‘യാ ഇലാഹി ടൈംസ്’ പ്രവാസജീവിതത്തിലെ ഉള്‍ക്കാഴ്ചകള്‍
2018ലെ ഡി.സി നോവല്‍ സാഹിത്യ പുരസ്‌കാരം ലഭിച്ച കൃതിയാണ് അനില്‍ ദേവസ്സിയുടെ യാ ഇലാഹി ടൈംസ്. പ്രവാസജീവിതത്തിലൂടെ ലഭിച്ച അറിവും അനുഭവങ്ങളും പശ്ചാത്തലമാക്കിയാണ് അനില്‍ ദേവസ്സി ഈ നോവല്‍ എഴുതിയിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രസിദ്ധീകൃതമാകുന്ന ആദ്യ നോവലാണ് ‘യാ ഇലാഹി ടൈംസ്.’ ഡി.സി ബുക്‌സ് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കൃതിയുടെ ആദ്യപതിപ്പ് ഇപ്പോള്‍ വായനക്കാര്‍ക്കു ലഭ്യമാണ്.
ദുബായ് നഗരത്തെ കേന്ദ്രമാക്കിയാണെങ്കിലും സിറിയ, തുര്‍ക്കി, കാനഡ, ഈജിപ്റ്റ്, ശ്രീലങ്ക, ഇന്ത്യ തുടങ്ങിയ വിവിധ ദേശങ്ങളിലെ മനുഷ്യാവസ്ഥകളെ പ്രമേയമാക്കുന്ന പല അടരുകളുള്ള ആഖ്യാനമാണ് യാ ഇലാഹി ടൈംസ് എന്ന നോവലിന്റേത്. പലവിധ സ്വത്വങ്ങളുള്ള കഥാപാത്രങ്ങളുടെ ജീവിതവ്യഗ്രതകള്‍ കൃതിയുടെ ഭാവതലത്തെ സാന്ദ്രമാക്കുന്ന കാഴ്ചയാണ് വായനക്കാരനു മുന്നില്‍ തെളിയുന്നത്. ദുരന്തങ്ങളിലൂടെ നീങ്ങുന്ന കഥാഗതിയില്‍ ഉപാഖ്യാനങ്ങള്‍ ഇടകലരുന്നു. ഇവയ്ക്കിടയിലൂടെ പുതിയ കാലത്തിന്റെ സംഘര്‍ഷങ്ങളും ഈ നോവലില്‍ സമര്‍ത്ഥമായി ആവിഷ്‌ക്കരിച്ചിരിക്കുന്നു.
അനില്‍ ദേവസ്സി-തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടി സ്വദേശിയാണ് . 2018-ലെ കൃതി സാഹിത്യോത്സവത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ കാരൂര്‍ നീലകണ്ഠപിള്ള സ്മാരക ചെറുകഥാമത്സരത്തില്‍ രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട്. നന്മ സി.വി.ശ്രീരാമന്‍ കഥാപുരസ്‌കാരം, കലാകൗമുദി കഥാപുരസ്‌കാരം, ദുബായ് പാം അക്ഷരതൂലിക കഥാപുരസ്‌കാരം, പുന്നപ്ര ഫൈന്‍ ആര്‍ട്‌സ് കഥാപുരസ്‌കാരം, വയനാട് ശ്രീലത ടീച്ചര്‍ സ്മാരക ചെറുകഥാ പുരസ്‌കാരം, പാലക്കാട് ഫിലിം സൊസൈറ്റി കഥാപുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
Comments are closed.