XANADU വിൽ നിന്നും തത്സമയം ഹരികൃഷ്ണൻ ജി.ജി
ആൺകഴുതകളുടെ XANADU വിനെ ഹരികൃഷ്ണൻ ജി.ജി. കുറിക്കുന്നത്
2017ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ഒരു കഥയാണ് ആൺകഴുതകളുടെ XANADU. ഒരുവട്ടം വായിച്ചവരാരും മറക്കാൻ ഇടയില്ലാത്ത കഥ. അത്രമേൽ സങ്കീർണ്ണമാണ് സാനഡു എന്നതുകൊണ്ടുതന്നെ കാലങ്ങളോളം നിങ്ങളുടെ മനസ്സിൽ അലിഞ്ഞു തീരാതെ കിടക്കാൻ അതിനാകും. സങ്കീർണ്ണതകൊണ്ട് വ്യത്യസ്ഥമായ മലയാളകഥകളെപ്പറ്റി ഓർക്കുമ്പോൾ സാനഡു ഉളളിൽ ഒരു കോണിൽ നിന്നും തലപൊക്കും. കാലാന്തരത്തിൽ എഴുത്തുകാരൻ്റെ പേര് മറന്നുതുടങ്ങി, എവിടെയോ എന്തൊക്കെയോ ഓർമ്മയുള്ളതുപോലെമാത്രം. അതിനിടെയാണ് ഒരു ഫെയിസ്ബുക് സുഹൃത്തിൻ്റെ പ്രൊഫൈലിൽ, വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകങ്ങളെപ്പറ്റിയുള്ള പോസ്റ്റിലെ ചിത്രങ്ങളിലൊന്നായി ആൺകഴുതകളുടെ XANADU കണ്ണിൽപ്പെട്ടത്. തേടിയവള്ളി കാലിൽചുറ്റിയ സന്തോഷം കമൻ്റുബോക്സിൽ പ്രകടിപ്പിച്ചു, അത് എഴുത്തുകാരനിലേയ്ക്കുള്ള വഴിയായി, സാനഡുവിലേയ്ക്കും.
സാനഡു എന്നാൽ മാന്ത്രികകൊട്ടാരം എന്നാണത്രെ അർത്ഥം. ഒൻപത് കഥകളുടെ ഈ സമാഹാരത്തിന് ഏറ്റവും ചേരുന്ന പേര് ആൺകഴുതകളുടെ XANADU എന്നതുതന്നെ. തികച്ചും വ്യത്യസ്ഥമായ ആഖ്യാന ഘടനകളും പ്രമേയങ്ങളുമാണ് ഈ ഒൻപത് കഥകൾക്കും. സിനിമയിലേയ്ക്കുള്ള ഒളിച്ചുവയ്ക്കാത്ത നോട്ടങ്ങൾ കഥകളുടെ പൊതുസവിശേഷതകളിൽ ഒന്നായി പറയാം.
പുസ്തകത്തിൽ ഏറ്റവും വൈകാരികമായി സ്പർശിച്ച കഥ ഏതാണ്? “മൂന്നു ദിവസം കൊണ്ട് എഴുതാവുന്ന ജീവിതം” എന്നാണ് അതിൻ്റെ ഉത്തരം. റൈറ്റേഴ്സ് ബ്ലോക്ക് എന്ന ഭൂതത്തെ തോൽപ്പിക്കാൻ ഗോലിയാത്തിനെ കവണകൊണ്ട് തോൽപ്പിച്ച ദാവീദിനെപ്പോലെ എഴുത്തുമേശയ്ക്ക് മുന്നിലിരിക്കുന്ന കഥാകാരൻ സ്വന്തം മാതാപിതാക്കളുടെ ജീവിതത്തിലൂടെ നടത്തുന്ന ഒരു യാത്രയാണ് ഈ കഥ. സിനിമാ സ്വപ്നവുമായി ഊരുതെണ്ടി നടക്കുന്നവനായി സ്വന്തം നേർക്ക് കൈചൂണ്ടുന്ന ആ യുവാവിൻ്റെ കഥകളിൽ സിനിമ തെളിഞ്ഞുതന്നെ നിൽക്കുന്നത് സ്വാഭാവികം.
പുസ്തകത്തിലെ ആദ്യ കഥ “പേന” ഈ പുസ്തകത്തിലെ മറ്റ് കഥകളിലേയ്ക്കുള്ള ആമുഖം കൂടിയാണ് എന്നു തോന്നുന്നു. സിനിമയും ഭ്രാന്തമായ കഥയെഴുത്ത് ശൈലിയും പേനയിൽ തുടങ്ങുന്നു. തട്ടകത്തിൻ്റെ നാഥൻ കോവിലനെ ഓർക്കാതെ പേന വായിച്ചു തീർക്കാനാകില്ല. തട്ടകത്തിൻ്റെ തട്ടകത്തിൽ നിന്ന് ഇതാ ഒരു കഥാകാരൻ കഥയെഴുത്തിൻ്റെയും ഭാഷയുടെയും മാമൂലുകളെയൊക്കെ തെറ്റിച്ച് സഞ്ചാരം തുടങ്ങിയിരിക്കുന്നു എന്ന സൂചനയുമാവാം. തുടർന്ന് “മൂന്നു ദിവസം കൊണ്ട് എഴുതാവുന്ന ജീവിതം”, “ഒട്ടും സ്കോപ്പില്ലാത്ത പ്രണയകഥ” എന്നീ കഥകൾക്കു ശേഷം പുസ്തകത്തിലെ ഏറ്റവും ഗംഭീരമായ രണ്ടു കഥകൾ Chat with ടാബൂ ഹീറോയിൻ, ആൺകഴുതകളുടെ XANADU എന്നിവ.
നൂഹിൻ്റെ സ്വപ്നത്തിൽ ഫൈനൂസത്ത് വന്ന് കഥ പറയുന്നത് കാണുമ്പോൾ ദാമ്പത്യത്തിലെ വിശ്വാസവഞ്ചനയിൽ മനംനൊന്ത് കനത്ത സ്ത്രീവിരുദ്ധനായി മാറിയ ഷെഹരിയാർ രാജാവിനോട് മരണമുനമ്പിൽ ഇരുന്ന് കഥ പറയുന്ന ഷെഹ്റസാദിനെയാണ് ഓർമ്മവന്നത്. ആയിരം രാവുകൾ കഥകേട്ട രാജാവിൻ്റെ അകക്കണ്ണ് തുറന്നു. കഥകളുടെ ശക്തിയിൽ നമുക്ക് വിശ്വസിക്കാം. XANADU തകർന്നു വീഴുകയും അവിടെ സമത്വ സുന്ദരമായ ഒരു പുതുലോകം ഉയർന്നുവരികയും ചെയ്യട്ടെ…
~XANADU വിൽ നിന്നും തത്സമയം ഹരികൃഷ്ണൻ ജി.ജി.
പുസ്തകം : ആൺകഴുതകളുടെ XANADU
എഴുതിയത് : പി. ജിംഷാർ ( P Jimshar )
പ്രസാധനം: ഡി.സി. ബുക്സ്..