DCBOOKS
Malayalam News Literature Website

ലോക മൃഗസംരക്ഷണ ദിനം

ജീവിക്കാന്‍ മൃഗങ്ങള്‍ക്കുമുണ്ട് അവകാശം. മനുഷ്യന്‍ മാത്രം അധിവസിക്കുന്ന ഗോളമല്ല ഭൂമി. അവിടെ പക്ഷി മൃഗാദികളും വൃക്ഷലതാദികളുമുണ്ട്. സൂക്ഷ്മജീവികളുമുണ്ട്. ഇവിടെ എല്ലാം സുഖവും ക്ഷേമവും കാംക്ഷിക്കുന്നതും ഉറപ്പാക്കുന്നതുമാണ് വസുധൈവകുടുംബകം എന്ന ഭാരതീയ ദര്‍ശനം. ലോകമൊരു കുടുംബമാണ് എന്ന ഉദാത്തമായ സങ്കല്‍പം ഭൂമുഖത്ത് പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കുമെല്ലാം ജീവിക്കാനുള്ള അവകാശം ഉറപ്പാക്കുന്നു. മൃഗങ്ങള്‍ക്കുള്ള അവകാശങ്ങളെക്കുറിച്ച് കൂടുതല്‍ കൂടുതല്‍ ബോധവല്‍ക്കരണവും പഠനവും നടന്നുവരികയാണ്. ഓരോ ദിവസവും ഈ ഭൂമുഖത്തു നിന്ന് നൂറോളം ജീവിവര്‍ഗ്ഗങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്നതാണ് കണക്ക്. ഈ അവസ്ഥ തുടര്‍ന്നുകൂടാ എന്നോര്‍മ്മിപ്പിക്കുന്നതാണ് ലോക മൃഗക്ഷേമ ദിനം.

മൃഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും മൃഗങ്ങളുടെ ക്ഷേമത്തിനുമായാണ് ഈ ദിനാചരണം സംഘടിപ്പിച്ചിരിക്കുന്നത്. മൃഗങ്ങളുടെ രക്ഷകനായ ഫ്രാന്‍സിസ് അസീസ്സിയുടെ ഓര്‍മ്മത്തിരുനാള്‍ ദിനമായ ഒക്ടോബര്‍ 4 ആണ് ലോക മൃഗസംരക്ഷണദിനാചരണത്തിനു തിരഞ്ഞെടുത്തിട്ടുള്ളത്. 1925 മാര്‍ച്ച് 24-നാണ് ആദ്യ ലോകമൃഗസംരക്ഷണദിനം കൊണ്ടാടിയത്. ഹെന്റിച്ച് സിമ്മര്‍മാന്റെ നേതൃത്വത്തില്‍ ജര്‍മ്മനിയിയില്‍ ബര്‍ലിനില്‍ സ്‌പോര്‍ട് പാലസില്‍ ആദ്യ മൃഗസംരക്ഷണദിനം സംഘടിപ്പിക്കപ്പെട്ടു. ഒക്ടോബര്‍ 4-നാണ് ഉദ്ദേശിച്ചതെങ്കിലും വേദി ലഭ്യമല്ലാത്തതിനാലാണ് ആദ്യ ദിനാചരണം മാര്‍ച്ചിലേക്കു മാറ്റിയത്. 1929 മുതല്‍ എല്ലാ വര്‍ഷവും ഒക്ടോബര്‍ 4-ന് ലോകമൃഗസംരക്ഷണദിനം ആചരിക്കുവാന്‍ ആരംഭിച്ചു. 2003 മുതല്‍ നേച്വര്‍ വാച്ച് എന്ന മൃഗസംരക്ഷണസമിതിയുടെ നേതൃത്വത്തിലാണ് ദിനാചരണപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടത്തുന്നത്.

Comments are closed.