രാജ്യത്തിന്റെ അഭിമാനമായി അഭിനന്ദന്‍ വര്‍ധമാന്‍
ദില്ലി: രാജ്യത്തിന്റെ ധീരപുരുഷനായി മാറിയ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ ഇന്ത്യയില്‍ തിരിച്ചെത്തി. വാഗ അതിര്‍ത്തിയില്‍ ഇന്നലെ രാത്രിയാണ് അഭിനന്ദനെ പാക്കിസ്ഥാന്‍ അധികൃതര്‍ ഇന്ത്യക്ക് കൈമാറിയത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ വാഗ അതിര്‍ത്തിയില്‍ എത്തിച്ച അഭിനന്ദനെ രാത്രി 9.20 ഓടെ നടപടികള്‍ പൂര്‍ത്തിയാക്കി പാക് റോഞ്ചേഴ്‌സാണ് ബി.എസ്.എഫിന് കൈമാറിയത്. മുതിര്‍ന്ന വ്യോമസേനാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ സ്വീകരിച്ചു. രാത്രി തന്നെ ദില്ലിയിലെത്തിയ അദ്ദേഹത്തെ വൈദ്യപരിശോധനകള്‍ക്കായി മാറ്റി.
മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് അഭിനന്ദന്‍ ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തിയത്. വ്യാഴാഴ്ച പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, അഭിനന്ദനെ ഇന്ത്യക്കു കൈമാറുമെന്ന് അറിയിച്ചതു മുതല്‍ ഇന്ത്യന്‍ ജനത ആവശേത്തിലായിരുന്നു. നൂറുകണക്കിനാളുകള്‍ അഭിനന്ദന് ആശംസകള്‍ അര്‍പ്പിക്കാനും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും വാഗ അതിര്‍ത്തിയില്‍ എത്തിച്ചേര്‍ന്നിരുന്നു. അതേസമയം കനത്ത സുരക്ഷാക്രമീകരണങ്ങളാണ് അട്ടാരിയില്‍ ഏര്‍പ്പെടുത്തിയത്. പതിവ് പതാകതാഴ്ത്തല്‍ ചടങ്ങ് വെള്ളിയാഴ്ച വേണ്ടെന്നു വച്ചു.
റാവല്‍പിണ്ടിയില്‍നിന്ന് രണ്ടര മണിയോടെയാണ് പാക്കിസ്ഥാന്‍ അഭിനന്ദനെ ലാഹോറിലെത്തിച്ചത്. അവിടെനിന്ന് പാക് സേനാവാഹനങ്ങളുടെ അകമ്പടിയോടെ വാഗ അതിര്‍ത്തിയിലേക്ക് വൈകിട്ട് 5.23-ഓടെ എത്തി. വാഗ അതിര്‍ത്തിയിലെത്തിച്ച ശേഷം അഭിനന്ദനെ പാക്കിസ്ഥാന്‍ അന്താരാഷ്ട്ര റെഡ് ക്രോസ് അധികൃതര്‍ക്കാണ് കൈമാറിയത്. യുദ്ധത്തടവുകാരെ കൈമാറുന്ന ജനീവ കരാര്‍ പ്രകാരമായിരുന്നു നടപടി. റെഡ്‌ക്രോസ് വിശദമായ വൈദ്യപരിശോധന നടത്തി. പിന്നെ പാക്കിസ്ഥാനിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയ ഉദ്യോഗസ്ഥനെ ഏല്‍പ്പിച്ചു. തുടര്‍ന്ന് പാക്ക് അതിര്‍ത്തിരക്ഷാ സേന ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ വാഗ അതിര്‍ത്തി കടത്തിവിട്ടു. വാഗ അതിര്‍ത്തി കടന്ന് അട്ടാരിയിലെത്തിയ അഭിനന്ദനെ സ്വീകരിക്കാന്‍ വ്യോമസേനാ ഗ്രൂപ്പ് കമാന്‍ഡര്‍ ജെ.ടി കുര്യന്റെ നേതൃത്വത്തിലുള്ള വ്യോമസേനാ സംഘമെത്തിയിരുന്നു.
Comments are closed.