നേരും നെറിയും
എ വി അനൂപിന്റെ ‘യൂ ടേൺ’ എന്ന പുസ്തകത്തിന് ഡോ. ഹസ്കർ അലി എഴുതിയ വായനാനുഭവം
കഠിനമായ പരിശ്രമങ്ങളിലൂടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ബിസിനസ് മേഖലയിലും വിജയം നേടിയ വ്യക്തിയാണ് ഡോ. എ. വി. അനൂപ്. മെഡിമിക്സ്, മേളം മസാല, സഞ്ജീവനം ഉൾക്കൊള്ളുന്ന എ. വി. എ. ഗ്രൂപ്പ് ചെയർമാൻ ഡോ. എ.വി. അനൂപിന്റെ ഓർമ്മക്കുറിപ്പുകളാണ് ‘യൂ ടേൺ’ എന്ന പുസ്തകം. 2023 നവംബറിൽ ഷാർജാ ഇന്റർനാഷണൽ ബുക് ഫെസ്റ്റിലാണ് പുസ്തകം പ്രകാശനം നടന്നത്. ഡോ. ശശി തരൂരിന്റെ പ്രൗഡ ഗംഭീരമായ അവതാരിക പുസ്തകത്തിന്റെ ഔന്നിത്യം തന്നെയാണ്. ഡി.സി. ബുക്സാണ് പ്രസാധകർ. 24 അധ്യായങ്ങളുള്ള പുസ്തകമാണ് ‘യൂ ടേൺ’.
എ.വി. അനൂപ് എന്ന ബിസിനസുകാരന്റെ, കലാകാരന്റെ, നാടക പ്രവർത്തകന്റെ പിന്നിട്ട ജീവിതത്തിലെ വ്യത്യസ്ത അനുഭവങ്ങളെ അതിസൂക്ഷ്മമായി അവതരിപ്പിക്കുകയാണ് പുസ്തകത്തിൽ. അതിവ്യാപ്തിയോ അതിശയോക്തിയോ എഴുത്തിൽ വരാതിരിക്കാനുള്ള ശ്രദ്ധ എഴുത്തിലുടനീളം കാണുന്നുണ്ട്.
“മനസ്സിൽനിന്നു വിട്ടുപിരിയാത്ത പല കാര്യങ്ങളുടെയും ഭാഷ്യം തന്നെയാണ് ഈ രചന. ഞാനും ജീവിക്കുന്ന ഈ ഇടവും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പൊക്കിൾകൊടിയായി ഈ എഴുത്തിനെ വിലയിരുത്തുന്നു. ജീവിതം ചീന്തിവെച്ചിരിക്കുന്നു എന്നൊന്നും പറയുന്നില്ല. ഭവിച്ച കാര്യങ്ങൾ പൊടിപ്പും തൊങ്ങലും കൂടാതെ പറയാനാണ് ശ്രമിച്ചത്…”( പുറം.221)
തൃശ്ശൂർ സ്വദേശി അച്ഛൻ എ.ജി. വാസവൻ , അമ്മ ലില്ലിഭായി. അച്ഛൻ സർക്കാർ ജീവനക്കാരനായിരുന്നു. മൂന്നുമക്കളിൽ ഒരു മകനായി ജനിച്ച എവി അനൂപ്, പഠനകാലയളവിൽ ശരാശരി വിദ്യാർത്ഥി ആയിരുന്നു. അതേസമയം കുസൃതിയുടെ കാര്യത്തിൽ ശരാശരിയ്ക്ക് മുകളിലായിരുന്നു. സ്കൂൾ കാലയളവിൽ അനൂപ് കാണിച്ചു കൂട്ടിയ കുസൃതികൾക്ക് കൈയ്യും കണക്കുമില്ല എന്ന് അനൂപ് തന്നെ പറയുന്നുണ്ട്. അതിൽതന്നെ ചില അനുഭവങ്ങളാണ് പുസ്തകത്തിൽ വന്നത്. അതു രേഖപ്പെടുത്തിയതിനു പിന്നിൽ വ്യക്തമായ കാരണങ്ങളുണ്ട്. കേവലം ഈ അനുഭവ വിസ്താരം എന്നതിനുപ്പുറം ചില ചോദ്യങ്ങൾ അനൂപ് ഉന്നയിക്കുന്നുണ്ട്. ബാലാവകാശ നിയമങ്ങൾ ഇത്രമേൽ ശക്തമാവാതിരുന്നതിന്റെ പ്രശ്നങ്ങൾ ചൂണ്ടികാട്ടുന്നുണ്ട്.
‘യാദൃശ്ചികത ‘ എന്ന പദം ഡോ. എ. വി. അനൂപിന്റെ ജീവിതത്തിലെ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ്. കോളേജ് കാലയളവിൽ കഥാമത്സരത്തിന് സഹപാഠിയ്ക്ക് കൂട്ടുപ്പോയി കഥാമത്സരത്തിൽ ഒന്നാം സ്ഥാനം കിട്ടിയതും, ഇൻഡോർ കാണാൻ പോയി ബാഡ്മിന്റൺ ക്യാമ്പിൽ അവസരം ലഭിച്ചതും സെലക്ഷൻ കിട്ടിയതും യാദൃശ്ചികമായിരുന്നു.
ആക്സിമകമായി സംഭവിച്ച അച്ഛന്റെ വിയോഗം പതിനെട്ട് വയസ്സുകാരനിൽ സംഭവിച്ച ആഘാതം വലുതായിരുന്നു. അച്ഛൻ മരിക്കുമ്പോൾ ഫിഷറീസ് ഡയറക്ടർ തസ്തികയിലാണുണ്ടായിരുന്നത്. ജീവിതത്തെ കുറിച്ച് അതുവരെ യാതൊരു ചിന്തയും കാഴ്ചപ്പാടും ആലോചിക്കാത്ത കാലത്താണ് അച്ഛന്റെ മരണം സംഭവിക്കുന്നത്. അച്ഛന്റെ മരണ സമയത്ത് നിയന്ത്രണം വിട്ട് പൊട്ടി കരഞ്ഞ അമ്മാവൻ ഡോ. സിദ്ധനെ ആശ്വസിപ്പാക്കാനുള്ള ശ്രമത്തിൽ അനൂപ് തിരിച്ചറിയുന്നു. “ആ നിമിഷം മുതൽ ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കാൻ പ്രാപ്തിയുള്ള ഒരു പുതിയ മനുഷ്യനായി ഞാൻ മാറുകയായിരുന്നു. (പുറം. 62)
പഠനവും ജീവിതവും ഒന്നിച്ച് മുന്നോട്ടു കൊണ്ടുപോകാനുള്ള വ്യഗ്രത അന്നുണ്ടായി. അളിയന്റെ മെറ്റഡോർ വാൻ ഉപയോഗിച്ച് നടത്തിയ ട്രാവൽ സർവീസ് വിജയം കണ്ടതോടെ ബിസിനസ് ആഗ്രഹം വലുതായി. സർക്കാർ സർവീസിലിരിക്കെ മരണപ്പെട്ട അച്ഛന്റെ ജോലി Dying in Harness ൽ കിട്ടാമെന്നിരിക്കെ അതു വേണ്ടെന്ന് വെയ്ക്കാൻ പല കാരണങ്ങളുമുണ്ട്. സാമ്പത്തികമായി പ്രയാസം നേരിട്ട സന്ദർഭത്തിൽ സർക്കാർ ഓഫിസിൽ കയറിയിറങ്ങിയപ്പോൾ നേരിട്ട ദുരനുഭവം, അനൂപിനെ സർക്കാർ സർവീസിൽ ചേരുന്നതിൽ നിന്ന് പിന്നോട്ടു വലിച്ചു. സർക്കാർ സർവീസിൽ ജോലിയിൽ പ്രവേശിക്കേണ്ടാ എന്ന അനൂപിന്റെ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സമ്മർദ്ദമേറെയുണ്ടായിരുന്നു. സ്വന്തം നിലയ്ക്ക് അവയെല്ലാം അതിജീവിച്ചു എന്നു വേണം കരുതാൻ.
ചെന്നൈയിൽ റെയിൽവെ ഡോക്ടറായിരുന്ന ഡോ. സിദ്ധൻ തുടങ്ങിവെച്ച മെഡിമിക്സ് സോപ്പു നിർമ്മാണ കമ്പിനി തൊഴിലാളി സമരം മൂലം പൂട്ടി കിടക്കുകയായിരുന്നു. പൂട്ടി കിടന്നിരുന്ന ഈ കമ്പിനി ഏറ്റെടുത്ത് തുറക്കാനുള്ള ആവശ്യം മുന്നിലുണ്ടായിരുന്നു. അമ്മാവൻ ഡോ. സിദ്ധന്റെ സ്നേഹപൂർവ്വമായ നിർബന്ധം ഒഴിവാക്കാൻ അനൂപിന് സാധിച്ചില്ല.
ഡോ. സിദ്ധനും മെഡിമിക്സും അനൂപിന്റെ ജീവിതത്തിലെ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ്. മെഡിമിക്സിന്റെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും യു ടേണിൽ സവിസ്തരം വിശദീകരിക്കുന്നുണ്ട്. അമ്മവഴിയുള്ള കുടുംബ പശ്ചാത്തലം ആയുർവേദ പാരമ്പര്യമുള്ളതായതു കൊണ്ടുതന്നെ മെഡിമിക്സ് സോപ്പ് കമ്പിനി പിന്നീട് ജീവിതത്തിന്റെ ഭാഗമായി. ഓരോ വിജയഗാഥയുടെയും പിന്നിലുള്ള കഠിനാധ്വാനവും പ്രയാസങ്ങളും അറിയേണ്ടതു തന്നെയാണ്. ഒരു സുപ്രഭാതത്തിൽ മുളച്ചു പൊന്തുന്ന ഒന്നല്ല വിജയം.
തിരുവനന്തപുരത്ത് അമ്പല നഗറിൽ താമസിക്കുമ്പോൾ കുട്ടുകാരുമായി ചേർന്ന് നടത്തിയ നാടകം ഒരു വഴിതിരിവായിരുന്നു. അന്നത്തെ നാടകം കണ്ട കോന്നിയൂർ നരേന്ദ്രൻ എന്ന AIR സയറക്ടർ ഓഡിയോ ടെസ്റ്റിന് വിളിച്ച കഥ മറക്കാതെ അനുപ് ഇന്നും ഓർത്തെടുക്കുന്നുണ്ട്. ഏതു തിരിക്കിനിടയിലും കലയും അഭിനയവും കൊണ്ടു നടക്കുന്ന സർഗാത്മക വ്യവഹാരിയാണ് എ.വി. അനൂപ്.
സംഘാടനം എന്നത് മികച്ച ഒരു കലയാണ്. അതിൽ അഗ്രഗണ്യനാണ് ഡോ. എ.വി.അനൂപ്. ചെന്നൈയിലും മലയാളി സംഘടനകളിലും വേൾഡ് മലയാളി കൗൺസിലും അനൂപ് നടത്തിയ ഇടപ്പെടലുകൾ ശ്ലാഘനീയമാണ്. കോവിഡ് കാലയളവിൽ വീട്ടിലിരുന്ന് അനൂപ് നടത്തിയ സാമൂഹിക പ്രവർത്തനങ്ങൾ ശ്രദ്ധിക്കപെട്ടിരുന്നു.
ഗുരുവമായുള്ള ആത്മബന്ധത്തിന്റെ തിരുകാഴ്ചകളാണ് യുഗപുരുഷൻ , വിശ്വഗുരു എന്നീ ചലചിത്രങ്ങൾ. ഒട്ടേറെ ഡോക്യൂമെന്ററി ചിത്രങളും നിർമ്മിച്ചിട്ടുണ്ട്. അവയിൽ സംസ്കൃത ഭാഷയിൽ ഉള്ള യാനം എന്ന സയൻസ് ഡോക്യൂമെന്ററി ദേശീയ തലത്തിൽ ശ്രദ്ധനേടിയ ഒന്നാണ്. ഒട്ടേറെ വാണിജ്യ സിനിമകളിലും വിജയം നേടിയ ചലചിത്ര നിർമ്മാതാവാണ് ഡോ. എ. വി. അനൂപ്. കൃസ്ത്യൻ ബ്രദേഴ്സ്, പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകം ,ഗപ്പി എന്നിവ അവയിൽപ്പെടും.
പുസ്തകത്തിന്റെ 18-മത്തെ അധ്യായത്തിൽ വിജയത്തെ നിർവചിക്കുന്ന ഭാഗത്ത് ഇങ്ങനെ പറയുന്നു. “മന:സമാധാനത്തോടെ ഉറങ്ങാൻ കഴിയുന്ന സഹചര്യം സൃഷ്ടിക്കലാണ് വിജയം”. ജീവിതത്തിന്റെ ഏതു മേഖലയിൽ പ്രവർത്തിക്കുന്ന ആരും ആഗ്രഹിക്കുന്ന ഒന്നാണ് മനസമാധാനത്തോടെ ജീവിക്കാനുള്ള , മനസമാധാനത്തോടെ ഉറങ്ങാനുള്ള ആഗ്രഹം. അതിനു നിശ്ചയമായുംവേണ്ട ചില വിജയ മന്ത്രങ്ങൾ ഡോ. എ.വി. അനൂപ് ചൂണ്ടി കാണിക്കുന്നുണ്ട് ഈ പുസ്തകത്തിൽ. കുടുംബ ജീവിതം, ബിസിനസ്സ് , നാടകം , അഭിനയം, ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയവ സമന്വയിപ്പിച്ച് കൊണ്ടുപ്പോകുന്ന മനുഷ്യ സ്നേഹിയാണ് ഡോ. എ.വി. അനൂപ്.
അതുകൊണ്ടുതന്നെ ‘യു ടേൺ’ ൽ ഇനി നമ്മുടെ ടേൺ (Our Turn)ആണ്.
Comments are closed.