ലോകപുസ്തകദിനം
ഏപ്രില്‍ 23 ലോകപുസ്തകദിനം. വിപ്ലവം വായനയിലൂടെ എന്ന മുദ്രാവാക്യത്തിന്റെ നേരറിയിക്കുന്ന ദിവസം. ലോകമെങ്ങുമുള്ള സാഹിത്യ പ്രേമികള്‍ പുസ്തകദിനം ആഘോഷിക്കുന്നു. പുസ്തകങ്ങളെയും സാഹിത്യകാരന്മാരെയും ആദരിക്കാനുള്ള അവസരമാണ് പുസ്തക ദിനം നല്‍കുന്നത്. വായന മരിക്കുന്നു എന്ന വിലാപമുയരുന്ന ഈ കാലത്ത് പുസ്തകദിനാചരണത്തിലൂടെ സാംസ്‌കാരികമായ മൂല്യത്തെ ഉയര്‍ത്തിപ്പിടിക്കുകയാണ് വേണ്ടത്. ഓരോ പുസ്തകങ്ങളും ഓരോ വായനയും വായനക്കാരന് നൽകുന്നത് നമുക്കു ചുറ്റുമുള്ള, നാം ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത വ്യത്യസ്തങ്ങളായ ലോകങ്ങളിലൂടെയുള്ള സഞ്ചാരമാണ്.
വില്യം ഷേക്‌സ്പിയറിനെയും ഗാര്‍സിലാസോ ഡെ ലാ വെഗയുടെയും, മിഗ്വെല്‍ ഡെ സെര്‍വന്റീസിന്റെയും ചരമദിനമാണ് പുസ്തകദിനമായി ആചരിക്കുന്നത്. ചരിത്രപരമായ വിജ്ഞാനം വിതരണം ചെയ്യാനും, സാംസ്‌കാരിക പാരമ്പര്യത്തെപ്പറ്റിയുള്ള അവബോധം ലോകമാകെ പരത്താനും പുസ്തകങ്ങളിലൂടെ ശ്രമിക്കേണ്ട കാലഘട്ടമാണ് ഇപ്പോഴത്തേത്.
ആശയ വിനിമയത്തിന്റെ ഉറവിടവും വിജ്ഞാനത്തിലേക്കുള്ള പാതയും പുസ്തകങ്ങള്‍ സൃഷ്ടിക്കുന്നു. മൂല്യമുള്ള പുസ്തകങ്ങള്‍ വിതരണം ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതാണ്. വായന മരിക്കുന്നു എന്ന് വിലപിക്കുമ്പോഴും ലോകമെങ്ങും പുസ്തകം വാങ്ങുന്നവരുടെ എണ്ണം കൂടുകയാണ് എന്ന അറിവ് സന്തോഷം പകരുന്നു. 1996 ലെ യുനെസ്‌കോ പൊതുസമ്മേളനമാണ് ഏപ്രില്‍ 23 ലോക പുസ്തകദിനമായി ആചരിക്കാന്‍ നിശ്ചയിച്ചത്. പുസ്തക വിതരണം പ്രോത്സാഹിപ്പിക്കുന്നതിന് ഏറ്റവും ഫലപ്രദമായ മാര്‍ഗം പുസ്തകദിനങ്ങള്‍ കൊണ്ടാടുകയാണെന്ന് യുനെസ്‌കോ സമ്മേളനം ആഹ്വാനം ചെയ്തു.
Comments are closed.