ഭാസന് ചുറ്റും രൂപപ്പെട്ട സ്ത്രീകള്‍
ഗോപകുമാര്‍
ജൂലൈ ലക്കം പച്ചക്കുതിരയില്‍
കാളിദാസന് മുമ്പ് ജീവിച്ച ഭാസന്‍ കാളിദാസനില്‍ സ്വാധീനിക്കപ്പെട്ടുവെങ്കിലും കാളിദാസനില്‍ സംഭവിച്ചതുപോലുള്ള സ്‌ത്രൈണരതിസൗന്ദര്യത്തിന്റെ ഒരു തുറന്നുപറച്ചില്‍ ഭാസനില്‍ സംഭവിച്ചിട്ടില്ല. സ്ത്രീയെ അതിജീവിക്കാന്‍ പുരുഷന്‍ എത്ര ശ്രമിച്ചാലും പുരുഷന്റെ കഥപറച്ചില്‍ പൂര്‍ണ്ണമാവണമെങ്കില്‍ സ്ത്രീ മര്‍മ്മസ്ഥാനത്ത് നില്‍ക്കുകതന്നെ വേണം.ഇവിടെ പുരുഷന്റെ പരിമിതിയാണ് വ്യക്തമാകുന്നത്. ഒരു അങ്കം. ഒരു പകല്‍. വ്യായോഗത്തില്‍ ചെറിയ ഒരിടത്താണ് കഥ പറയുന്നത്. എന്നിട്ടും പുരുഷന്‍ പരാജയപ്പെടുന്നു. ഈ പരാജയത്തെ ഭാസന്‍ മനോഹരമാക്കിയെന്നതാണ് അദ്ദേഹത്തിന്റെ ശ്രേഷ്ഠത.
ക്രിസ്തുവിനു മുമ്പ് നാലാം ശതകത്തില്‍ ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന, കേരളീയനാവാന്‍ വളരെയേറെ സാധ്യതയുണ്ടെന്ന് ആവേശത്തോടെ നാം പറഞ്ഞുപോകുന്ന, ഭാരതീയ നാടകാചാര്യനാണ് ഭാസന്‍. സ്ത്രീരൂപസൗന്ദര്യത്തിന് അദ്ദേഹം നല്കിയ ഇരിപ്പിടം, പ്രവൃത്തി, മൂല്യം എന്നിവ ഗൗരവത്തോടെ ചര്‍ച്ചചെയ്യേണ്ടുന്ന വിഷയമാണ്. കാളിദാസന് മുമ്പ് ജീവിച്ച ഭാസന്‍ കാളിദാസനില്‍ സ്വാധീനിക്കപ്പെട്ടുവെങ്കിലും കാളിദാസനില്‍ സംഭവിച്ചതുപോലുള്ള സ്‌ത്രൈണരതിസൗന്ദര്യത്തിന്റെ ഒരു തുറന്നുപറച്ചില്‍ ഭാസനില്‍ സംഭവിച്ചിട്ടില്ല. അപ്രത്യക്ഷതയില്‍ സ്ത്രീസൗന്ദര്യത്തെ പ്രതിഷ്ഠിച്ച് പ്രത്യക്ഷതയില്‍ പുരുഷശക്തിസൗന്ദര്യത്തെ എടുത്തുയര്‍ത്തി ആഘോഷിക്കുന്ന ഒരു രചനാരീതി ഭാസനില്‍ പ്രകടമാണ്. അത് ഭാസകാലഘട്ടത്തിലെ യാഥാസ്ഥിതിക അധികാരസമൂഹത്തിന് അനുരൂപമായതാവാം. അധികാരസമൂഹത്തെ പ്രതിനിധീകരിച്ച ഭാസന്‍ അധികാരത്തിന്റെ നിയമാവലിയില്‍ രൂപപ്പെട്ട സംസ്‌കാരത്തെ ചോദ്യം ചെയ്യാന്‍ തയ്യാറായില്ലായെന്നു വേണം കരുതാന്‍.
വ്യായോഗം എന്ന നാടകസങ്കേതം പുരുഷപ്രാധാന്യം പ്രകടമാക്കുന്നതാണ്. പ്രഖ്യാതനും ധീരോദാത്തനുമായ നായകന്‍. ഹാസ്യം, ശൃംഗാരം, ശാന്തം എന്നീ രസങ്ങള്‍ അംഗമായി വരാന്‍ പാടില്ല. സ്ത്രീ നിമിത്തമല്ലാത്ത യുദ്ധം. പുരുഷന്മാരുടെ സംഖ്യക്കൂടുതല്‍ എന്നിങ്ങനെ പുരുഷപ്രാധാന്യ ലക്ഷണങ്ങളുള്ള വ്യായോഗത്തിലാണ് ഭാസന്‍ ‘മാധ്യമവ്യായോഗം’ എഴുതുന്നത്. പ്രസിദ്ധമായ ഇതിവൃത്തം എന്ന വ്യായോഗലക്ഷണത്തെ സ്വീകരിച്ചുകൊണ്ടുതന്നെയാണ് ഭാസന്‍ മഹാഭാരതകഥയിലെ പാണ്ഡവരുടെ വനവാസകാലസന്ദര്‍ഭത്തെ ഇതിവൃത്തമായി എടുക്കുന്നതും. ഇതൊക്കെ പ്രത്യക്ഷതയാണ്. ഈ പ്രത്യക്ഷതയിലാണ് മാധ്യമവ്യായോഗം സാങ്കേതികമായി രൂപപ്പെട്ടതും പ്രകടമായതും. എന്നാല്‍ ഈ സാങ്കേതികതയ്ക്കുമൊക്കെ അപ്പുറത്ത് കഥാവിഷയത്തെ രൂപപ്പെടുത്തുന്ന അനേകം ഘടകങ്ങള്‍ അപ്രത്യക്ഷതയില്‍ നിലനില്‍ക്കുന്നുണ്ട്. അവിടെ സ്ത്രീയുടെ സാന്നിദ്ധ്യം ശക്തമാണ്. വനവാസത്തിനായി പാണ്ഡവര്‍ വനത്തില്‍ വന്നിട്ടുണ്ടെന്ന് അറിഞ്ഞ് തന്റെ ഭര്‍ത്താവായ ഭീമനെ കാണുന്നതിനുവേണ്ടി ഹിഡിംബ നടത്തുന്ന തന്ത്രമാണ് ‘മാധ്യമവ്യായോഗം’ എന്ന നാടകത്തിന്റെ മര്‍മ്മം. അപ്പോള്‍ സ്ത്രീ പ്രമേയനിര്‍മിതിയുടെ മര്‍മ്മസ്ഥാനത്ത് നില്‍ക്കുന്നു. സ്ത്രീയെ അതിജീവിക്കാന്‍ പുരുഷന്‍ എത്ര ശ്രമിച്ചാലും പുരുഷന്റെ കഥ
പറച്ചില്‍ പൂര്‍ണ്ണമാവണമെങ്കില്‍ സ്ത്രീ മര്‍മ്മസ്ഥാനത്ത് നില്‍ക്കുകതന്നെ വേണം. ഇവിടെ പുരുഷന്റെ പരിമിതിയാണ് വ്യക്തമാകുന്നത്. ഒരു അങ്കം. ഒരു പകല്‍. വ്യായോഗത്തില്‍ ചെറിയ ഒരിടത്താണ് കഥ പറയുന്നത്. എന്നിട്ടും പുരുഷന്‍ പരാജയപ്പെടുന്നു. ഈ പരാജയത്തെ ഭാസന്‍ മനോഹരമാക്കിയെന്നതാണ് അദ്ദേഹത്തിന്റെ ശ്രേഷ്ഠത.
പൂര്‍ണ്ണരൂപം ജൂലൈ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ജൂലൈ ലക്കം ലഭ്യമാണ്
Comments are closed.