DCBOOKS
Malayalam News Literature Website

കൊച്ചിയിലെ ‘ആല്‍കെമിസ്റ്റ്’നെ കണ്ടെത്തി പൗലോ കൊയ്‌ലോ

ലോകപ്രശസ്ത ബ്രസീലിയന്‍ എഴുത്തുകാരന്‍ പൗലോ കൊയ്‌ലോ പങ്കുവെച്ച ചിത്രത്തിന് പിന്നാലെയാണ് കഴിഞ്ഞ രണ്ട് ദിവസമായി മലയാളികള്‍. എറണാകുളം പറവൂരില്‍ രജിസ്റ്റര്‍ ചെയ്ത ആല്‍കെമിസ്റ്റ് എന്ന പേരിലുള്ള  സിഎന്‍ജി ഓട്ടോയുടെ ചിത്രമാണ് പൗലോ കൊയ്‌ലോ പങ്കുവെച്ചിരിക്കുന്നത്. നന്ദി എന്ന കുറിപ്പോടു കൂടിയാണ് പൗലോ കൊയ്‌ലോ ഓട്ടോയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളില് പങ്കുവെച്ചത്.

 

ഓട്ടോയുടെ പിന്‍വശത്തായി എഴുത്തുകാരന്റെ പേര് ഇംഗ്ലീഷിലും  ആല്‍കെമിസ്റ്റ് എന്ന് മലയാളത്തിലുമാണ് എഴുതിയിരിക്കുന്നത്. നിരവധി മലയാളികളാണ് ചിത്രത്തിന് കമന്റുമായി Textഎത്തിയിരിക്കുന്നത്.

പൗലോ കൊയ്‌ലോയോടുള്ള ആരാധന മൂത്ത് 15 വര്‍ഷം മുമ്പാണ് ചെറായി സ്വദേശി കണക്കാട്ടുശേരിയിൽ പ്രദീപ് ഓട്ടോക്ക് ആല്‍കെമിസറ്റ് എന്ന് പേരിടുന്നത്. മൂന്ന് തവണ ഓട്ടോ മാറ്റിയെങ്കിലും പ്രദീപ് പേര് മാറ്റിയില്ല.

പൗലോ കൊയ്‌ലൊ ആദ്യമായല്ല കേരളത്തില്‍ നിന്നുളള ചിത്രം പങ്കുവയ്ക്കുന്നത്. മുമ്പ് ആലുവയില്‍ ആല്‍കെമിസറ്റ് ഉള്‍പ്പടെയുള്ള പുസ്തകങ്ങളുടെ മാതൃകയില്‍ തീര്‍ത്ത ബുകസ്റ്റോറിന്റെ ചിത്രവും പൗലോ കൊയ്‌ലോ ഷെയര്‍ ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളില്‍ മലയാളത്തില്‍ പോസ്റ്റ് ചെയ്തുകൊണ്ട് നേരത്തെയും കേരളത്തിലെ ആരാധകരെ അദ്ദേഹം ഞെട്ടിച്ചിട്ടുണ്ട്.

ലോകത്തില്‍ ഏറ്റവുമധികം വായിക്കപ്പെടുന്ന വിദേശ എഴുത്തുകാരിലൊരാളാണ് പൗലോ കൊയ്‌ലോ. അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസ് നോവലാണ് ആല്‍കെമിസ്റ്റ്. 1988ലാണ് പുസ്തകം ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. പോര്‍ച്ചുഗീസ് ഭാഷയില്‍ രചിക്കപ്പെട്ട ഈ നോവല്‍ 67 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. പുസ്തകത്തിന്റെ മലയാളം വിവര്‍ത്തനം ഡിസി ബുക്‌സാണ് പ്രസിദ്ധീകരിച്ചത്.

ഡിസി ബുക്സ് പ്രസിദ്ധീകരിച്ച  പൗലോ കൊയ്‌ലോയുടെ  പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യുക.

 

Comments are closed.