DCBOOKS
Malayalam News Literature Website

വനിതാ ശിശു വികസന വകുപ്പിന്‌ മന്ത്രി വേണം വനിതാ കമ്മീഷന്‌ അധികാരവും: സി. എസ്. ചന്ദ്രിക

സി. എസ്. ചന്ദ്രിക

സ്‌ത്രീസൗഹൃദ കേരളം എന്ന ആശയം സ്വീകരിക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനും അതിനു വേണ്ടി പ്രവര്‍ത്തിക്കുന്നതിനും ഇന്ന്‌ കേരള സര്‍ക്കാരിനു മേല്‍ അതി തീവ്രമായ സമ്മര്‍ദ്ദമുണ്ട്‌. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി നടന്ന സ്‌ത്രീധന മരണങ്ങള്‍ക്കു ശേഷം സ്‌ത്രീധനത്തിനെതിരെയുള്ള ബോധവല്‍ക്കരണ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കപ്പെടുന്നതായി കാണുന്നുണ്ട്‌. അതിന്റെ ഭാഗമായി സ്‌ത്രീധന വിവാഹങ്ങള്‍ ബഹിഷ്‌ക്കരിക്കുമെന്ന്‌ ഇടതുപക്ഷ സ്‌ത്രീസംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സാമൂഹ്യ മാധ്യമത്തിലൂടേയും മററും പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ആദ്യമേ പറയട്ടെ, സ്‌ത്രീജീവിതത്തിന്റേയും സമൂഹത്തിന്റേയും പുരോഗമനപരമായ മാറ്റങ്ങള്‍ക്കായി ആഗ്രഹിക്കുന്ന എല്ലാ പുരോഗമന ബഹുജന സംഘടനകളും സ്‌ത്രീസംഘടനകളും ഓരോ സ്‌ത്രീയും പുരുഷനും വ്യക്തി എന്ന നിലയിലും ഈ വിധം തീരുമാനിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്‌തെങ്കില്‍ മാത്രമേ സ്‌ത്രീസൗഹൃദ കേരളത്തിലേക്ക്‌ നമുക്ക്‌ നടന്നടുക്കാനാവുകയുള്ളു.

സ്‌ത്രീധനത്തിന്റെ പേരില്‍ പെണ്‍കുട്ടികള്‍ കൊല ചെയ്യപ്പെടുന്നതും പീഡനങ്ങളേല്‍ക്കുന്നതും, കുടുംബങ്ങളില്‍ സ്‌ത്രീയുടെ രണ്ടാംകിട നില കൊണ്ടു മാത്രം മര്‍ദ്ദനമേല്‍ക്കുന്നതും അപമാനിക്കപ്പെടുന്നതും പുറത്തിറങ്ങി തൊഴിലെടുക്കാനോ ഒറ്റയ്‌ക്ക്‌ സഞ്ചരിക്കാനോ ആവാത്ത വിധം നിയന്ത്രിക്കപ്പെടുന്നതും ലൈംഗികാക്രമണങ്ങളുണ്ടാവുന്നതും കുറഞ്ഞു വരുന്ന, തീര്‍ത്തും ഇല്ലാതാവുന്ന, സ്‌ത്രീകള്‍ക്ക്‌ സുരക്ഷിതമായും സ്വതന്ത്രമായും ജീവിക്കാനാവുന്ന പുതിയ കേരളത്തെയാണ്‌ നമുക്ക്‌ സ്‌ത്രീസൗഹൃദ കേരളമെന്നു പറയാനാവുക. ഇതൊരു വലിയ വിപ്ലവകരമായ പ്രവര്‍ത്തനമാണ്‌. അടിമുടി മാറ്റങ്ങള്‍ സംഭവിക്കേണ്ടതായ നിരന്തര പ്രക്രിയകള്‍ നടക്കണം. ആഴത്തിലേക്ക്‌ പടര്‍ന്നുറച്ചു കഴിഞ്ഞിട്ടുള്ള പുരുഷാധിപത്യത്തിന്റെ വേരുകള്‍ക്ക്‌ തൊലിപ്പുറമേയുള്ള താല്‍ക്കാലിക ചികിത്സ കൊണ്ട്‌ ഒരു ഇളക്കവുമുണ്ടാവില്ല.

ദീര്‍ഘകാലമായി സ്‌ത്രീസംഘടനകള്‍ ഉന്നയിച്ച ആവശ്യത്തിന്റെ ഫലമായിട്ടാണ്‌ കേരളത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ വനിതാ ശിശു വകുപ്പു രൂപീകരിക്കപ്പെട്ടത്‌. കേരളം പോലൊരു സംസ്ഥാനത്ത്‌ വനിതാ ശിശു വികസന വകുപ്പുണ്ടാകാന്‍ ഇത്രയും വൈകാന്‍ പാടില്ലായിരുന്നു. അതേ സമയം, വനിതാ വകുപ്പ്‌ രൂപീകരിക്കപ്പെട്ടു കഴിഞ്ഞപ്പോള്‍ ആ വകുപ്പിനു മാത്രമായി ഒരു മന്ത്രിയുണ്ടാവണം എന്നും കേരളത്തിലെ സ്‌ത്രീകള്‍ തുടക്കം മുതല്‍ ആഗ്രഹിക്കുന്നുണ്ട്‌. അത്രയധികം കഠിനതരമായ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കേണ്ടതായ വകുപ്പാണത്‌. കേരളത്തിന്റെ ജനസംഖ്യയിലെ അമ്പതു ശതമാനത്തിലധികം വരുന്ന സ്‌ത്രീകളുടെ ജീവിതവുമായി ബന്ധപ്പെട്ട സമഗ്ര വികസനത്തിന്റേയും സ്‌ത്രീ പുരുഷ നീതി, തുല്യത എന്നീ ഭരണഘടനാ തത്വങ്ങളുടേയും നിര്‍വ്വഹണത്തിനുള്ള ഈ വകുപ്പിനു മുന്നിലുള്ളത്‌ സമാനതകളില്ലാത്ത ചരിത്രപരമായ വെല്ലുവിളികളാണ്‌. അടിമുടി സ്‌ത്രീ പുരുഷ അസമത്വം നിറഞ്ഞ അതിസങ്കീര്‍ണ്ണമായ സാമ്പത്തിക, സാമൂഹ്യ, കുടുംബാധികാര സമവാക്യങ്ങളെയാണ്‌ ഈ വകുപ്പിനും അതിന്റെ നയിക്കുന്ന രാഷ്‌ട്രീയ ഉദ്യോഗസ്ഥ നേതൃത്വത്തിനും അതുവഴി സംസ്ഥാന സര്‍ക്കാരിനും നേരിട്ട്‌ സംബോധന ചെയ്യാനുള്ളത്‌.

1995 ല്‍ കേരള വനിതാകമ്മീഷന്‍ രൂപം കൊള്ളുന്ന സമയത്തും കേരളത്തിലെ സ്‌ത്രീകള്‍ക്ക്‌ വലിയ ആശ്വാസവും പ്രതീക്ഷകളും ഉണ്ടായിരുന്നു. ഓടിച്ചെന്ന്‌ പരാതി പറയാനും പരിഹാരം തേടാനും സ്‌ത്രീകള്‍ക്ക്‌ എളുപ്പം പ്രാപ്യമായ ഒരിടം എന്നതായിരുന്നു ആ ആശ്വാസം. ആദ്യ അദ്ധ്യക്ഷയായിരുന്ന സുഗതകുമാരി തന്റേതായ ഒരു ശൈലിയില്‍ വനിതാകമ്മീഷനെ ജനകീയമാക്കുന്നതില്‍ പങ്കു വഹിച്ചിരുന്നു. സുഗതകുമാരിയില്‍ നിന്നും പിന്നീട്‌ അദ്ധ്യക്ഷയായ ജസ്റ്റിസ്‌ ശ്രീദേവിയില്‍ നിന്നും തീര്‍ത്തും സ്‌ത്രീവിരുദ്ധമായ ഒട്ടനവധി ഉപദേശങ്ങളും പ്രസ്‌താവനകളും ഉണ്ടായത് മറക്കാനാവില്ല. സ്‌ത്രീകള്‍ അടുക്കളയില്‍ ഭക്ഷണം പാചകം ചെയ്‌ത്‌ ഭര്‍ത്താക്കന്‍മാരുടെ സ്‌നേഹം പിടിച്ചു വാങ്ങിയാല്‍ ഗാര്‍ഹികാതിക്രമം കുറയ്‌ക്കാം എന്ന ജസ്റ്റിസ്‌ ശ്രീദേവിയുടെ പ്രസ്‌താവനക്കെതിരെ സ്‌ത്രീപ്രവര്‍ത്തകരുടെ ഭാഗത്തു നിന്നുയര്‍ന്ന ശക്തമായ പ്രതിഷേധങ്ങള്‍ അന്ന്‌ സമൂഹം കണ്ടിട്ടുണ്ട്‌. പക്ഷേ, അവര്‍ രണ്ടു പേരും രാഷ്‌ട്രീയപ്പാര്‍ട്ടികളുടെ അംഗങ്ങളോ നേതാക്കളോ ആയിരുന്നില്ല. എന്നാല്‍, പിന്നീട്‌ വന്ന എല്ലാ അദ്ധ്യക്ഷസ്ഥാനീയരും അതാത്‌ സര്‍ക്കാരിന്റെ പ്രബല രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളാണ്‌. അതുകൊണ്ട്‌ അവര്‍ വരുത്തുന്ന ഓരോ പിഴവിനും അവരുടെ പാര്‍ട്ടിയും സര്‍ക്കാരും തന്നെയാണ്‌ സമാധാനം പറയേണ്ടതായി വരിക. അതാണ്‌ ഇപ്പോള്‍, വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയായിരുന്ന എം. സി ജോസഫൈനിന്റെ കാര്യത്തില്‍ സംഭവിച്ചത്‌. പുതിയൊരു അദ്ധ്യക്ഷയെ നിയമിക്കാനൊരുങ്ങുന്ന സര്‍ക്കാര്‍, വനിതാ കമ്മീഷന്‍ അദ്ധ്യക്ഷമാരുടെ ഈ ഭൂതകാലം മുഴുവന്‍ കണക്കിലെടുക്കേണ്ടതുണ്ട്‌. അതിനേക്കാള്‍ പ്രധാനമായി എന്താണ്‌ വനിതാ കമ്മീഷന്റെ അധികാരവും പ്രവര്‍ത്തനങ്ങളും എന്നതിനും അദ്ധ്യക്ഷയുടേയും അംഗങ്ങളുടേയും പങ്കും ഉത്തരവാദിത്വവും എന്തായിരിക്കണം എന്നതിനും പുതിയ വ്യക്തതകളും കൃത്യമായ കാഴ്‌ചപ്പാടുകളും നയവുമുണ്ടായിരിക്കണം. ഇവിടെയാണ്‌ വനിതാ ശിശു വികസന വകുപ്പിന്റെ വലിയ പ്രസക്തിയും നേതൃത്വപരമായ ചുമതലയും വരുന്നത്‌.

ഇരുപത്തഞ്ച്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ രൂപീകരിപ്പെട്ടപ്പോഴുണ്ടായ അതേ പ്രാഥമിക, പരിമിത അധികാരത്തിലാണ്‌ ഇപ്പോഴും വനിതാ കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്‌. ഓരോ അദ്ധ്യക്ഷയും അവരുടെ വ്യക്തിപരമായ ബോധ നിലവാരത്തിലും ശീലിച്ചു വന്ന പ്രവര്‍ത്ത രീതികളിലുമാണ്‌ മുമ്പില്‍ വരുന്ന സ്‌ത്രീപ്രശ്‌നങ്ങളില്‍ ഇടപെടുന്നതും പ്രതികരിക്കുന്നതും. സ്‌ത്രീ പ്രശ്‌നങ്ങളെ സമീപിക്കുന്നതിന്‌ സാമൂഹ്യശാസ്‌ത്രപരമായ ഒരു വിശകലന രീതി ശാസ്‌ത്രമുണ്ട്‌. അത്തരത്തിലുള്ള ഒരു സമഗ്രമായ അവബോധവും പരിശീലനവും പുതുതായി നിയമിക്കപ്പെടുന്ന ഏതൊരദ്ധ്യക്ഷക്കും അംഗങ്ങള്‍ക്കും കമ്മീഷനില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും ലഭിച്ചിരിക്കണം. നിയമപരമായ ഉത്തരവാദിത്വങ്ങള്‍ സ്‌ത്രീപക്ഷത്തു നിന്നു കൊണ്ട്‌ നിര്‍വ്വഹിക്കാന്‍ പ്രതിജ്‌ഞാബദ്ധരായ ഉദ്യോഗസ്ഥരായിരിക്കണം കമ്മീഷനില്‍ ഉണ്ടായിരിക്കേണ്ടത്‌. സംസ്ഥാനതലത്തില്‍ കേന്ദ്രീകൃത അധികാര സ്വഭാവത്തില്‍ മാത്രം പ്രവര്‍ത്തിച്ച്‌ വനിതാകമ്മീഷന്‌ വിജയകരമായി മുന്നോട്ടു പോകാനാവുകയില്ല. ജില്ലാ തലങ്ങളിലും പ്രാദേശിക പഞ്ചായത്ത്‌ തലങ്ങളിലും സ്‌ത്രീകളുടെ പരാതികള്‍ സ്വീകരിക്കാനും പരിഹാര പിന്തുണാ സംവിധാനങ്ങളിലെത്തിക്കാനുമുള്ള ജാഗ്രതാ സമിതികളെ പ്രവര്‍ത്തക്ഷമമാക്കാന്‍ സാധിക്കണം.

വനിതാ കമ്മീഷനില്‍ എത്തുന്ന സ്‌ത്രീകളുടെ പരാതികളുടെ സ്വഭാവമറിഞ്ഞ്‌ അതിനനുസരിച്ച പരിഹാര നടപടികള്‍ക്കു വേണ്ടി ബന്ധപ്പെട്ട വിവിധ അന്വേഷണ അധികാര സംവിധാനങ്ങള്‍ക്ക്‌ നിര്‍ദ്ദേശം കൊടുക്കാനും ആ അന്വേഷണത്തെ മോണിറ്ററിംഗ്‌ ചെയ്യാനും സമയബന്ധിതമായി അതിന്റെ നടപടി സംബന്ധിച്ച റിപ്പോര്‍ട്ട്‌ വിലയിരുത്തി നീതി നടപ്പാക്കുന്നുവെന്ന്‌ ഉറപ്പു വരുത്താനുമുള്ള മോണിറ്ററിംഗ്‌, അഡൈ്വസറി സമിതികള്‍ സ്ഥാപിക്കപ്പെടണം. ഇത്തരം നടപടിക്രമങ്ങള്‍ക്ക്‌ നേതൃത്വം നല്‍കാനും ഉത്തരവ്‌ നല്‍കാനുമുള്ള സ്വതന്ത്രമായ വലിയ അധികാരം വനിതാ കമ്മീഷന്‌ ആവശ്യമുണ്ട്‌. തൊഴില്‍ സ്ഥാപനങ്ങളെ, പോലീസ്‌ സ്റ്റേഷനുകളെയടക്കം സ്‌ത്രീസൗഹൃദപരമാക്കാനും വനിതാ സെല്ലുകളെ വിജയകരമായ മാതൃകകളായി വികസിപ്പിക്കാനും വനിതാ കമ്മീഷനുള്ള റോള്‍ വ്യക്തമായിരിക്കണം. കൃത്യമായ ഡോക്യുമെന്റേഷന്റേയും റിപ്പോര്‍ട്ടുകളുടേയും നീതിനിര്‍വ്വഹണ അനുഭവങ്ങളുടേയും അടിസ്ഥാനത്തില്‍ ആവശ്യമായ സ്‌ത്രീ വികസന പ്രവര്‍ത്തന പഠനങ്ങള്‍ക്ക്‌ വനിതാ വികസന വകുപ്പിന്റെ കീഴിലുള്ള ജെന്റര്‍ പാര്‍ക്കും കേരളത്തിലെ യൂണിവേഴ്‌സിറ്റികളിലെ വിമന്‍സ്‌ സ്റ്റഡീസ്‌ വകുപ്പുകളുമായി ചേര്‍ന്ന്‌ സഹകരണ മാതൃകയിലുള്ള (Collaborative) പ്രവര്‍ത്തനങ്ങള്‍ നടത്തണം. വനിതാ വികസന വകുപ്പിന്റെ കാലാനുസൃതമായി പരിഷ്‌ക്കരിക്കുന്ന വനിതാ നയം സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളും നടപ്പിലാക്കുന്നുണ്ടെന്ന്‌ ഉറപ്പു വരുത്താനാവണം. വനിതാ വികസന വകുപ്പിന്റെ കീഴിലുള്ള സ്‌ത്രീവികസന സ്ഥാപനങ്ങളുമായി ചേര്‍ന്നു കൊണ്ട്‌ മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളുടേയും സ്‌ത്രീ വികസന പരിപാടികളും പദ്ധതികളും ഏകോപിപ്പിച്ച്‌ സാമൂഹ്യ ലിംഗ നീതി നടപ്പാക്കാനുള്ള നിര്‍ദ്ദേശം നല്‍കാനും മോണിറ്റര്‍ ചെയ്യാനും വിലയിരുത്താനും റിപ്പോര്‍ട്ട്‌ തയ്യാറാക്കാനും അതിന്‍മേല്‍ നടപടിയെടുക്കാന്‍ സര്‍ക്കാരിന്‌ ശുപാര്‍ശ നല്‍കാനും വനിതാ കമ്മീഷന്‌ അധികാരമുണ്ടായിരിക്കേണ്ടതാണ്‌.

എന്തായിരിക്കണം വനിതാ കമ്മീഷന്‍ എന്നതിനെക്കുറിച്ച്‌ പറയുമ്പോള്‍ എന്തായിരിക്കണം വനിതാ ശിശു വികസന വകുപ്പ്‌ എന്നു കൂടിയാണ്‌ ഞാന്‍ പറഞ്ഞു വരുന്നത്‌. ഇനിയുമേറെ പറയാനുണ്ടെങ്കിലും ഒരു കോളത്തില്‍ എഴുതിത്തീര്‍ക്കാനാവുന്നതല്ല എല്ലാ നിര്‍ദ്ദേശങ്ങളും. നിരന്തര ശ്രദ്ധയും അടിയന്തര പ്രവര്‍ത്തനങ്ങളും ആവശ്യമുള്ള മറ്റൊരു പ്രധാന വകുപ്പ്‌ കൈകാര്യം ചെയ്യുന്ന ഒരു മന്ത്രിക്ക്‌ വനിതാ ശിശു വികസന വകുപ്പില്‍ സമ്പൂര്‍ണ്ണമായി ശ്രദ്ധ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുക എന്നത്‌ അപ്രായോഗികവും ബുദ്ധിമുട്ടേറിയതുമായ കാര്യമാണ്‌. കേരളത്തെ സ്‌ത്രീസൗഹൃദപരമാക്കി മാറ്റിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌, വനിതാ നയത്തേയും വനിതാ ശിശു വകുപ്പിനെയും അതിനു കീഴിലുള്ള സ്ഥാപനങ്ങളേയും സദാ സമയം നോക്കി നടത്താന്‍ ആ വകുപ്പിനു മാത്രമായി ഒരു മന്ത്രി ഉണ്ടായിരിക്കുക എന്നത്‌ ഏറ്റവും സുപ്രധാനമായ കാര്യമാണ്‌.

സി.എസ് ചന്ദ്രികയുടെ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

കടപ്പാട്; മാധ്യമം

Comments are closed.