DCBOOKS
Malayalam News Literature Website

ടി പത്മനാഭന്റെ കഥയിലെ സ്ത്രീകള്‍

വ്യത്യസ്തമായ ആഖ്യാലനശൈലികൊണ്ട് വായനക്കാരുടെ ഹൃദയം കവര്‍ന്ന എഴുത്തുകാരനാണ് ടി. പത്മനാഭന്‍. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഒന്നാം ദിനം വേദി രണ്ടില്‍ പത്മനാഭന്‍ രചനകളിലെ പെണ്‍ കഥാപാത്രങ്ങളെ കുറിച്ചുള്ള ചര്‍ച്ച ടി. പത്മനാഭനും ശ്രീകല മുല്ലശ്ശേരിയുമായി നടന്നു.

ശക്തവും ഉദാത്തവുമായ സ്ത്രീ കഥാപാത്രങ്ങള്‍ മലയാള സാഹിത്യത്തിന് സംഭാവന ചെയ്ത എഴുത്തുകാരനാണ് ടി. പത്മനാഭന്‍. പ്രകാശം പരത്തിയ പെണ്‍കുട്ടി, മൈഥിലി നീ എന്റേതാണ്, രാത്രിയുടെ അവസാനം, ഗൗരി എന്നിവ അവയില്‍ ചിലതുമാത്രം. അച്ഛനാകാന്‍, പ്രത്യേകിച്ച് പെണ്‍കുട്ടിയുടെ അച്ഛനാവാന്‍ കഴിയാത്ത വേദനയും അതിനുള്ള ആഗ്രഹവുമാണ് പെണ്‍കഥാപാത്രത്തിലേക്ക് തന്നെ എത്തിക്കുന്നതെന്ന് കഥാകാരന്‍ പറഞ്ഞു. സ്ത്രീയെ എന്നും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന വ്യക്തിയെന്ന നിലയില്‍ കഥാപാത്രസൃഷ്ടിയില്‍ അമ്മയും ജേഷ്ടത്തിയും കടന്നുവരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അമ്മയോര്‍മ്മകളിലേക്കും ബാല്യകാലത്തിലേക്കും പൊതു സമൂഹത്തിലെ പ്രശ്‌നങ്ങളിലേക്കും രാഷ്ട്രീയം പ്രണയം എന്നീ വിഷയങ്ങളിലേക്കും ചര്‍ച്ച വഴിമാറി. നിറഞ്ഞ സദസ്സിനെ തന്റേതായ രീതിയില്‍ മികവുറ്റതാക്കാനും ചിരി പടര്‍ത്താനും അദ്ദേഹത്തിന് സാധിച്ചതിനൊപ്പം പല ചോദ്യങ്ങളില്‍ നിന്നും വിവാദങ്ങള്‍ ഉണ്ടാക്കാതെ വഴുതി മാറുകയും ചെയ്തു.

അനുഭവാവിഷ്‌കാരങ്ങളാണ് ‘ഗൗരി’ എന്നും അമ്മയോര്‍മ്മകളാണ് ‘ഇരുട്ടില്‍ കയറി വരുന്ന മകന്‍’ എന്നും അദ്ദേഹം പറഞ്ഞു. കഥകളെ ആദ്യം മനസ്സിലും പിന്നീട് പേപ്പറിലുമെഴുതുന്ന തനിക്ക് നോവലെഴുതാനുള്ള ക്ഷമയോ കഴിവോ ഇല്ലെന്ന് അദ്ദേഹം പറയുന്നു. സാഹിത്യത്തിലെയും സംഗീതത്തിലെയും വിഭജനങ്ങളെ ഇഷ്ടപ്പെടുന്നില്ല എന്നും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ടി. പത്മനാഭന്‍ അഭിപ്രായപ്പെടുന്നു.

സാഹിത്യത്തിന് നളിനി ജമീലയുടെയും സരിതാ നായരുടെയും രചനകളെ ഏറ്റെടുക്കാനുള്ള മനസ്സ് കൈവന്നതിലുള്ള ആഹ്ലാദവും കഥാകൃത്തിനുണ്ട്. മാധവിക്കുട്ടിയുടെ മതംവരെ ചര്‍ച്ചയായ വേദിയില്‍ ഇഷ്ടപ്പെട്ട എഴുത്തുകാരികളിലൊരാള്‍ മാധവിക്കുട്ടിയാണെന്ന സാക്ഷ്യപ്പെടുത്തലും നടന്നു. കാനത്തിന് നുമ്പേ സഞ്ചരിച്ച എഴുത്തുകാരിയെന്ന് സരസ്വതിയമ്മയെ വിലയിരുത്തിയപ്പോള്‍ ലളിതാംബിക അന്തര്‍ജനത്തെയും തഥാകാരന്‍ മറന്നില്ല. സംഗീതത്തിന്റെ ആരാധകനും നല്ല ശ്രോതാവുമായ തനിക്ക് പാടാനുള്ള കഴിവില്ലാത്തതിലുള്ള വിഷമം അദ്ദേഹത്തിന്റെ വാക്കുകളില്‍ പ്രകടമാണ്…

 

Comments are closed.