ശ്രീ എമ്മിന്റെ ‘യോഗ നിരീശ്വർക്കും’ പ്രകാശനം ചെയ്തു
ശ്രീ എമ്മിന്റെ ‘ യോഗ നിരീശ്വർക്കും ‘ എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയും ശ്രീ എമ്മിന്റെ നേതൃത്വത്തിലുള്ള ഇൻറർനാഷണൽ യോഗ റിസർച്ച് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാറിൽ നടന്ന പ്രകാശനച്ചടങ്ങിൽ ശ്രീ.എം, മുൻ ചീഫ് സെക്രട്ടറി വി.പി. ജോയി , ആർ.സി.സി ഡയറക്ടർ ഡോ. രേഖ എ നായർ, ആർ.ജി. സി ബി ഡയറക്ടർ പ്രൊഫ: ചന്ദ്രഭാസ് നാരായണൻ എന്നിവർ പങ്കെടുത്തു . ‘ യോഗ ആൾസോ ഫോർ ഗോഡ്ലെസ്സ് ‘ എന്ന പുസ്തകത്തിന്റെ മലയാളപരിഭാഷയാണ് ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘ യോഗ നിരീശ്വരർക്കും ’. ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചപ്പോൾ തന്നെ ലോകമെമ്പാടും വളരെയധികം ചർച്ച ചെയ്യപ്പെട്ട ഈ പുസ്തകം കവി ശാന്തനാണ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്.
വിശ്വാസിക്കും അവിശ്വാസിക്കും ഒരു പോലെ ഉപയോഗപ്രദമാണ് ഈ പുസ്തകം. ദൈവം എന്ന ഉപാധിയില്ലാതെ, യോഗയെ പൂർണതയിലേക്ക് പരിശീലിപ്പിക്കുന്നതിനുള്ള പ്രായോഗിക മാർഗദർശിയായി ഈ പുസ്തകം വർത്തിക്കുന്നതോടൊപ്പം, യോഗയെക്കുറിച്ചുള്ള തെറ്റിദ്ധരിക്കപ്പെട്ട ധാരണകൾ മാറ്റുന്നതിനുള്ള ശ്രമം കൂടിയാണ്. സർവ്വശക്തനായ ദൈവം, നിങ്ങളെ നിയന്ത്രിക്കുകയും അവന്റെ ഇച്ഛകൾക്കും ഭാവുകങ്ങൾക്കും അനുസരിച്ച് നിങ്ങളെ സ്വർഗത്തിലേക്കോ നരകത്തിലേക്കോ എറിയുകയും ചെയ്യുന്ന സ്രഷ്ടാവ് അല്ലെങ്കിൽ ദൈവ സങ്കൽപ്പത്തിൽ താൽപ്പര്യമില്ലെന്ന് ഈ പുസ്തകം വ്യാഖ്യാനിക്കുന്നു. മാത്രമല്ല, യോഗയുടെ പരിശുദ്ധിയെ മതപരമായ ആചാരങ്ങളും രാഷ്ട്രീയ-മത സംഘടനകളും മായം കലർത്തുന്നതിൽ നിന്ന് രക്ഷിക്കാനുള്ള പ്രശംസനീയമായ ഒരു ശ്രമമാണ് ഈ പുസ്തകം.
ഗൗഡപാദർക്കും ശങ്കരാചാര്യർക്കും ശേഷം പതഞ്ജലിയുടെ യോഗസൂത്രങ്ങളുടെ വ്യാഖ്യാനമായ ശ്രീ എമ്മിന്റെ ‘ യോഗ നിരീശ്വരർക്കും ‘ എന്ന പുസ്തകം ആദ്ധ്യാത്മിക ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്.
യോഗയുടെ ആമുഖം, ഒരു ഹ്രസ്വ ചരിത്ര വീക്ഷണം, യോഗയുടെ സിദ്ധാന്തവും പരിശീലനവും വിശദീകരിക്കുന്ന സമാധി പാദം, ഓം സ്വരത്തിൻ്റെ വിശദീകരണം എന്നിവ ഉൾപ്പെടുന്ന 9 അധ്യായങ്ങൾ പുസ്തകത്തിൽ ഉൾക്കൊള്ളുന്നു. യോഗ സൂത്രങ്ങളുടെ പ്രായോഗിക വിഭാഗമാണ് സാധനാപാദം. ഇത് ക്ലാസിക്കൽ അഷ്ടാംഗ യോഗയെ ഘട്ടം ഘട്ടമായി വിവരിച്ചിരിക്കുന്നു. ശ്രദ്ധ, ധ്യാനം, സമാധി എന്നിവയിലൂടെ പ്രകൃത്യാതീതമായ ശക്തികൾ, പ്രാപ്തനായ യോഗി എങ്ങനെ കൈവരിക്കുന്നുവെന്ന് വിഭൂതി പാദം വിശദീകരിക്കുന്നു. മനസ്സിനെ വ്യതിചലനങ്ങളിൽ നിന്ന് എന്നെന്നേക്കുമായി മോചിപ്പിച്ചുകൊണ്ട് യോഗിയുടെ ആത്യന്തിക ലക്ഷ്യത്തയൊണ് കൈവല്യപാദം വിശദീകരിക്കുന്നത്.
Comments are closed.