വൈ.എസ്.ആറായി വേഷമിട്ട് മമ്മൂട്ടിയുടെ ‘യാത്ര’; ആദ്യഗാനം പുറത്തു വന്നു
ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ജീവിതകഥയെ ആസ്പദമാക്കി, നടന്‍ മമ്മൂട്ടി നായകനായെത്തുന്ന യാത്ര എന്ന തെലുങ്ക് ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവന്നു. വൈഎസ്ആറിന്റെ ചരമവാര്‍ഷികദിനമായ സെപ്റ്റംബര്‍ രണ്ടിന് പുറത്തിറങ്ങിയ ലിറിക്കല്‍ വീഡിയോയില്‍ മമ്മൂട്ടിയുടെ വേറിട്ട ഗെറ്റപ്പാണ് പ്രധാന ആകര്‍ഷണം. മഹി വി രാഘവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
കാല ഭൈരവയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. സിരിവെണ്ണലെ സീതാരാമ ശാസ്ത്രി രചിച്ചിരിക്കുന്ന വരികള്‍ക്ക് കൃഷ്ണകുമാറാണ് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ യൂട്യൂബിന്റെ ട്രെന്‍ഡിങ്ങ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഈ ഗാനം ഇപ്പോള്‍ ഒന്നാം സ്ഥാനത്താണ്.
ആന്ധ്രാപ്രദേശില്‍ ഏറെക്കാലത്തിന് ശേഷം കോണ്‍ഗ്രസിനെ അധികാരത്തില്‍ തിരികെക്കൊണ്ടുവന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ച വ്യക്തിയാണ് വൈ.എസ്.ആര്‍. അദ്ദേഹം നയിച്ച കാല്‍നട പ്രചാരണ ജാഥയെക്കുറിച്ചാണ് പ്രധാനമായും ചിത്രം പറയുന്നത്. 2004ലാണ് വൈ.എസ്.ആര്‍ ആദ്യം ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയാകുന്നത്. 2009ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ജയിച്ച് കോണ്‍ഗ്രസിനെ ഭരണത്തുടര്‍ച്ചയിലേയ്ക്ക് നയിച്ചു. 2009 സെപ്റ്റംബര്‍ രണ്ടിന് ഹെലികോപ്റ്റര്‍ അപകടത്തിലാണ് വൈ.എസ്. രാജശേഖര റെഡ്ഡി മരിക്കുന്നത്.
Comments are closed.