ഏകാന്തതയിൽ നല്ല സംഗീതം ശ്രവിച്ചാൽ മനസ്സ് ശാന്തമാകും!
ശ്രീകല ചിങ്ങോലി
ഇന്ന് ലോക സംഗീത ദിനം ആണ്. പാമ്പും പശുവും ശിശുവും ഒരുപോലെ ആസ്വദിക്കുന്ന ഒന്നാണ് സംഗീതം. സുകുമാര കലകളിൽ സംഗീതത്തോളം സൗകുമാര്യം മറ്റൊന്നിനുമില്ല. സംഗീതം അമൃതമാണ്. രോഗചികിത്സയിലെ സുപ്രധാന ഭേഷജം ആണ്. നമ്മുടെ ചതുർവേദങ്ങളിലെ സാമവേദം തന്നെയാണ് സംഗീതം. ശുദ്ധസംഗീതം ഇഷ്ടപ്പെടാത്തവർ ആരും തന്നെയില്ല.
അമേരിക്കൻ സംഗീതജ്ഞനായ ജോയൽ കോയനാണ് സംഗീതത്തിനായി ഒരു ദിവസം വേണം എന്ന ആശയം മുന്നോട്ട് വെച്ചത്.ഇപ്പോൾ നൂറിലേറെ രാജ്യങ്ങൾ തങ്ങളുടെതായ പ്രത്യേകതകളിൽ സംഗീത ദിനം കൊണ്ടാടുന്നു. സംഗീത ദിനത്തിൽ സംഗീതം അറിയാവുന്നവർക്കും ആസ്വാദകർക്കും ആടി പാടാം എന്ന് ജോയൽ കോയൻ അഭിപ്രായപ്പെട്ടു. ഇത് ആദ്യമായി 1982 ഇൽ ഫ്രാൻസിൽ നടപ്പാക്കുകയും ചെയ്തു. ഫ്രാൻസിൽ ഇത് ഫെദ്തല മ്യൂസിക് എന്ന പേരിൽ സംഗീത ദിനമായി ആചരിച്ചു
മാനവ സംസ്കാരത്തിന്റെ പ്രതീകം കൂടിയാണ് സംഗീതം. ഏകാന്തതയിൽ നല്ല സംഗീതം ശ്രവിച്ചാൽ മനസ്സ് ശാന്തമാകും. മാനസിക പിരിമുറുക്കങ്ങൾ അകറ്റാനും വ്യാധികൾ മൂലമുള്ള വേദനകൾ മാറാനും വിഷമങ്ങൾ കുറയാനും ദൈവികമായി ലഭിച്ച വരദാനമാണ് സംഗീതം.
പാടുന്ന വരും കേൾക്കുന്നവരും ഒരുപോലെ സന്തോഷം അനുഭവിക്കുന്ന കലയാണ് സംഗീതം. ഇനി ശാസ്ത്രീയവശം പരിശോധിച്ചാൽ തലച്ചോറിലെ വളർച്ചയെ സംഗീത വീചികൾ വികസിതമാക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഓർമ്മശക്തിക്കും ധാരണാശക്തിയും സംഗീതം പ്രയോജനകരമാണ്. ഭാഷ, ഭാഷണം, വായന എന്നീ കഴിവുകളെയും സംഗീത പഠനത്തിലൂടെ ലഭിക്കുന്നു. പ്രത്യേകിച്ച് കുട്ടികളിൽ ക്രിയാത്മകത, ആത്മവിശ്വാസം, ഭക്തി, സദാചാരബോധം ഇവ ജനിപ്പിക്കുന്നതിനും സംഗീതപഠനം സഹായിക്കുന്നു. ഗണിത നൈപുണിക്കും ഇത് സഹായകമാണ്.
സംഗീതം ഒരു ആഗോള ഭാഷയാണ്.പ്രാദേശികത ഉണ്ടെന്നു മാത്രം. മനസ്സും ശരീരവും ബുദ്ധിയും സംഗീത പഠനത്തിലൂടെ സമഗ്ര വികാസം പ്രാപിക്കുന്നു. സംഗീതം അനാദിയാണ് സകല ചരാചരങ്ങളെയും കോർത്തിണക്കുന്ന ഒരു പട്ടുനൂലിന്റെ നൈർമല്യം ഇതിലുണ്ട്. അധമ വികാരങ്ങളെ തടുക്കാൻ സംഗീതം സഹായിക്കുന്നു. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഹൃദയബന്ധം പോലെ മനുഷ്യനും സംഗീതവും തമ്മിലും അഭേദ്യ ബന്ധമുണ്ട്. ഇങ്ങനെ ദൈവികവും സംശുദ്ധവും ഭാവനാസമ്പന്നവുമായ സംഗീതത്തെ ഉപാസിക്കുന്നവർക്ക് നല്ലൊരു സംഗീത ദിനം ആശംസിക്കുന്നു. സംഗീതമേ…. ജീവിതം
Comments are closed.