ജയമോഹന്റെ ലോകങ്ങള്‍
ഫെബ്രുവരി ലക്കം പച്ചക്കുതിരയില്‍
സംഭാഷണം- ജയമോഹന്‍ / കെ.സി. നാരായണന്‍
കാരണം സിനിമ എന്റെ മീഡിയം അല്ല. മറ്റൊന്നും ഇല്ല. പക്ഷേ, സിനിമയില്‍ ചെറിയ ഭാഗങ്ങളില്‍ ജയമോഹന്‍ ഉണ്ടാകും. അവിടെ ഇവിടെ ഒക്കെയായി. ‘നാന്‍ കടവുള്‍’ കണ്ടാല്‍ അറിയാം. അതില്‍ യാചകരുടെ ലോകത്ത്, കാശിയുടെ ലോകത്ത് ഒരു ജയമോഹന്‍ ഉണ്ടാകും.’നാന്‍ കടവുള്‍’ സിനിമയിയില്‍ രുദ്രന്‍ ക്ഷേത്രത്തിലെ വിളക്കില്‍ നിന്ന് ഒരു ബീഡി കത്തിക്കുകയാണ്. അഘോരിയാണയാള്‍. അപ്പോള്‍ ഒരു പൂജാരി പറയുന്നുണ്ട്. ദൈവത്തിന്റെ വിളക്ക് നാശപ്പെടുത്തി. അപ്പോള്‍ അയാള്‍ പറയും ”തീക്കെന്തെടാ ശുദ്ധവും അശുദ്ധവും.” ഇത് എഴുതുന്നത് ജയമോഹനാണ്. അത്ര മാത്രമേ സിനിമയില്‍ എന്റെ സാന്നിധ്യം ഉള്ളൂ.
മലയാളിക്ക് പ്രിയപ്പെട്ട എഴുത്തുകാരാണ് ജയമോഹനും കെ.സി. നാരായണനും. തമിഴ് സാഹിത്യത്തില്‍ അരികുവല്‍ക്കരിക്കപ്പെട്ടവരുടെ ജീവിതം പലവിധം പകര്‍ത്തിയ ജയമോഹനെ മലയാളി സ്വന്തം എഴുത്തുകാരനായി തന്നെയാണ് വായിക്കുന്നത്. മാധ്യമപ്രവര്‍ത്തകനും ഭാഷാപോഷിണി മുന്‍ എഡിറ്ററുമായ
കെ.സി. നാരായണന്‍ അരനൂറ്റാണ്ടുകാലമായി മലയാള സാംസ്‌കാരിക ലോകത്ത് പല തരത്തില്‍ ഇടപ്പെട്ടു
കൊണ്ടിരിക്കുന്നു. കെ.എല്‍.എഫ് വേദിയില്‍ അവസാന ദിവസം ഇരുവരും സംഭാഷണത്തിലേര്‍പ്പെട്ടു.
‘അരികുവല്‍ക്കരിക്കപ്പെട്ടവരുടെ ജീവിതമെഴുതുേമ്പാള്‍’ എന്ന വിഷയത്തിലായിരുന്നു സംഭാഷണം.
കെ.സി. നാരായണന്‍: ഇപ്പോള്‍ ഒരു സന്തോഷവാര്‍ത്ത എനിക്ക് പറയാനുണ്ട്. ജയമോഹന്റെ 1997 ല്‍ പ്രസിദ്ധീകരിച്ച ‘വിഷ്ണുപുരം’ എന്ന നോവലിന്റെ ഇരുപത്തിയഞ്ചാമത്തെ പതിപ്പ് ഇന്ന് പ്രകാശനം ചെയ്യുകയാണ്. ഞാന്‍ അദ്ദേഹേത്താട് ചോദിച്ചു, ഒരു പതിപ്പ് എത്ര കോപ്പി അടിക്കും. 1200 കോപ്പിയാണ് അടിക്കുക. അപ്പോള്‍ ഈ നോവല്‍ 30,000 ത്തിലധികം കോപ്പി വിറ്റുപോയിരിക്കുന്നു. ആ നോവല്‍ 1500 പേജ് ഉള്ളതാണ്. വിഷ്ണുപുരം അദ്ദേഹത്തിന്റെ താരതമ്യേന ചെറിയ നോവലാണ്. ‘വെണ്‍ മുരശ്’ എന്ന നോവല്‍ ആയിരം പേജുകള്‍ വീതമുളള 18 വോള്യങ്ങള്‍ അടങ്ങുന്ന ബൃഹത്താകാര നോവലാണ്. അതും ഇതുപോലെ പത്തും പതിനഞ്ചും പതിപ്പുകളായി.
ഇതിനു പുറമേ അദ്ദേഹം വര്‍ഷത്തില്‍ അഞ്ചു പടങ്ങള്‍ക്ക് എങ്കിലും തിരക്കഥ എഴുതും. ജയമോഹന്റെ ദിനചര്യ അറിഞ്ഞാല്‍ നിങ്ങള്‍ അത്ഭുതപ്പെടും. രാവിലെ എഴുന്നേറ്റു കഴിഞ്ഞാല്‍ 5 മണിക്ക് ലാപ്‌ടോപ്പിനു മുന്നില്‍ ഇരിക്കും. വൈകുന്നേരം 3 മണി വരെ എഴുത്താണ്. അന്ന് എഴുതിയത് അദ്ദേഹത്തിന്റെ സൈറ്റില്‍ ഇടും 70000 ഫോളോവേഴ്‌സ് ആണ് ജയമോഹന് ഉള്ളത്. ലോകത്തെങ്ങുമുള്ള വായനക്കാരുടെ ഒരു സദസ്സ്. ഇത് ജയമോഹന്‍ സ്വന്തമായി ഉണ്ടാക്കിയെടുത്തതാണ്. 1991 ലാണ് ജയമോഹന്റെ ആദ്യത്തെ നോവല്‍ ‘റബ്ബര്‍’ വന്നത്. ഞാന്‍ ചോദിച്ചു, എത്ര കോപ്പി അന്ന് അടിച്ചിട്ടുണ്ട്. 400 കോപ്പി. അത് നാല് കൊല്ലം കൊണ്ട് വിറ്റുപോയി. ഒരു വര്‍ഷം 100 കോപ്പി. അതാണ് അന്നത്തെ ശരാശരി വില്പന. മാത്രമല്ല അന്ന് തമിഴ് സാഹിത്യം അങ്ങനെയായിരുന്നു. പ്രധാനമായി ആനന്ദവികടന്‍, കുമുദം തുടങ്ങിയ സാഹിത്യ മാസികകള്‍ക്കായിരുന്നു അതില്‍ ആധിപത്യം. മറ്റു യഥാര്‍ത്ഥമായ വാല്യു ഉള്ള കവികളും എഴുത്തുകാരും ഒരുതരം ഗറില്ലകളെപോലെ കാടുകളില്‍ ഒളിച്ചു ജീവിക്കുകയായിരുന്നു. വളരെക്കുറച്ച് കോപ്പികള്‍മാത്രം അടിക്കുന്ന ചെറുകിട മാഗസിനുകളില്‍ ആണ് അവര്‍ എഴുതുക. അങ്ങനെ ഒരു അവസ്ഥയില്‍ നിന്ന് ഈ ഇന്റര്‍നെറ്റ് യുഗത്തില്‍, ഇന്റര്‍നെറ്റിനെ സമര്‍ഥമായി ഉപയോഗപ്പെടുത്തിക്കൊണ്ട് ജയമോഹന്‍ ഒരു വലിയ വായനക്കാരുടെ സമൂഹത്തെ ഉണ്ടാക്കി.
മാത്രമല്ല മണിരത്‌നത്തിന്റെ സിനിമയ്ക്കും അതുപോലെ മറ്റു സിനിമകളില്‍ നിന്നുമൊക്കെ കിട്ടുന്ന പ്രതിഫലം അദ്ദേഹം സൂക്ഷിച്ചു വയ്ക്കുക അല്ല. ഇതുപോലുള്ള ഉത്സവങ്ങള്‍ അദ്ദേഹം സ്വന്തം കൈയില്‍ നിന്ന് കാശ് ചിലവാക്കി നടത്തും. ഞാന്‍ പോയിട്ടുണ്ട്, കോയമ്പത്തൂരില്‍ ജയമോഹന്‍ സംഘടിപ്പിച്ച രണ്ടുദിവസത്തെ ക്യാമ്പില്‍. അവിടെ വരുന്ന എല്ലാവര്‍ക്കും ഹോട്ടല്‍ ബുക്കിംഗ്, ട്രാവല്‍ ചെലവുകള്‍ നല്‍കും. അതെല്ലാം കഴിഞ്ഞ്, ഏറ്റവും മികച്ച കഥാകൃത്തിനും ഏറ്റവും മികച്ച കവിക്കും ഒരു ലക്ഷം രൂപ വീതം സമ്മാനം നല്‍കും. ഇതൊക്കെ ജയമോഹനാണ് കൊടുക്കുക. അങ്ങനെ വറ്റിപ്പോയ പുഴയെ വീണ്ടെടുക്കുന്ന പോലെയാണ് ജയമോഹന്‍ തമിഴ് വായനക്കാരുടെ ഒരു വലിയ സമൂഹത്തെ വീണ്ടെടുത്തത്. നോവല്‍ മാത്രമല്ല, കഥയെഴുതും. ലേഖനം എഴുതും. വിമര്‍ശന ലേഖനങ്ങള്‍ എഴുതും. സാഹിത്യം മാത്രമല്ല ആത്മീയത, രാഷ്ട്രീയം ഇങ്ങനെ നാനാ വിഷയങ്ങളെക്കുറിച്ചും എഴുതും. അതൊക്കെ വളരെ വിവാദവുമാകും. അദ്ദേഹത്തിന് കിട്ടിയത്ര തെറി, സ്തുതി എന്നിവ രണ്ടും മറ്റൊരു തമിഴ് എഴുത്തുകാരനും കിട്ടിക്കാണില്ല. തമിഴ്‌നാട്ടില്‍ ഉള്ള പോലെ തന്നെ അദ്ദേഹത്തിന് മലയാളത്തിലും വായനക്കാരുണ്ട്. അതാണ് ഈ സദസ്സ് കാണിക്കുന്നത്. ഇന്നിപ്പോള്‍ ജയമോഹനോട് ആരോ ചോദിച്ചു പോലും ഇതൊക്കെ എങ്ങനെ സാധിക്കുന്നുവെന്ന്. അതിന് ഉത്തരം ഒന്നു പറഞ്ഞാല്‍ മതി.
പൂര്‍ണ്ണരൂപം 2023 ഫെബ്രുവരി ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഫെബ്രുവരി ലക്കം ലഭ്യമാണ്
Comments are closed.