ഹിന്ദി സാഹിത്യകാരൻ നരേന്ദ്ര കോലി അന്തരിച്ചു
ന്യൂഡൽഹി ; പുരാണകഥകളുടെ പുനരാഖ്യാനത്തിലൂടെ ശ്രദ്ധേയനായ ഹിന്ദി സാഹിത്യകാരൻ നരേന്ദ്ര കോലി (81) അന്തരിച്ചു. കോവിഡ് ബാധിച്ചു വെന്റിലേറ്ററിലായിരുന്നു. ബ്രിട്ടിഷ് ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിൽ 1940ൽ ജനിച്ച അദ്ദേഹം വിഭജനത്തിനു ശേഷം ബിഹാറിലെ ജംഷഡ്പുരിലേക്കു മാറി. ഡൽഹി സർവകലാശാലയിൽനിന്നു പിഎച്ച്ഡി നേടി. 3 പതിറ്റാണ്ടോളം മോത്തിലാൽ നെഹ്റു കോളജിൽ പ്രഫസറായിരുന്നു.
അൻപതിലേറെ കൃതികൾ പ്രസിദ്ധീകരിച്ചു. മിക്ക രചനകളും പാഠപുസ്തകങ്ങളായി.
രാമകഥയെ ആധാരമാക്കി രചിച്ച അഭ്യുദയ് (2 ഭാഗങ്ങൾ), മഹാഭാരതകഥയുടെ പശ്ചാത്തലത്തിൽ രചിച്ച മഹാസമർ (8 ഭാഗങ്ങൾ), സ്വാമി വിവേകാനന്ദന്റെ ജീവിതത്തെ ആസ്പദമാക്കിയ തോഡോ കാരാ തോഡോ (4 ഭാഗങ്ങൾ), ന ഭൂതോ ന ഭവിഷ്യതി എന്നിവ പ്രസിദ്ധമാണ്. വ്യാസ സമ്മാൻ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടി. 2017ൽ രാഷ്ട്രം പത്മശ്രീ നൽകി ആദരിച്ചു.
Comments are closed.