മതതീവ്രവാദ – ആണ്‍കോയ്‌മാ സഖ്യത്തെ സ്‌ത്രീകള്‍ ചെറുത്തേ തീരൂ: സി. എസ്. ചന്ദ്രിക
സി. എസ്. ചന്ദ്രിക
കഴിഞ്ഞ രണ്ടാഴ്‌ചകളായി കേരളം ‘ലവ് ജിഹാദ്’, ‘ലഹരി ജിഹാദ്’ തുടങ്ങിയ വര്‍ഗ്ഗീയ ആരോപണ പ്രക്ഷുബ്‌ധതയില്‍ പെട്ട് വൈകാരിക സമ്മര്‍ദ്ദങ്ങള്‍ക്കുള്ളില്‍ ആടിയുലയുകയാണ്. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ തീര്‍ത്തും ഒഴിവാക്കേണ്ടിയിരുന്ന അസത്യ പ്രസ്‌താവനയെ കേരളത്തിലെ ബുദ്ധിയും ആര്‍ജജവവുമുള്ള എല്ലാ സ്‌ത്രീകളും തള്ളിക്കളയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. സ്‌ത്രീകളുടെ മിശ്ര ജാതി, മത പ്രണയത്തേയും ജീവിതത്തേയും മത പുരോഹിതന്‍മാര്‍ നിയന്ത്രിക്കുന്നതിന്റേയും സ്‌ത്രീകളുടെ ശരീരത്തേയും ലൈംഗിക – പ്രത്യുത്‌പാദന അവകാശങ്ങളേയും കുടുംബ സാമൂഹ്യ ജീവിത സ്വാതന്ത്ര്യത്തേയും തടയിടുന്നതിന്റേയും വലുതായ മതാധികാര ആണ്‍കോയ്‌മയുടെ ശബ്‌ദമാണ് ലവ് ജിഹാദ് വിവാദ പ്രസ്‌താവനയില്‍ പാലാ ബിഷപ്പിലൂടെ പുറത്തു വന്നത്. മറ്റൊരു ന്യൂനപക്ഷ മതത്തിലെ പുരുഷന്‍മാരുടെ നേരെ വലിയ കുറ്റാരോപണവും.
കേരള മുഖ്യമന്ത്രി പറഞ്ഞതു പോലെ ലഹരി ജിഹാദല്ല ഇവിടെയുള്ളത്. അതൊരു വലിയ മാഫിയയാണ്. ആ മാഫിയയില്‍ നാനാ ജാതി വംശ മതസ്ഥരും ദേശ സാമ്രാജ്യങ്ങളും ഉണ്ടെന്നിരിക്കെ ഇസ്ലാമോഫോബിയയെ ഉറപ്പിച്ചെടുക്കുന്ന തരത്തില്‍ വ്യാജപ്രചരണം നടത്തുന്നത് അധര്‍മ്മമാണ്. ഇന്ത്യയില്‍ സംഘപരിവാര്‍ മുസ്ലീം മതവിശ്വാസികള്‍ക്കെതിരെ പ്രയോഗിക്കുന്ന നിര്‍മ്മിത ദുരാരോപണങ്ങള്‍ നീതിബോധവും സത്യബോധവും ഉള്ള ഒരു ക്രിസ്‌തീയ വൈദികനില്‍ നിന്ന് ഒരിക്കലും ഉണ്ടാവുകയില്ല. സത്യബോധമുള്ള നല്ല വൈദികര്‍ ക്രിസ്‌തുമതത്തില്‍ ഏറെ ഉണ്ടു താനും. അവരെക്കൂടി ഒന്നാകെ പ്രതിസന്ധിയിലാക്കുന്ന പ്രസ്‌താവനയാണ് പാലാ ബിഷപ്പ് നടത്തിയത്. കുട്ടിക്കാലത്ത് കേട്ടു പഠിച്ചിട്ടുള്ള ‘കുട്ടനും മുട്ടനും’ എന്ന ഗുണപാഠകഥയാണ് ഇപ്പോള്‍ ഓര്‍മ്മയില്‍ തെളിഞ്ഞു വരുന്നത്. ഇരു കൂട്ടരേയും തമ്മിലിടിപ്പിച്ച് തലപൊട്ടി ചോരയൊലിക്കുമ്പോള്‍ നടുവില്‍ വന്നു നിന്ന് ആര്‍ത്തിയോടെ ചോര കുടിക്കുന്ന കൗശലക്കാരനായ കുറുക്കന്റെ കുടില ബുദ്ധിയാണ് എന്നത്തേയും പോലെ ബി ജെ പി സംഘപരിവാര്‍ പ്രയോഗിക്കുന്നത്. അവര്‍ പാലാ ബിഷപ്പിനു നല്‍കിയ വലിയ പിന്തുണ കേരളം കണ്ടതാണ്.
സ്‌നേഹവും കരുണയും എന്തെന്ന് ലോകത്തെ പഠിപ്പിച്ച ക്രിസ്‌തുവിന്റെ അനുയായിയാണോ പാലാ ബിഷപ്പ് എന്ന് ക്രിസ്‌തുമതത്തിലെ തന്നെ മനുഷ്യരായവര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ തുറന്നു ചോദിക്കുന്നതു കാണുമ്പോള്‍ കേരളം വലുതായി ആശ്വസിക്കുന്നുണ്ട്. ഇത്തരമൊരു സന്ദര്‍ഭം വര്‍ഗ്ഗീയ സംഘര്‍ഷത്തിലേക്കു പോകാതിരിക്കുന്നത് ക്രിസ്‌ത്യന്‍, മുസ്ലീം മതപക്ഷത്തുള്ള വിവേകമതികളും മതസാഹോദര്യത്തിനായി നിലകൊള്ളുന്നവരുമായ സവിശേഷ ബോധമുള്ള കുറച്ചെങ്കിലും മതനേതാക്കളുടെ തുറന്ന ഇടപെടലുകള്ളുള്ളതു കൊണ്ടു കൂടിയാണ്. ജിഫ്രി തങ്ങളും പരസ്‌പരം മുറിവേല്‌പിക്കാതെ ജാഗ്രത കാട്ടണം എന്നു പറയുന്ന മാര്‍ക്ലീമിസ് കത്തോലിക്ക ബാവയെപ്പോലുള്ളവരും എടുത്ത നിലപാട് സമാധാനം നല്‍കുന്നു. കേരളത്തിന്റെ ശക്തമായ മതനിരപേക്ഷ, ഇടതുപക്ഷ മനസ്സും വര്‍ഗ്ഗീയ ചേരി തിരിവും കലാപവുമുണ്ടാകാതിരിക്കാനുള്ള ജാഗ്രതയോടെയുള്ള സര്‍ക്കാരിന്റെ സജീവ സാന്നിദ്ധ്യവും കേരളത്തിന്റെ രക്ഷയാണ്. കേരളത്തില്‍ എല്ലാ മതങ്ങളിലും മതതീവ്രവാദികളേക്കാള്‍ കൂടുതല്‍ ഉള്ളത് മതസാഹോദര്യത്തിനും പരസ്‌പര സ്‌നേഹത്തിനും സൗഹാര്‍ദ്ദത്തിനും പ്രാധാന്യവും മുന്‍ഗണനയും കൊടുക്കുന്നവരാണ് എന്ന് ഞാനടക്കം ഒട്ടേറെപ്പേര്‍ ഇപ്പോഴും വിശ്വസിക്കുന്നു. എങ്കിലും ഇപ്പോള്‍ പാലാ ബിഷപ്പിനെ അനുകൂലിച്ചുണ്ടായ വര്‍ഗ്ഗീയ ചേരിയില്‍ കാണാനിടയായ തികഞ്ഞ ഇസ്ലാം മത സ്‌പര്‍ദ്ധയുടെ, കരുതിക്കൂട്ടിയുള്ള ഇസ്ലാമോഫോബിയയുടെ ആണും പെണ്ണുമടങ്ങുന്ന ആള്‍ക്കൂട്ടങ്ങളെ ഒരിക്കലും നിസ്സാരമായി കണ്ടുകൂടാ. ബഹുസ്വരമായ നവോത്ഥാന മുന്നേറ്റങ്ങള്‍ കെട്ടിപ്പടുത്ത മതേതര കേരളത്തില്‍ നില്‍ക്കുമ്പോള്‍ കാലിനടിയിലെ മണ്ണു മുഴുവന്‍ ഒലിച്ചു പോവുന്നത് തടയണമെങ്കില്‍ അതിയായ ജാഗ്രത ഇനിയുള്ള കാലവും വേണ്ടതുണ്ട്. ഭുരിപക്ഷ വര്‍ഗ്ഗീയതയും ന്യൂനപക്ഷവര്‍ഗ്ഗീയതയും സമാധാനവും സൗഹാര്‍ദ്ദവും ആഗ്രഹിക്കുന്ന ഒരു സമൂഹത്തിന് വലിയ ആപത്താണ്.
കേരള സര്‍ക്കാരിനും പ്രതിപക്ഷത്തിനും ഇക്കാര്യത്തില്‍ പ്രഥമമായ ഉത്തരവാദിത്വമുണ്ട്. കാരണം, ഇതൊരു വലിയ സൂചനയാണ്. ബി ജെ പി സര്‍ക്കാര്‍ അധികാര സംഹാര താണ്‌ഡവമാടുന്ന ഇന്ത്യയില്‍ കേരളത്തില്‍ വര്‍ഗ്ഗീയകലാപം ഉന്നമിട്ട് ഇനി തുടര്‍ച്ചയായി സംഭവിക്കാന്‍ പോകുന്ന പുതിയ തരം വര്‍ഗ്ഗീയതാ സഖ്യ രാസ പ്രവര്‍ത്തനത്തിന്റെ ലിറ്റ്‌മസ് ടെസ്റ്റാണ് നമ്മളിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.
മത പൗരോഹിത്യവും മതരാഷ്‌ട്രീയ നേതൃത്വങ്ങളും ആണ്‍കോയ്‌മയുടെ മൂര്‍ത്തവാഹകരാണെന്ന് എല്ലാവര്‍ക്കുമറിയാം. അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തില്‍ വരുമ്പോള്‍ ആ രാജ്യത്തെ സ്‌ത്രീകളുടെ സ്വാതന്ത്ര്യവും സ്‌ത്രീ അവകാശങ്ങളും ആപത്തില്‍ പെടുന്നത് അതുകൊണ്ടാണ്. സംഘപരിവാര്‍ ഇന്ത്യന്‍ ഭരണഘടനയെ അട്ടിമറിച്ച് ഹിന്ദു രാഷ്‌ട്രമാക്കി മാറ്റിയാല്‍ ഹിന്ദുസ്‌ത്രീകള്‍ ഭര്‍ത്താവ് മരിച്ചാല്‍ സതി അനുഷ്‌ഠിക്കണമെന്നു പറയാന്‍ മടിക്കാത്തവരായിരിക്കും. സമുദായ ‘സ്‌ത്രീ സംരക്ഷകരെ’ന്ന മട്ടില്‍ യഥാര്‍ത്ഥത്തില്‍ സ്‌ത്രീശിക്ഷകരായിട്ടാണ് മതരാഷ്‌ട്രീയം എപ്പോഴും പ്രവര്‍ത്തിക്കുന്നത്.
ഇല്ലാത്ത ‘ലവ് ജിഹാദ് ‘ കേരളത്തില്‍ ഉണ്ടെന്ന് സ്ഥാപിച്ചെടുക്കാന്‍ ബി ജെ പി കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കെയാണ് മതം നോക്കാതെ ‘മനുഷ്യനെ’ പ്രണയിക്കുന്നത് വിശേഷിച്ച് മുസ്ലീം മതത്തില്‍ പെട്ടവരെ സ്‌നേഹിച്ച് വിവാഹം കഴിക്കുന്നത് വലിയ തെറ്റാണെന്നും കുറ്റമാണെന്നും സമുദായത്തിലെ പെണ്‍കുട്ടികളെ പാലാ ബിഷപ്പ് ഓര്‍മ്മപ്പെടുത്തുന്നത്. ഗുജറാത്ത് വംശഹത്യ നടന്ന സമയത്തും അതേത്തുടര്‍ന്ന് ഇപ്പോഴും സംഘപരിവാര്‍ ഹിന്ദു സമുദായത്തിലെ സ്‌ത്രീകളോടു പറഞ്ഞു കൊണ്ടിരിക്കുന്നതും ഇതു തന്നെയാണ്. താലിബാനിസവും ഇതുതന്നെയാണ് മുസ്ലീം സ്‌ത്രീകളോടു ചെയ്യുന്നത്. ഞങ്ങളുടെ സ്‌ത്രീകളുടെ കാര്യങ്ങള്‍ ഞങ്ങള്‍ നോക്കിക്കോളാം എന്ന മതപൗരോഹിത്യത്തിന്റെ വായ്‌ത്തലകള്‍ സദാ അന്തരീക്ഷത്തില്‍ സീല്‍ക്കാരമുയര്‍ത്തുകയാണ്. ഈ കര്‍ശന നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ കാത്തിരിക്കുന്നത് വലിയ ശിക്ഷയായിരിക്കുമെന്ന് ഭയപ്പെടുത്തുകയും അരക്ഷിതരാക്കുകയും നിയന്ത്രിച്ച് നിര്‍ത്തുകയും ചെയ്യുന്ന തന്ത്രമാണിത്.
നമ്മള്‍ മനസ്സിലാക്കിയിട്ടുള്ള യേശുവോ നബിയോ കൃഷ്‌ണനോ ഇത്തരത്തില്‍ സ്‌നേഹത്തിനെതിര്‍ നിന്നവരല്ല. അതിനാല്‍ ബുദ്ധിയും ബോധവുമുള്ള, വിദ്യാസമ്പന്നരായ പുതിയ തലമുറയിലെ അനേകം പെണ്‍കുട്ടികളും സ്‌ത്രീകളും ഈ പൗരോഹിത്യ പുരുഷാധികാര തന്ത്രങ്ങളെ കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. സ്‌ത്രീകളുടെ ജീവിതത്തെ സംബന്ധിച്ച കാര്യങ്ങളില്‍ ആരെ, എപ്പോള്‍ വിവാഹം കഴിക്കണം, എങ്ങനെ വിവാഹം കഴിക്കണം, എപ്പോള്‍ പ്രസവിക്കണം, എത്ര കുട്ടികള്‍ വേണം തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള സ്വയം നിര്‍ണ്ണയാവകാശവും അതിനുള്ള സ്വാതന്ത്ര്യവുമാഗ്രഹിക്കുന്ന പെണ്‍കുട്ടികളെ ഇത്തരം ഭീഷണികള്‍ കൊണ്ട് സമ്പൂര്‍ണ്ണമായി കീഴ്‌പ്പെടുത്തി നിര്‍ത്താനാവുകയില്ല.
മത ആണ്‍കോയ്‌മയുടെ പല രൂപത്തിലുള്ള ഭീഷണികളെ പ്രതിരോധിക്കാനും സ്വതന്ത്രരാവാനും പെണ്‍കുട്ടികള്‍ സ്വന്തമായ ജീവിത വഴികള്‍ അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യുന്ന കാലം കൂടിയാണിത്. നവോത്ഥാനത്തിന്റെ വലിയ ചരിത്രമുള്ള, വിശേഷിച്ച് ബൗദ്ധികതയുടേയും സര്‍ഗ്ഗാത്മകതയുടേയും വിപ്ലവ ബോധമുള്ള, പ്രേമമൂല്യങ്ങളേയും മിശ്രവിവാഹങ്ങളേയും സംബന്ധിച്ച സ്‌ത്രീചരിത്രമുള്ള കേരളത്തിന് മുന്നോട്ടു സഞ്ചരിച്ചേ മതിയാവൂ. അതിനാല്‍ സ്‌ത്രീകള്‍ തിരിച്ചടികളെ പ്രതിരോധിച്ച് അവരവരുടെ സ്വാതന്ത്ര്യത്തിന്റെ കൂടുതല്‍ വിശാലമായ പന്ഥാവുകള്‍ ഇനിയും വെട്ടിത്തെളിച്ച് മുന്നോട്ടുള്ള യാത്രകള്‍ തുടരുക തന്നെ ചെയ്യണം.
കേരളത്തിലെ ഒരു പ്രബല അധികാര രാഷ്‌ട്രീയപ്പാര്‍ട്ടിയായ മുസ്ലീംലീഗിന്റെ യുവജനവിഭാഗമായ ഹരിതയുടെ പോരാളികളായ പെണ്‍കുട്ടികള്‍ പാര്‍ട്ടിയുടെ മത ആണ്‍കോയ്‌മാ നേതൃത്വത്തിന്റെ ഏകാധിപത്യപരമായ തീരുമാനത്തിനെതിരെ മുന്നോട്ടു വെച്ച അവകാശബോധത്തിന്റെ പ്രതികരണങ്ങളേയും ഈ പശ്ചാത്തലത്തില്‍ തന്നെ ഇവിടെ അടയാളപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മതങ്ങളുടെ ആണ്‍കോയ്‌മ എന്നാല്‍ സ്‌ത്രീകളുടെ കാലുകളെ എന്നെന്നും തളച്ചു നിര്‍ത്താനായി ഒരേ അച്ചില്‍ വാര്‍ത്തെടുത്ത കട്ടിയേറിയ ചങ്ങലകള്‍ ആണ്. അതിനു വിധേയമായി അവകാശങ്ങളും തുല്യനീതിയും സ്വാതന്ത്ര്യവും നഷ്‌പ്പെടുത്തി ഭയന്ന് ജീവിക്കുന്ന അനുസരണയുള്ള ‘പെണ്‍കുഞ്ഞാടു’കളെ നീതിക്കായി ശബ്‌ദിക്കുന്ന സ്‌ത്രീകള്‍ക്കെതിരായി അണി നിരത്തുന്നതിലും മതാധികാരവും ആണ്‍കോയ്‌മയും വിജയിക്കുന്നുണ്ട് എന്നതാണ് സ്‌ത്രീസമൂഹം നേരിടുന്ന ഏറ്റവും വലിയ ദുരന്തം.
പത്തൊമ്പതാം നൂറ്റാണ്ടില്‍ മാറു മറയ്‌ക്കുകയും മേല്‍മുണ്ടു ധരിക്കുകയും ചെയ്‌ത സ്‌ത്രീകളെ ഉപദ്രവിക്കാന്‍ പാരമ്പര്യ വിശ്വാസത്തില്‍ അടിമകളാക്കി നിര്‍ത്തിയ സ്‌ത്രീകളെത്തന്നെ സാമുദായിക ആണ്‍കോയ്‌മാ സഖ്യം ഉപയോഗിച്ചിട്ടുണ്ട്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ രണ്ടാം ദശകത്തില്‍ നടന്ന ശബരിമല വര്‍ഗ്ഗീയ ലഹളക്കാലത്തും ഇപ്പോള്‍ വ്യാജ ലവ്‌ജിഹാദ് ആരോപണ ലഹളക്കാലത്തും ഹരിതയില്‍ നീതിക്കു വേണ്ടി ശബ്‌ദിച്ച പെണ്‍കുട്ടികളെ തള്ളിപ്പറഞ്ഞ വനിതാമുസ്ലീംലീഗ് നേതൃത്വത്തിലും ഒക്കെ അതു കാണാനാവും. അതിനാല്‍ എനിക്കു പറയാനുള്ളത് ഇത്രയുമാണ്. എല്ലാ മത ജാതി വിഭാഗങ്ങളിലുമുള്ള എന്റെ സഹോദരിമാരേ, പെണ്‍കുട്ടികളേ, സമയം കളയാതെ ഐക്യപ്പെടുവിന്‍! കേരളത്തെ ശരിക്കും മതനിരപേക്ഷമാക്കാനുള്ള ഉത്തരവാദിത്വമേറ്റെടുക്കേണ്ടതായ നിര്‍ണ്ണായക അവസരമാണിത്. നാടിന്റെ സമാധാനവും സന്തോഷവും ഇനി നമ്മള്‍ സ്‌ത്രീകളുടെ പ്രണയത്തെക്കുറിച്ചുള്ള, ജീവിതത്തെക്കുറിച്ചുള്ള സ്വതന്ത്ര തീരുമാനങ്ങളിലാണ് മുന്നോട്ടു പോകേണ്ടത്.
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച സി.എസ് ചന്ദ്രികയുടെ പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക
Comments are closed.