മലയാറ്റൂരിന്റെ സൈക്കോളജിക്കല്‍ ത്രില്ലര്‍: യക്ഷി
യക്ഷികള്‍ എന്ന പ്രഹേളികയുടെ നിലനില്പിനെപറ്റി പഠനം നടത്തുന്ന ശാസ്ത്രജ്ഞനും കോളജ് പ്രൊഫസറുമാണ് ശ്രീനിവാസന്‍. അവിചാരിതമായി നടക്കുന്ന ഒരു അപകടത്തിനുശേഷം അയാളുടെ ജീവിതത്തിലേക്ക് രാഗിണി എന്ന പെണ്‍കുട്ടി കടന്നുവരുന്നു. തുടര്‍ന്നുള്ള അവരുടെ ജീവിതത്തില്‍ രാഗിണിയുടെ സ്വത്വം ചോദ്യചിഹ്നമാകുന്നു…
യാഥാര്‍ത്ഥ്യവും കാല്പനികതയും നിറഞ്ഞ മലയാറ്റൂര്‍ രാമകൃഷ്ണന്റെ സൈക്കോളജിക്കല്‍ ത്രില്ലറായ യക്ഷി എന്ന നോവലിന്റെ കഥാതന്തു ഇങ്ങനെയാണ്.! കോളജ് അധ്യാപകനായ ശ്രീനിവാസനും രാഗിണിയും തമ്മിലുള്ള സങ്കീര്‍ണ്ണമായ ബന്ധങ്ങളാണ് നോവലിന്റെ ഇതിവൃത്തം. കോളജ് ലാബില്‍വച്ചുണ്ടാകുന്ന അപകടത്തില്‍ ശ്രീനിവാസന് ഗുരുതരമായി പരിക്കേല്‍ക്കുന്നു. മുഖത്തിന്റെ ഒരു ഭാഗം തന്നെ നഷ്ടപ്പെട്ട് വിരൂപനാകുന്ന അയാളെ എല്ലാവരും തള്ളിപ്പറയുന്നു. ഈ ഘട്ടത്തിലാണ് അയാള്‍ സുന്ദരിയായ രാഗിണിയെ പരിചയപ്പെടുന്നത്.
രാഗിണി പെട്ടെന്നുതന്നെ ശ്രീനിവാസനുമായി അടുക്കുന്നു. എന്നാല്‍ അവളോട് അടുക്കുംതോറും അയാളുടെ മനസ്സില്‍ അവള്‍ മനുഷ്യസ്ത്രീയാണോ അതോ യക്ഷിയാണോ എന്ന സംശയം ഉടലെടുക്കുന്നു. വിവാഹത്തിനു ശേഷവും ഈ സംശയം അയാളെ വിട്ടൊഴിയുന്നില്ല. കഥാപാത്രത്തിന്റെ മനസ്സില്‍ തോന്നുന്ന ഈ സംശയങ്ങള്‍ നോവലിന്റെ അവസാനം വരെ കാത്തുസൂക്ഷിക്കുന്നു. കഥാന്ത്യത്തില്‍ മാത്രമാണ് രാഗിണിയെപ്പറ്റി നോവലിസ്റ്റ് പൂര്‍ണ്ണമായും വ്യക്തമാക്കുന്നത്.
1967ല്‍ പ്രസിദ്ധീകൃതമായ യക്ഷി ആ വര്‍ഷം തന്നെ സിനിമയായി. കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സത്യന്‍, ശാരദ എന്നിവര്‍ മുഖ്യവേഷങ്ങള്‍ അവതരിപ്പിച്ചു. 1993ല്‍ ഓഫ് ദ ഷെല്‍ഫ് പരിപാടിയില്‍ ബിബിസി വേള്‍ഡ് സര്‍വീസ്സില്‍ 12 ഖണ്ഡങ്ങളായാണ് യക്ഷി പ്രക്ഷേപണം ചെയ്തത്. കൂടാതെ 2011ല്‍ ശാലിനി ഉഷ നായര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദ് ഫാസില്‍ , അനുമോള്‍ എന്നിവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച അകം എന്ന മലയാള ചിത്രവും യക്ഷിയെ ആസ്പദമാക്കിയാണ് നിര്‍മിച്ചിരിക്കുന്നത്. വിഭ്രാന്തിയിലേയ്ക്കും അനുഭൂതിയികളിലേയ്ക്കും നയിക്കുന്ന യക്ഷി തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്തു. പ്രസിദ്ധീകൃതമായ നാള്‍മുതല്‍ വായനക്കാര്‍ തേടിയെത്തുന്ന നോവലിന്റെ 22-ാമത് പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി.
മലയാറ്റൂര്‍ രാമകൃഷ്ണന്‍ 1927 മേയ് 30ന് പാലക്കാട് ജില്ലയിലെ പുതിയ കല്‍പാത്തിയില്‍ ജനിച്ചു. 1955ല്‍ മട്ടാഞ്ചേരിയില്‍ രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. 1958ല്‍ ഐഎഎസ് ലഭിച്ചു. സബ് കലക്ടര്‍, കലക്ടര്‍, വകുപ്പ് മേധാവി, ഗവണ്‍മെന്റ് സെക്രട്ടറി, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ചെയര്‍മാനും എംഡിയും, റവന്യൂ ബോര്‍ഡ് മെമ്പര്‍ എന്നീ നിലകളില്‍ ജോലി നോക്കി. 1981 ഫെബ്രുവരിയില്‍ ഐഎഎസ്സില്‍ നിന്ന് രാജിവച്ചു. ഏഴു വര്‍ഷക്കാലം മലയാറ്റൂര്‍ രാമകൃഷ്ണന്‍ ലളിതകലാ അക്കാദമി ചെയര്‍മാനായിരുന്നു. മലയാറ്റൂരിന്റെ ഇരുപതിലധികം കൃതികള്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വേരുകള്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും യന്ത്രം വയലാര്‍ അവാര്‍ഡും സാഹിത്യ പ്രവര്‍ത്തക അവാര്‍ഡും നേടിയിട്ടുണ്ട്. 1997 ഡിസംബര്‍ 27ന് അദ്ദേഹം അന്തരിച്ചു.
Comments are closed.