ഇന്ന് ലോക നഴ്സസ് ദിനം; ഭൂമിയിലെ മാലാഖമാർക്കായി ഒരു ദിനം
ലോകമെമ്പാടുമുള്ള നേഴ്‌സ് സമൂഹം മെയ് 12 ലോക നേഴ്‌സസ് ദിനമായി ആചരിക്കുന്നു. ചരിത്രത്തില്‍ ആദ്യമായി നേഴ്‌സുമാര്‍ക്ക് ഒരു ദിനം നീക്കിവെക്കുന്നത് 1953ല്‍ ആണ്. എന്നാല്‍ 1974ലാണ് മെയ് 12 ലോക നേഴ്‌സുമാരുടെ ദിനമായി പ്രഖ്യാപിക്കപ്പെട്ടത്. ആധുനിക നേഴ്‌സിംഗിന്റെ സ്ഥാപകയായ ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് ഇത്. നേഴ്‌സുമാരുടെ സമൂഹം ലോകത്തിന് നല്‍കിയിട്ടുള്ള സേവനങ്ങളെ വിലമതിക്കുന്നതിനാണ് ഈ ദിനം ലോകമെമ്പാടും നേഴ്‌സസ് ഡേ ആയി ആചരിക്കുന്നത്. മഹാമാരിക്കാലത്ത് ഒരു നഴ്സസ് ദിനം കൂടിയെത്തുമ്പോൾ ഹൃദയപൂര്‍വ്വമായ ആശംസകള്‍ കൊണ്ടു നമുക്കിവരെ ചേര്‍ത്തുവെക്കാം.
ഇറ്റലിയിലെ ഫ്ലോറൻസ് നഗരത്തിലെ ഒരു ധനിക കുടുംബത്തിലായിരുന്നു ഫ്ലോറൻസ് നൈറ്റിങ്ഗേലിന്‍റെ ജനനം. എല്ലാ സുഖ സൗകര്യങ്ങളും നൽകിയാണ് മാതാപിതാക്കൾ ഫ്ലോറൻസിനെ വളർത്തിയത്. എന്നാൽ പാവപ്പെട്ടവരെയും രോഗികളെയും ശുശ്രൂഷിക്കാനായിരുന്നു ഫ്ലോറൻസിന് താൽപ്പര്യം. അതിനായി അവർ ആ കാലത്ത് ഏറ്റവും മോശപ്പെട്ട ജോലിയായി കരുതിയിരുന്ന നഴ്സിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ക്രീമിയൻ യുദ്ധ കാലത്ത് മുറിവേറ്റ പട്ടാളക്കാരെ ശുശ്രൂഷിക്കുന്നതിനായി ഫ്ലോറന്‍സ്, അവര്‍ തന്നെ പരിശീലനം നൽകിയ 38 നേഴ്‌സുമാരോടൊന്നിച്ച് സ്‌കൂട്ടാരിയിലെ പട്ടാള ക്യാമ്പിലേക് പോയി. അവിടുത്തെ അവരുടെ കഠിനാധ്വാനമാണ് അവരെ ലോകം അറിയുന്ന വനിതയാക്കി തീർത്തത്. പകൽ ജോലി കഴിഞ്ഞാൽ രാത്രി റാന്തൽ വിളക്കുമായി ഓരോ രോഗിയെയും നേരിട്ട് കണ്ടു അവർ സുഖാന്വേഷണം നടത്തി. വിളക്ക് കയ്യിലേന്തിവരുന്ന അവർ രോഗികൾക്ക് മാലാഖയായി.
പിന്നീട് ഫ്ലോറൻസ് നഴ്സിങ് പരിശീലനത്തിനായി ഒരു കേന്ദ്രം ആരംഭിച്ചു. നിരവധിപേർക്ക് അവിടെ പരിശീലനം നൽകി. 1883ൽ വിക്ടോറിയ രാജ്ഞി ഫ്ലോറൻസിന് റോയൽ റെഡ് ക്രോസ്സ് സമ്മാനിച്ചു. 1907ൽ ഓർഡർ ഓഫ് മെറിറ്റ് നേടുന്ന ആദ്യത്തെ വനിതയായി. ആതുര ശുശ്രൂഷ രംഗത്തിന് സമൂഹത്തിൽ മാന്യതയുണ്ടാക്കിയ ‘വിളക്കേന്തിയ മാലാഖ’ 1910 ആഗസ്റ്റ് 13ന് അന്തരിച്ചു. ഇന്ന്, നഴ്സിങ് രംഗത്ത് വിപ്ലവം തീർത്ത ഫ്ലോറൻസ് നൈറ്റിങ്ഗേലിന്‍റെ ജന്മദിനം ലോകം അന്തർദേശീയ നഴ്‌സസ് ദിനമായി ആചരിക്കുകയാണ്.
Comments are closed.