DCBOOKS
Malayalam News Literature Website

മനുഷ്യനായി പിറന്ന ഏതൊരുത്തന്റെയും രക്തത്തിന് ചുവപ്പു നിറമാണ്!

ശ്രീകല ചിങ്ങോലി

ഓരോ ദിനത്തിനും അതിന്‍റേതായ എന്തെങ്കിലും ഒരു പ്രത്യേകത കാണും. അവയിൽ ചിലത് ചരിത്രത്തിൽ രേഖപ്പെടുത്താത്തവയും ആയിരിക്കും.എന്നാൽ നാം ഓർത്തിരിക്കേണ്ട സവിശേഷതകൾ പേറുന്നചില ദിനങ്ങൾ ഉണ്ട്.അവയിലൊന്നാണ് എല്ലാ വർഷവും നാം ആഘോഷിക്കുന്ന ജൂൺ 14 ലോക രക്തദാന ദിനം.

ജീവനുള്ള വസ്തുക്കളിൽ മാത്രം കാണപ്പെടുന്ന സവിശേഷതയാണ് രക്തചംക്രമണം. അതായത് സചേതനങ്ങളിൽ മനുഷ്യരും പക്ഷിമൃഗാദികളും ഇതിലുൾപ്പെടുമെങ്കിലും രക്തദാനം എന്നത് മനുഷ്യനു മാത്രം കഴിയുന്ന പ്രത്യേകതയാണ്. ഒരാൾക്ക് തന്റെ രക്തം ദാനം ചെയ്യുന്നതിലൂടെ നമ്മുടെ ജീവനെ തന്നെയാണ് നാം ദാനം ചെയ്യുക. അപ്പോൾ ഒരു മനുഷ്യായുസ്സിൽ നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും അമൂല്യമായ ദാനം അഥവാ സംഭാവന രക്തദാനം ആണ്.

ഇന്ന് മനുഷ്യൻ മത തീവ്രവാദത്തിന്റെ യും രാഷ്ട്രീയത്തിന്റെയും വർണവെറിയുടെയുമൊക്കെ പേരിൽ പരസ്പരം കലഹിച്ചു കൊണ്ട് കഴിയുന്നു. മനുഷ്യനായി പിറന്ന ഏതൊരുത്തന്റെയും രക്തത്തിന് ചുവപ്പു നിറമാണ്. ” ആഴ്വാഞ്ചേരി തമ്പ്രാക്കളിലും അയ്യൻ പുലയനിലും ഒഴുകുന്നത് ഒരേ ചോരയാണ്”. അതിനാൽ ബ്രാഹ്മണനു പുലയ രക്തം നിഷിദ്ധമല്ല. മനുഷ്യനെ വേർതിരിച്ചു നിർത്തുന്നവർ രക്തത്തിന്റെ മഹത്വം തീർച്ചയായും തിരിച്ചറിയേണ്ടതാണ്. നാം ഒരിക്കലും പ്രതീക്ഷിക്കാത്ത അന്യരാണ് ഒരു അപകടം ഉണ്ടാകുമ്പോൾ പലർക്കും രക്തം കൊടുക്കുന്നത്. നമ്മൾ സാങ്കേതികവിദ്യയിൽ വളരെയധികം മുന്നോട്ട് പോയിട്ടുണ്ടെങ്കിലും കൃത്രിമമായി രക്തം നിർമ്മിക്കുന്ന രസതന്ത്രം ഇന്നും നമുക്ക് അന്യമാണ്.

ഒരു മനുഷ്യന് അപകടം മൂലമോ രോഗം മൂലമോ രക്തം ആവശ്യമായി വന്നാൽ ഒരു മനുഷ്യന്റെ രക്തം മാത്രമേ സ്വീകരിക്കാനാവൂ. അതാണ് രക്തബന്ധം. അതാണ് മനുഷ്യബന്ധം. ഇതു മറന്നാണ് നാം വർണവർഗരാഷ്ട്ര സിദ്ധാന്തങ്ങളിലൂടെ പരസ്പരം ശത്രുതയോടെ ജീവിക്കുന്നത്. അതുകൊണ്ട് ഏറ്റവും മഹത്വമേറിയ രക്തദാനത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നാം ‘മനുഷ്യനാവുക’ കൂടിയാണ് ചെയ്യുന്നത്.

1628 ൽ വില്യം ഹാർവി എന്ന ശാസ്ത്രജ്ഞനാണ് മനുഷ്യനിലെ രക്തചംക്രമണം കണ്ടെത്തിയത്. 1667 ൽ പരീക്ഷണങ്ങളുടെ ഫലമായി ചെമ്മരിയാടിൽ നിന്ന് മനുഷ്യൻ രക്തം സ്വീകരിക്കുന്ന അവസ്ഥ കണ്ടുപിടിക്കപ്പെട്ടു. 1818 ലാണ് മനുഷ്യൻ മനുഷ്യനിൽ നിന്ന് നേരിട്ട് രക്തം സ്വീകരിച്ചത്.സിറിഞ്ചു വഴി ഒരാളിൽനിന്ന് കുത്തിയെടുത്ത് മറ്റൊരാളിൽ കുത്തിവയ്ക്കുന്ന രീതിയായിരുന്നു. 1901ൽ കാൾ ലിന്റ് സ്റ്റെയിറ്റർ എന്ന ശാസ്ത്രജ്ഞൻ രക്തഗ്രൂപ്പുകൾ കണ്ടുപിടിച്ചു. അതിൽ എ, ബി, ഒ എന്നീ ഗ്രൂപ്പുകളെ ഉണ്ടായിരുന്നുള്ളൂ.ഗ്രൂപ്പ് മാറി രക്തം സ്വീകരിച്ചാൽ ഉണ്ടാകുന്ന ആപത്തുകൾ ഒഴിവാക്കാൻ ഇത് സഹായിച്ചു.

1914 ൽ രക്തം കട്ടപിടിക്കാതിരിക്കാൻ സോഡിയം സിട്രേറ്റ് കലർത്തി സൂക്ഷിച്ചാൽ മതി എന്ന കണ്ടുപിടിത്തം രക്തദാന ശ്രമത്തിലെ പ്രധാന സംഭവം ആയി. ഇങ്ങനെ ലോകമഹായുദ്ധങ്ങളിൽ പരിക്കേറ്റ നിരവധി സൈനികർ അന്യ രക്തം സ്വീകരിച്ച് ജീവൻ നിലനിർത്തി. റെഡ്ക്രോസ്സ് സംഘടന ഇക്കാര്യത്തിൽ സജീവമായി പ്രവർത്തിച്ചു.ആധുനികരീതിയിലുള്ള പ്ലാസ്റ്റിക് ബാഗുകൾ രക്തം സ്വീകരിച്ചു സൂക്ഷിക്കുന്നതിനായി നിർമ്മിക്കപ്പെട്ടു.

രക്തദാനത്തിന് ചില ശാസ്ത്രീയ വശങ്ങൾ കൂടി നമ്മൾ പാലിക്കണം. പതിനെട്ടിനും അറുപതിനും ഇടയിൽ പ്രായമുള്ളവരെ രക്തദാനം നടത്താവൂ. രോഗികൾ ആയിരിക്കരുത്.സ്ഥിരമായി മരുന്നുകൾ ഉപയോഗിക്കുന്നവരോ മദ്യപാനികളോ രക്തദാനം നടത്തരുത്.മൂന്നു മാസത്തിലൊരിക്കൽ രക്തദാനം നടത്താം.

രക്തദാനത്തിന് ഭയപ്പെടേണ്ടതില്ല.അത് മറ്റൊരു ജീവൻ നിലനിർത്താൻ ഉള്ള നമ്മുടെ കടപ്പാടാണ്. രക്തം നൽകിയാൽ അതേ അളവിൽ 48 മണിക്കൂറിനകം രക്തം നമ്മുടെ ശരീരത്തിൽ ഉണ്ടാകും. അതിനാൽ അമൂല്യവും മാനുഷികവുമായ രക്തദാനം എന്ന മഹായജ്ഞത്തിൽ നാമേവരും പങ്കാളികളാവുക.

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

Comments are closed.