പ്…
ഒറ്റുകാരന് ഒരിക്കലും ഉറക്കം വരികയില്ല. വിശപ്പടങ്ങുകയോ ദാഹം ശമിക്കുകയോ ഇല്ല. വെള്ളത്തില്‍ മുങ്ങിക്കിടന്നാലും അയാളുടെ ശരീരത്തിന്റെ പുകച്ചില്‍ അണയുകയില്ല.
മൂക്കറ്റം മദ്യപിച്ചാലും അയാളുടെ ബോധം മറയുകയുമില്ല– മുതല യൂദാസിന്റെ ജീവിതത്തില്‍നിന്ന് ഞാന്‍ പഠിച്ച പാഠമാണിത്. ഞങ്ങളുടെ കായലില്‍ മുങ്ങിമരിക്കുന്നവരുടെ ശവങ്ങള്‍ മുങ്ങിയെടുക്കുകയായിരുന്നു അയാളുടെ തൊഴില്‍. ഏതു ഗ്രാമത്തിലും ശവങ്ങള്‍ മുങ്ങിയെടുക്കാന്‍മാത്രം ജീവി ച്ചിരിക്കുന്ന ഒരാളുണ്ടാകും. ഞങ്ങളുടെ കായലിലാണെങ്കില്‍ ദിവസവും ശവങ്ങള്‍ മത്സരിച്ചുപൊന്തി. മുതല യൂദാസിന് എന്നും തിരക്കായിരുന്നു. ശവങ്ങള്‍ കരയ്ക്കടുപ്പിച്ച് കൂലി വാങ്ങിക്കഴിഞ്ഞാല്‍ അയാള്‍ ചാരായഷാപ്പിലേക്കു പോയി മൂക്കറ്റം മദ്യപിച്ച് പൂര്‍ണ്ണബോധത്തോടെ മടങ്ങി, കായലില്‍ കഴുത്തൊപ്പം വെള്ളത്തില്‍ മുങ്ങിക്കിടന്നു.
കായല്‍ത്തീരത്ത്, വയലറ്റുനിറമുള്ള കലമ്പെട്ടികളും തവിട്ടുകണ്ണുകളുള്ള കാക്കപ്പൂവുകളും പൂത്തുകിടക്കുന്ന കുന്നിന്‍ചെരുവില്‍ ശവക്കല്ലറപോലെ ജനാലകളില്ലാത്ത ഒരു കുടിലുണ്ടായിരുന്നു അയാള്‍ക്ക്. ശവം പിടിച്ചടുപ്പിക്കുന്ന കുളിക്കടവില്‍ പാവാട മുലക്കച്ചയായുടുത്ത പെണ്ണുങ്ങള്‍ നനഞ്ഞൊട്ടിയ ശരീരങ്ങളോടെ തുണിയലക്കുകയോ ഇഞ്ചതേച്ചു കുളിക്കുകയോ ചെയ്യുന്ന ഉച്ചനേരങ്ങളില്‍ അയാള്‍ ആണ്‍കുട്ടികള്‍ക്ക് രതിതന്ത്രത്തെക്കുറിച്ച് ക്ലാസ്സെടുത്തിരുന്നു.
അന്നൊക്കെ ശവങ്ങള്‍ കമഴ്ന്നാണ് പൊന്തിയിരുന്നത്. ഇപ്പോഴത്തെ സ്ഥിതി അറിഞ്ഞുകൂടാ. കായലിന്റെ പച്ചമെഴുപ്പുള്ള ഓളങ്ങളില്‍ വാഴപ്പിണ്ടിപോലെയോ വെളുത്ത മുതലപോലെയോ വെളുത്തു വിളറിയ ശവങ്ങള്‍ തൊട്ടിലാടിക്കിടന്നു. മുതല യൂദാസ് ശവത്തെ പൊങ്ങുതടിയാക്കി നീന്തിയെത്തും. പകുതി കരയിലും ബാക്കി വെള്ളത്തിലുമായി അതിനെ ഉപേക്ഷിച്ച് അയാള്‍ കിതപ്പോടെ അലക്കുകല്ലിന്മേലിരുന്നു കഞ്ചാവുബീഡി കത്തിക്കും. വെള്ളത്തില്‍നിന്നു കയറിവരുമ്പോള്‍ അയാളുടെ വെളുത്ത ശരീരം കരുവാളിച്ചു നീലയായിത്തീരും. അയാള്‍ക്കുചുറ്റും കഞ്ചാവുപുക ഒരു വല്ലാത്ത വെളിച്ചം നിറയ്ക്കും. പോലീസുകാര്‍ക്കുവേണ്ടി ഇടങ്കാല്‍ നീട്ടി അയാള്‍ ശവത്തിന്റെ മുഖം മറിച്ചിട്ടു കാണിക്കും. കൊന്നതു ഞാനാ–അയാള്‍ അഭിമാന ത്തോടെ പ്രഖ്യാപിക്കും–ഈ ശവം എന്റെ പേരിലെഴുതിക്കോ. പോലീസുകാര്‍ അതു കേട്ടതായി ഭാവിക്കില്ല. അപ്പോള്‍ അയാള്‍ അവരെ തെറിവിളിക്കും. വിപ്ലവം ജയിക്കുമെടാ പട്ടികളെ, നക്‌സല്‍ബാരി സിന്ദാബാദ്. ചുണയുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യെടാ.
അയാളുടെ വാക്കുകള്‍ക്ക് ആരും ഗൗരവം കല്പിച്ചില്ല; ഞാനൊഴികെ. അത് ആയിരത്തിത്തൊള്ളായിരത്തി എണ്‍പത്തിയഞ്ചായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് എനിക്ക് അഞ്ചു വയസ്സേയുണ്ടായിരുന്നുള്ളൂ. അതിനെപ്പറ്റിയൊന്നും എനിക്ക് അറിവോ ഓര്‍മ്മയോ ഉണ്ടായിരുന്നില്ല. പക്ഷേ, ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പിന്‍വലിച്ചിട്ടും എന്റെ വീട്ടില്‍ അടിയന്തരാവസ്ഥ നിലനിന്നു. നാവടക്കൂ, പണിയെടുക്കൂ, കൂടുതല്‍ അദ്ധ്വാനം കുറച്ചു ശബ്ദം തുടങ്ങിയ കല്പനകള്‍ സദാ എന്നെ നോക്കി കണ്ണുരുട്ടി. കുട്ടിക്കാലംമുതല്‍ എനിക്കു ചിരിക്കാനോ മറ്റു കുട്ടികളോടൊപ്പം കളിക്കാനോ അനുവാദ മുണ്ടായിരുന്നില്ല. വിമോചനം സാധ്യമാക്കുന്ന ഒരു നക്‌സലിനെ ഞാന്‍ എന്നും സ്വപ്‌നം കണ്ടു. ഞങ്ങളുടെ ഫ്യൂഡല്‍ നാലുകെട്ടില്‍ ആഞ്ഞിലിയില്‍ തീര്‍ത്ത മഞ്ഞമച്ചുള്ള എന്റെ മുറിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഇരുട്ടില്‍ ശബ്ദം താഴ്ത്തി ഞാന്‍ നക്‌സല്‍ബാരി സിന്ദാബാദ് എന്ന് ഉരുവിട്ടു. തൊഴുത്തില്‍ പശു കാലുകള്‍ കുടയുകയോ വൈക്കോല്‍ ഇളകുകയോ ചെയ്യുമ്പോഴൊക്കെ അവന്‍ വരുന്നു എന്ന് ഞാന്‍ ഉദ്വേഗത്തോടെ കാതോര്‍ത്തു. എവിടെ! ഒരു നക്‌സലൈറ്റും വന്നില്ല. എന്നെ ശ്വാസംമുട്ടിച്ച ഫാസിസ്റ്റ് ഭരണകൂടത്തെ ആരും ഉന്മൂലനം ചെയ്തില്ല.
ഫാസിസത്തെ വെല്ലുവിളിച്ച് എന്റെ ശരീരത്തില്‍ പ്രേമത്തിന്റെ ഹോര്‍മോണുകള്‍ കലമ്പല്‍ കൂട്ടിത്തുടങ്ങിയിരുന്നു. പ്രേമിക്കാന്‍ ഒരു നക്‌സലൈറ്റില്‍ കുറഞ്ഞ ഒരാളെയും ഞാന്‍ ആഗ്രഹിച്ചില്ല. മുതല യൂദാസ് എന്റെ വന്യമായ സ്വപ്‌നങ്ങളില്‍പ്പോലുമുണ്ടായിരുന്നില്ല. പക്ഷേ, അത് അങ്ങനെ സംഭവിച്ചു. എന്നുവെച്ച് ഇത് എന്റെ പ്രേമത്തിന്റെ കഥയല്ല. പ്രേമത്തിന്റെയും കണ്ണീരിന്റെയും കഥകള്‍ കേട്ടുകേട്ട്, ബ്വേ, ഞാന്‍ ഛര്‍ദ്ദിക്കാറായി. ഇതു വിപ്ലവത്തിന്റെ കഥയുമല്ല. അതൊക്കെ എത്രയോ പേര്‍ പറഞ്ഞുകഴിഞ്ഞു. ഇത് ശവങ്ങളുടെ കഥയാണ്. മുതലകളെപ്പോലെ കമിഴ്ന്നുനീന്തുന്ന ശവങ്ങള്‍ മറിച്ചിടുമ്പോള്‍, സൂക്ഷിക്കുക, മത്സ്യങ്ങള്‍ കൊത്തിവലിച്ച മുഖങ്ങള്‍ ഹൃദയാഘാതമുണ്ടാക്കും.
Comments are closed.