DCBOOKS
Malayalam News Literature Website

സ്‌ത്രീയുടെ ശരീരം, ശരീര രാഷ്‌ട്രീയം : സി. എസ്‌. ചന്ദ്രിക എഴുതുന്നു

CS Chandrika

മലയാളി സമൂഹത്തിന്‌ ഇഷ്‌ടപ്പെട്ടാലും ഇഷ്‌ടപ്പെട്ടില്ലെങ്കിലും ശരി, രഹന ഫാത്തിമ ഇന്ന്‌ മാധ്യമങ്ങളിലൂടെ കേരള സമൂഹത്തില്‍ വീണ്ടും ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന ചര്‍ച്ചകള്‍ക്ക്‌ കാരണമായിരിയായിരിക്കുകയാണ്‌. കോവിഡ്‌ മഹാമാരി വിതക്കുന്ന മരണഭയത്തിലും അതീവ ജാഗ്രതയിലുമായിരുന്നിട്ടും, തീരെ അവഗണിച്ചു കളയാന്‍ പറ്റാത്ത വിധം രഹന ഫാത്തിമയെക്കുറിച്ച്‌, അവര്‍ക്കു നേരെയുള്ള പുതിയ കേസിനെ സംബന്ധിച്ച്‌ മാധ്യമങ്ങളില്‍ രണ്ടു പക്ഷത്തു നിന്നുള്ള അഭിപ്രായ പ്രകടനങ്ങള്‍ സജീവമാണ്‌.

ആരാണ്‌ രഹന ഫാത്തിമ? മോഡലിംഗ്‌ ചെയ്യുന്ന കലാകാരി, സ്‌ത്രീ അവകാശപ്രവര്‍ത്തക എന്നതാണ്‌ അവര്‍ സ്ഥാപിച്ചെടുത്തിട്ടുള്ള പൊതു വ്യക്തിത്വം. കേരള സമൂഹത്തില്‍ ഇത്തരമൊരു പൊതു ഇടം സ്ഥാപിച്ചെടുക്കുന്നതിന്‌ അവര്‍ വലിയ വില കൊടുത്തിട്ടുണ്ട്‌. പോലീസ്‌ കേസുകളും ജയില്‍ വാസവും കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗം നഷ്‌ടപ്പെടലുമടക്കം സാധാരണ നിലയില്‍ ഇക്കാലത്ത്‌ അധികമാരും ചെയ്യാന്‍ പുറപ്പെടാത്ത സാഹസികതകള്‍ അവര്‍ ചെയ്‌തിട്ടുണ്ട്‌.

രഹനയെ ഞാന്‍ ആദ്യമായി കേള്‍ക്കുന്നത്‌, ശബരിമല സ്‌ത്രീപ്രവേശം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്കാലത്ത്‌ ശബരിമലയിലേക്ക്‌ കയറാനായി തയ്യാറെടുത്തു വന്നപ്പോഴാണ്‌. ഭസ്‌മക്കുറിയിട്ട്‌, കറുത്ത വസ്‌ത്രമിട്ട്‌, നിവര്‍ത്തി മടക്കി വെച്ച കാല്‍മുട്ട്‌ കാണും വിധം ഇരിക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്‌തപ്പോഴുണ്ടായ വിവാദവും ഹിന്ദുത്വ സംഘടനകളുടെ ഭാഗത്തു നിന്നുണ്ടായ ആക്രമണവും മതവികാരം വ്രണപ്പെടുത്തിയെന്ന പേരിലെടുത്ത കേസും ജയില്‍വാസവും എല്ലാം വലിയ വാര്‍ത്തകളായിരുന്നു. കേരളത്തില്‍ മാത്രമല്ല, പുറത്തും. ഇപ്പോഴും രഹനക്കെതിരെ കേസ്‌ എടുക്കാന്‍ ആദ്യം പരാതി കൊടുത്തത്‌ ഒരു ബി ജെ പി നേതാവാണ്‌.

രഹനയെക്കുറിച്ച്‌ ‘ചീത്ത സ്‌ത്രീ’ എന്ന പ്രതിച്ഛായ പ്രചരിപ്പിക്കാനും ആക്രമിക്കാനുള്ള അന്തരീക്ഷമൊരുക്കാനും ഇടയാക്കിയ രാഷ്‌ട്രീയ സാഹചര്യങ്ങള്‍, സുപ്രീംകോടതിയുടെ ശബരിമല സ്‌ത്രീപ്രവേശ വിധിയോടു കൂടിയുള്ള സമയത്തു തന്നെ കേരളത്തില്‍ ഉണ്ടായിട്ടുള്ളതാണ്‌. ‘ചീത്ത സ്‌ത്രീ’ എന്നത്‌ സ്‌ത്രീ ശരീരവുമായി ബന്ധപ്പെട്ടുള്ള സാമൂഹ്യ സദാചാര നിയമത്തിനുള്ളിലെ അര്‍ത്ഥങ്ങളിലാണ്‌ വ്യവഹരിക്കപ്പെടുന്നത്‌. സാധാരണയായി, സ്‌ത്രീകള്‍ അനുശാസിക്കണമെന്ന്‌ പറയുന്ന സ്‌ത്രീ ശരീരത്തിന്‍മേലുള്ള സാമൂഹ്യ നിയന്ത്രണങ്ങളെ, വിലക്കുകളെ രഹന ഫാത്തിമ അനുസരിക്കാറില്ലെന്നു മാത്രമല്ല, അതിനെ പരസ്യമായി വെല്ലുവിളിക്കാറുണ്ട്‌ എന്നതാണതിന്‌ കാരണം. മോഡലിംഗ്‌ എന്ന ഉപജീവന മാര്‍ഗ്ഗ തൊഴിലിന്റെ ഭാഗമായും പുരുഷാധികാര വ്യവസ്ഥ സ്‌ത്രീ ശരീരത്തില്‍ അടിച്ചേല്‍പ്പിക്കുന്ന ശാസനകളോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായും ഈ വെല്ലുവിളികള്‍ അവര്‍ ഒറ്റക്കാണ്‌ നടത്തുന്നത്‌. ഇപ്പോള്‍ അവരോടൊപ്പം അവരുടെ കുടുംബവും കൂടി പരസ്യമായി അതില്‍ പങ്കെടുക്കുന്നുണ്ട്‌ എന്നാണ്‌ മനസ്സിലാക്കാനാവുന്ന കാര്യം.

ഏതെങ്കിലും സ്‌ത്രീ സംഘടനകളുടെ കൂടെ നിന്നല്ല, സ്വന്തം നിലയില്‍ കുടുംബത്തിന്റെ കൂട്ടായ പിന്തുണയോടുകൂടി ഒറ്റക്ക്‌ ചെയ്യാവുന്ന സ്‌ത്രീരാഷ്‌ട്രീയപ്രവര്‍ത്തനമാണ്‌ രഹന ഫാത്തിമ ചെയ്യുന്നത്‌. ആണധികാര സാമൂഹ്യ നിയമങ്ങളെ എതിര്‍ക്കുന്ന സ്‌ത്രീ സമരങ്ങളില്‍ ഏതൊരു സ്‌ത്രീക്കും അത്തരം വ്യക്തിപരമായ വലിയ ഇടങ്ങള്‍ എല്ലായ്‌പ്പോഴും ഉണ്ട്‌. ഒരു നൂറ്റാണ്ടിനപ്പുറം, 1905 ല്‍ കുറിയേടത്ത്‌ താത്രി എന്ന നമ്പൂതിരി സ്‌ത്രീ സ്‌മാര്‍ത്ത വിചാരം നേരിട്ടത്‌ നമുക്കറിയാം. ആ സ്‌മാര്‍ത്തവിചാര രേഖകളില്‍ നിന്നാണ്‌, കുറിയേടത്തു താത്രി എക്കാലവും സാമൂദായിക പുരുഷാധികാരത്തിന്റെ ഇര മാത്രമായിരുന്നില്ല, പീഢനകാലങ്ങളെ ഒറ്റക്കു തന്നെ അതിജീവിച്ച്‌ ബോധപൂര്‍വ്വം സ്വാതന്ത്ര്യത്തിന്റെ കലാപം കൂടി നടത്തിയ സ്‌ത്രീയാണ്‌ എന്നറിയുന്നത്‌. കുറിയേടത്ത്‌ താത്രി എന്ന പേരു പോലും ഉച്ചരിക്കുന്നത്‌ അറപ്പും വെറുപ്പും ശിക്ഷയും ഉള്ള കഠിന കാലത്തു നിന്നാണ്‌ ഇന്ന്‌ കേരളം ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെത്തി അതിന്റെ രണ്ടു ദശകങ്ങള്‍ പിന്നിടാന്‍ ഒരുങ്ങി നില്‍ക്കുന്നത്‌. ഇന്ന്‌ നമ്മള്‍ താത്രിക്കുട്ടിയെ സ്‌നേഹിക്കാനും പരസ്യമായി ആദരിക്കാനും മടിയും വെറുപ്പും ഭയവുമില്ലാത്തവരായി മാറിയതിന്റെ പിറകില്‍ ഒട്ടനവധി സ്‌ത്രീ ജീവിത സമരങ്ങളുടെ മൂലധനമുണ്ട്‌.

സി.എസ് ചന്ദ്രികയുടെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

രഹന ഫാത്തിമ ശിക്ഷിക്കപ്പെടുമ്പോള്‍ ഇവിടെ ജയിക്കുന്നത്‌ പൊതു ആണധികാരം മാത്രമല്ല, ഹിന്ദുത്വ പുരുഷാധികാരത്തിന്റെ ഹിംസാസക്തി കൂടിയാണ്‌. ഇന്ത്യയിലെ പെണ്‍കുട്ടികള്‍ക്ക്‌ മതേതരമായി പ്രണയിക്കാനോ, സ്‌ത്രീകള്‍ക്ക്‌ മതേതരമായും സ്വതന്ത്രമായും കുടുംബമായി ജീവിക്കാനോ, സ്വന്തം കുഞ്ഞുങ്ങളെ ലിംഗനീതിബോധമുള്ള സ്വതന്ത്ര വ്യക്തികളായി വളര്‍ത്താനോ, ഇഷ്‌ടമുള്ള വസ്‌ത്രം ധരിക്കാനോ, തൊഴില്‍ ചെയ്യാനോ സഞ്ചരിക്കാനോ ആരാധിക്കാനോ സാധിക്കാത്ത വിധം ഏറ്റവുമധികം അസ്വാതന്ത്ര്യം സ്ഥാപിക്കുന്ന ഫാസിസത്തെ തിരിച്ചറിയാന്‍ മതേതര, ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക്‌ കഴിയണം.

ഈ പുതിയ കാലത്ത്‌ ഇനി കോടതിയാണ്‌ ഈ കേസില്‍ അശ്ലീലമെന്തെന്നും പോക്‌സോ ഘടകമെന്തെന്നും വിശകലനം നടത്തുകയും വ്യാഖ്യാനിക്കുകയും നിര്‍വ്വചിക്കുകയും തീര്‍പ്പു കല്‍പ്പിക്കുകയും ചെയ്യുക. എന്നാല്‍, രഹനയുടെ നേര്‍ക്ക്‌ പോക്‌സോ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നതിനെ എതിര്‍ത്തു കൊണ്ട്‌ നടക്കുന്ന വലിയ ചര്‍ച്ചകള്‍ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്‌. ഈ ചര്‍ച്ചകളെ കണ്ടില്ലെന്ന്‌ നടിക്കുന്നത്‌ ഒരു ജനാധിപത്യ സമൂഹത്തിന്‌ നല്ലതല്ല. ലൈംഗികതയും, നഗ്നതയും ലൈംഗിക ചൂഷണവും ശരീര രാഷ്‌ട്രീയവും തമ്മില്‍ വ്യത്യാസമുണ്ടെന്നു പറയുന്ന വാദങ്ങളെ ഗൗരവത്തോടെ പരിഗണിക്കേണ്ടതുണ്ട്‌. കാരണം, ഈ വാദങ്ങളാണ്‌ നമ്മുടെ സമൂഹത്തില്‍ ലിംഗ നീതിയും ജനാധിപത്യവും മതേതരത്വവും മുന്നോട്ടു കൊണ്ടു പോകാന്‍ സഹായകരമായിട്ടുള്ളത്‌.

ബുദ്ധിശക്തിയും സ്വാതന്ത്ര്യ ബോധവുമുള്ള നമ്മുടെ പെണ്‍കുട്ടികള്‍ ഇന്ത്യയില്‍ ജീവിക്കാനാഗ്രഹിക്കാത്ത കാലമാണിത്‌. കേരളത്തിലെ കുറേ പെണ്‍കുട്ടികള്‍, സ്‌ത്രീകളും ഇന്ത്യക്കു പുറത്തു പോയി പഠിക്കാനും തൊഴില്‍ ചെയ്യാനും അവിടെത്തന്നെ ജീവിക്കാനും ആഗ്രഹിക്കുന്നു എന്ന്‌ നിരാശയോടെ പറയുന്നത്‌ കേട്ടിട്ടുണ്ട്‌. ശരീരത്തിനു മേലുള്ള നിയന്ത്രണങ്ങളും വസ്‌ത്രധാരണ ശാസനങ്ങളും അസ്വാതന്ത്ര്യവും കൂടിക്കൂടി വരുംതോറും അവര്‍ ശ്വാസം മുട്ടി പിടയുകയാണ്‌. എന്നാല്‍ ലോകമാകെ പടരുന്ന മഹാമാരികളുടെ കാലത്ത്‌, സമീപ വര്‍ഷങ്ങളിലെങ്കിലും നമ്മള്‍ കുട്ടികള്‍ കേരളത്തില്‍ തന്നെ പഠിക്കണമെന്നാണ്‌ മാതാപിതാക്കള്‍ ആഗ്രഹിക്കുക. അവര്‍ ജീവനോടെയിരിക്കാന്‍ സുരക്ഷിതമായ സ്ഥലം കേരളമാണെന്ന്‌ സമാധാനിക്കുന്നതോടൊപ്പം അവര്‍ സ്വാതന്ത്ര്യത്തോടു കൂടി വളരണം എന്നു കൂടി ആഗ്രഹിക്കാന്‍ രക്ഷിതാക്കള്‍ക്കവകാശമുണ്ട്‌. ജനാധിപത്യബോധവും വ്യക്തിസ്വാതന്ത്ര്യവും സംസ്‌ക്കാരവുമുള്ള സമൂഹങ്ങളില്‍ പരസ്യമായ നഗ്നതയും സ്വകാര്യതയാണ്‌. ആരും തുറിച്ചു നോക്കി നില്‍ക്കുകയില്ല. സ്‌ത്രീ ശരീരം പുറത്തു കാണിക്കുന്നതല്ല, അത്‌ തുറിച്ചു നോക്കുന്നതാണ്‌ കുറ്റകൃത്യം. വരും വര്‍ഷങ്ങളില്‍ ലോകത്തിന്റെ പല ഭാഗത്തുനിന്നുമുള്ള വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ കേരളത്തിലേക്കും പ്രതീക്ഷിക്കുകയാണ്‌. ആ പെണ്‍കുട്ടികള്‍ അവര്‍ക്കിഷ്‌ടമുള്ള വസ്‌ത്രം ധരിക്കട്ടെ. അവരും ആക്രമിക്കപ്പെടാന്‍ ഇട വരരുത്‌. അല്ലെങ്കില്‍ത്തന്നെ പൊതു പുരുഷ ലോകം എന്തിനാണ്‌ സ്‌ത്രീശരീരത്തിലേക്ക്‌ നോക്കി ബഹളം വെയ്‌ക്കുകയും വിധിക്കുകയും ആക്രമിക്കുകയും ചെയ്യുന്നത്‌? ഇങ്ങനെ അക്രമാസക്തരാവുന്നവര്‍ രഹസ്യമായി കുട്ടികളുടെ പോണ്‍സൈറ്റുകളില്‍ കയറുന്നവരല്ലെന്ന്‌ എങ്ങനെ വിശ്വസിക്കും? കാരണം, കേരളത്തിലാണ്‌ കുട്ടികളുടെ പോണ്‍ സൈറ്റുകളില്‍ കയറുന്നവ പുരുഷന്‍മാര്‍ അധികമുള്ളത്‌ എന്നാണ്‌ റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നത്‌.

ഇന്ത്യയെന്ന രാജ്യത്തില്‍ മാസം തികയാതെ ജനിച്ചു വീണ, ഇപ്പോഴും മരണത്തെ അതിജീവിക്കാന്‍ ശ്വാസം മുട്ടിപ്പിടയുന്ന ശിശുവാണ്‌ ജനാധിപത്യം. ഒരു സ്‌ത്രീ അവളുടെ കാഴ്‌ചപ്പാടിലുള്ള രാഷ്‌ട്രീയ സമരത്തിന്റെ ഭാഗമായി സ്വന്തം ശരീരത്തിന്റെ ഉള്ളം കാലിന്റെ ഒരു തുമ്പ്‌ പുറത്തു കാണിക്കുമ്പോഴേക്കും സ്‌നേഹിച്ച്‌ വളര്‍ത്തുന്ന കുഞ്ഞു മകന്‍ അച്ഛന്റേയും അനിയത്തിയുടേയും സാന്നിദ്ധ്യത്തില്‍ ഭംഗിയില്‍ ചിത്രം വരച്ച അമ്മയുടെ മാറിടം പുറത്തു കാണുമ്പോഴേക്കും കേസും ജയില്‍വാസവും ജോലി നഷ്‌ടപ്പെടലും സാമൂഹ്യമായി ഒറ്റപ്പെടലുമൊക്കെ ഉണ്ടാകുന്നുവെങ്കില്‍ വികസനത്തിലേക്ക്‌ കുതിക്കുന്ന ഒരു സമൂഹം എന്ന നിലയില്‍ നമ്മള്‍ ഏറെ ചിന്തിക്കാനും തിരുത്താനുമുണ്ട്‌. അമ്മയുടെ ശരീരം കുഞ്ഞുങ്ങള്‍ക്ക്‌ അന്നവും ആശ്രയവും മാത്രമല്ല, സ്വാതന്ത്ര്യമുള്ള കളിപ്പാട്ടം കൂടിയാണ്‌. കുട്ടികളുടെ പക്ഷത്തു നിന്നു നോക്കിയാല്‍ അത്രയേ ഉള്ളൂ അതില്‍.

സ്‌ത്രീകള്‍ക്ക്‌ സ്വന്തം ശരീരത്തിന്‍മേല്‍ നിയന്ത്രണാവകാശങ്ങളില്ലാത്ത ഒരു സമൂഹത്തില്‍ തന്റെ ശരീരത്തിന്റെ നിയന്ത്രണവും സ്വാതന്ത്ര്യവും ഉത്തരവാദിത്വവും സ്‌ത്രീകള്‍ സ്വന്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ സ്‌ത്രീകള്‍ ശരീരത്തിന്റെ രാഷ്‌ട്രീയം കണ്ടെത്താനും ആവിഷ്‌കരിക്കാനുമുള്ള ശ്രമങ്ങള്‍ നടത്തുന്നത്‌. സ്‌ത്രീകള്‍ ഏറ്റവും കൂടുതല്‍ അറിയുന്നതാണ്‌ തങ്ങളുടെ ശരീരം. സ്‌ത്രീയുടെ ചിന്തയിലും മാനസികതലത്തിലുമുണ്ടാകുന്ന വൈകാരികാനുവങ്ങളെ പ്രകടിപ്പിക്കാന്‍ സാധ്യമായ ഏറ്റവും വലിയ ഉപാധിയും മാധ്യമവുമാണ്‌ ശരീരം. കാഴ്‌ചയില്‍ത്തന്നെ ഒരു ശരീരം അതിന്റെ ലിംഗപദവിയും ജാതിയും വംശവുമൊക്കെ പ്രതിനിധീകരിക്കുന്നുണ്ട്‌. അടിച്ചമര്‍ത്തപ്പെട്ടവര്‍ ഫലപ്രദവും സര്‍ഗ്ഗാത്മകവുമായ വിധത്തില്‍ തങ്ങളുടെ ശരീരത്തെ ഉപയോഗിച്ചാല്‍ അത്‌ വ്യവസ്ഥാപിതമായ, അധികാരവിഭജിതമായ സാമൂഹ്യ ഘടനയ്‌ക്ക്‌ ഭീഷണിയുയര്‍ത്തും. അതിനാല്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക്‌ ശരീരം പ്രതിരോധത്തിന്റെ ഏറ്റവും വലിയ മേഖലയാണ്‌.

അതിനാല്‍, സ്‌ത്രീ ശരീരവും നഗ്നതയും സംബന്ധിച്ച്‌ പൊതുസമൂഹത്തിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള സ്‌ത്രീ വിവേചനപരമായ നിയന്ത്രണങ്ങളുടെ അലിഖിത സദാചാരനിയമങ്ങളെ പ്രബലപ്പെടുത്തുന്നതാവരുത്‌ ആധുനിക ഔപചാരിക നിയമ സംഹിതകള്‍. സ്വന്തം ശരീരത്തില്‍ സ്‌ത്രീക്ക്‌ സ്വയം നിയന്ത്രണാധികാരം ഉണ്ടെന്ന്‌ സ്ഥാപിക്കുന്ന നിയമങ്ങളാണ്‌ ഇനി ഇവിടെ പ്രബലമാകേണ്ടത്‌. അതിനുള്ള അറിവും കാഴ്‌ചപ്പാടും നമ്മുടെ പുതിയ കാല നിയമജ്ഞര്‍ക്കും ന്യായാധിപര്‍ക്കും ഉണ്ടാവണം.

സി.എസ് ചന്ദ്രികയുടെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.