കഥാകൃത്ത് സതീഷ് ബാബു പയ്യന്നൂർ അന്തരിച്ചു
കഥാകൃത്തും നോവലിസ്റ്റും കേരള സാഹിത്യഅക്കാദമി അവാർഡ് ജേതാവുമായ സതീഷ് ബാബു പയ്യന്നൂർ അന്തരിച്ചു. വഞ്ചിയൂരിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് കണ്ടെത്തുകയായിരുന്നു.
സ്‌കൂൾ കാലഘട്ടം മുതൽ കഥയെഴുതിത്തുടങ്ങിയ മലയാളത്തിലെ അപൂർവ്വം എഴുത്തുകാരിൽ ഒരാളാണ് അദ്ദേഹം. നിരവധി ചെറുകഥകളും നോവലുകളും എഴുതുകയും, ടെലിവിഷൻ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുമുണ്ട്. കേരള ചലച്ചിത്ര അക്കാദമി അംഗമായിരുന്നു. 1992-ൽ പുറത്തിറങ്ങിയ നക്ഷത്രക്കൂടാരം എന്ന സിനിമയ്ക്ക് തിരക്കഥയും രചിച്ചു. 2012 ലെ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ പുരസ്‌കാരം അദ്ദേഹത്തിന്റെ പേരമരം എന്ന കൃതിയ്ക്ക് ലഭിച്ചു. മണ്ണ്, വിലാപ വൃക്ഷത്തിലെ കാറ്റ്, ഉൾഖനനങ്ങൾ, ന്യൂസ് റീഡറും പൂച്ചയും, വൃശ്ചികം വന്നു വിളിച്ചു, കലികാൽ, കമലഹാസൻ അഭിനയിക്കാതെ പോയ ഒരു സിനിമ, ഏകാന്ത രാത്രികൾ, കുടമണികൾ കിലുങ്ങിയ രാവിൽ എന്നിവയാണ് പ്രധാന കൃതികൾ.
പാലക്കാട് ജില്ലയിലെ പത്തിരിപ്പാലയാണ് ജന്മസ്ഥലം. ഏറെക്കാലം സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ ഉദ്യോഗസ്ഥനായിരുന്നു. കേരള സാംസകാരിക വകുപ്പിന്റെ കീഴിലുള്ള ഭാരത് ഭവൻ മുൻ മെമ്പർ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
Comments are closed.