DCBOOKS
Malayalam News Literature Website

അവരെയും ചേർത്ത് നിർത്താം, ഇന്ന് ലോക ഭിന്നശേഷി ദിനം

ഡിസംബർ മൂന്ന് ലോക ഭിന്നശേഷി ദിനമാണ്. സമൂഹത്തിന്റെ എല്ലാ മേഖലകളിലെയും വൈകല്യമുള്ള വ്യക്തികളുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ എല്ലാ വർഷവും ഡിസംബർ 3 ആഗോള ഭിന്നശേഷി ദിനമായി (International Day of Persons with Disabilities) ആചരിക്കുന്നു. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനും വികസനത്തിനും നിരവധി പദ്ധതികൾ രാജ്യങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ടെങ്കിലും ഇത് ഉറപ്പുവരുന്നതിനും അവർക്കൊപ്പം നിൽക്കാൻ സമൂഹത്തിനെ ഓർമ്മിപ്പിക്കുക എന്ന ലക്ഷ്യത്തോടും കൂടിയാണ് അന്താരാഷ്ട്ര സംഘടന ലോക ഭിന്ന ശേഷി ദിനം ആചരിക്കുന്നത്.

ശാരീരികമോ, മാനസികമോ, ബുദ്ധിപരമോ, സംവേദന പരമോ ആയ ബലഹീനതകൾ ഉള്ളവരും, ഇത്തരം ബലഹീനതകൾ വിവിധ പ്രതിബന്ധങ്ങളുമായി സമ്പർക്കം പുലർത്തുന്നതു കാരണം, മറ്റുള്ളവർക്കൊപ്പം തുല്യ അളവിൽ, സമൂഹത്തിൽ പൂർണ്ണവും ഗുണപരവുമായ ഇടപെടലുകൾ നടത്തുന്നതിന് കഴിയാത്തവരെയാണ് യുഎൻസിആർപിഡി (United Nations Convention for the Rights of Persons with Disability) എന്ന അന്താരാഷ്ട്ര കൺവെൻഷൻ ഭിന്നശേഷിയുള്ളവരെ നിർവചിക്കുന്നത്.

സംസ്ഥാന സാമൂഹ്യ നീതി വകുപ്പ് 2015ല്‍ നടത്തിയ സെന്‍സസ് പ്രകാരം കേരളത്തിലാകെ 7,93,937 പേർ ഭിന്നശേഷിക്കാരാണ്. കേരളജനസംഖ്യയുടെ 2.32 ശതമാനം വരുമിത്. ഇതില്‍ 18,114 പേർ വിവിധ സ്ഥാപനങ്ങളിലാണ് ജീവിക്കുന്നത്. 1,30,798 പേർ 19 വയസില്‍ താഴെ പ്രായമുള്ളവരാണ്. ലോകത്തെ ആകെ ജനസംഖ്യയുടെ 15 ശതമാനത്തോളം അതായത് നൂറുകോടിയിലധികം പേര്‍ ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങൾ ഉള്ളവരാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതിൽ തന്നെ മൊത്തം അംഗവൈകല്യമുള്ള ജനസംഖ്യയുടെ 80 ശതമാനവും വികസ്വര രാജ്യങ്ങളിലാണ് ഉൾപ്പെടുന്നത്.

 

Comments are closed.