DCBOOKS
Malayalam News Literature Website

ഷേക്സ്‌പിയറും സിനിമയും

എഴുത്തുകാരനും വിവർത്തകനും പ്രഭാഷകനും ദേശീയ അന്തർ ദേശീയ പുരസ്‌കാര ജേതാവും ആയ ജെ എസ് അനന്ത കൃഷ്‌ണൻ, മഹാത്മാഗാന്ധി സർവ്വകലാശാല പോസ്റ്റ്‌ ഡോക്ടറൽ ഫെല്ലോ ഡോ കാർത്തിക അനന്ത കൃഷ്ണനുമായി നടത്തിയ അഭിമുഖം

എഴുത്തുകാരനും വിവർത്തകനും പ്രഭാഷകനും ദേശീയ അന്തർ ദേശീയ പുരസ്‌കാര ജേതാവും ആയ ജെ എസ് അനന്ത കൃഷ്‌ണൻ, മഹാത്മാഗാന്ധി സർവ്വകലാശാല പോസ്റ്റ്‌ ഡോക്ടറൽ ഫെല്ലോ ഡോ കാർത്തിക അനന്ത കൃഷ്ണനുമായി നടത്തിയ അഭിമുഖം

അനന്തകൃഷ്ണൻ : ഷേക്സ്പിയറും സിനിമയും തമ്മിലുള്ള ബന്ധത്തിലേക്കെത്തുന്നതിന് മുമ്പൊന്ന്‌ ചോദിക്കട്ടെ, നാടകവും സിനിമയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് എന്താണ് തോന്നിയിട്ടുള്ളത്.

കാർത്തിക : മറ്റേത് സാഹിത്യ രൂപത്തെക്കാളും നാടകത്തെ സിനിമയിലേക്ക് അനുകല്പനം ചെയ്യുന്നതിന് മറ്റേത് സാഹിത്യ രൂപത്തേക്കാളും സാധ്യതയേറുന്നതാണ്. കാരണം അവതരണത്തെ (Performance) ഉദ്ദേശിച്ചാണ് നാടകകൃത്ത് തന്റെ സർഗ്ഗസൃഷ്ടി ഒതുക്കുന്നത്.

അനന്തകൃഷ്ണൻ : എന്നിരുന്നാലും നാടകത്തിന്റെ സിനിമയിലേക്കുള്ള പകർന്നാട്ടത്തിൽ മൂലകൃതിയുടെ സത്തയെ സമ്പൂർണമായി അനുകല്പനത്തിലേക്ക് പകരാൻ കഴിയുമോ?

കാർത്തിക : അനുവർത്തനം തന്നെ പല തരത്തിലുണ്ട്. അത് സമഗ്രാനുകല്പനമോ (Faithful Adaptation ) ലളിതാനുകല്പനമോ (Loose Adaptation)ആകാം. അനുകല്പനം കേവലം യാന്ത്രികമായ ഒരു പ്രകൃയയല്ലല്ലോ. കലാകാരന്റെ (Auteur) ആവിഷ്കാര സ്വാതന്ത്ര്യത്തിന് സ്വാതന്ത്രമായ സാധ്യത ഉണ്ടാകുമ്പോഴാണല്ലോ പുതിയ കലാസൃഷ്ടികൾക്ക് സാധ്യതയേറുന്നത്.

അനന്തകൃഷ്ണൻ : മലയാള സിനിമയിലെ ഷേക്സ്പീരിയൻ
അഡാറ്റേപ്റ്റേഷനുകളിൽ ജയരാജ് എന്ന ചലച്ചിത്രകാരന്റെ രചനകൾക്ക് അദ്വിതീയമായ ഒരിടമുണ്ട്. ഇവയിൽ തന്നെ ഏറ്റവും മികച്ചത് എന്ന് തോന്നിയത് ഏതാണ്?

കാർത്തിക : ജയരാജിന്റെ മൂന്ന് ഷേക്സ്പീരീയൻ അഡാപ്റ്റേഷനുകളാണ് നിലവിലുള്ളത്. കളിയാട്ടം (ഒഥല്ലോ), കണ്ണകി (ആന്റണി ആൻഡ് ക്ലിയോപാട്ര ), വീരം (മാക്ബെത് ). പക്ഷെ ഇവയിൽ ഏറ്റവും മികച്ചതായി അനുഭവപ്പെട്ടത് തീർച്ചയായും കളിയാട്ടമാണ്. മികച്ച ആസൂത്രണവും തികഞ്ഞ ആത്മ സമർപ്പണവും ആ സിനിമയുടെ ഒരുക്കത്തിൽ നമുക്ക് അനുഭവിക്കാൻ കഴിയുന്നതിനു വേറൊരു കാരണം കൂടിയുണ്ട്. ബൽറാം മട്ടന്നൂരുമായി ചേർന്നീ തിരക്കഥ ഒരുക്കുന്ന അതിനുമുമ്പ് ജയരാജ് ഷേക്സ്പിയറുടെ മൂലകൃതിയെ മാത്രമല്ല ഉപാധിച്ചത്, മറിച്ച് ഷേക്സ്പീരിയൻ അനുകല്പനങ്ങളെ കൂടിയാണ്. അതിൽ സാംബശിവന്റെ കഥാപ്രസംഗവും ഉൾപ്പെടും.

അനന്തകൃഷ്ണൻ : ഷേക്സ്പിയറിന്റെ കഥാപാത്രങ്ങൾ അനുകല്പനങ്ങൾ നമ്മുടെ നാട്ടിലേക്കെത്തുമ്പോൾ കഥാപാത്രത്തിനു വലിയ മാറ്റം ഉണ്ടാകുന്നില്ലെങ്കിലും കഥാപരിസരത്തിന് മാറ്റമുണ്ടാകുന്നുണ്ടല്ലോ! അതിനെ എത്തരത്തിലാണ് കാണുന്നത്?

കാർത്തിക : ഷേക്സ്പീരി യൻ നാടകങ്ങളുടെ ആഗോള പ്രസക്തിയാണ് ഇതിലൂടെ വെളിവാകുന്നത്. ചിലപ്പോഴൊക്കെ തോന്നിപോകുന്നത് മൂല കൃതിയിലെ വൈകാരിക തലങ്ങളെ ഒന്നൂടെ ജ്വലിപ്പിക്കാൻ കിഴക്കിന്റെ സാംസ്കാരിക സങ്കേത ങ്ങൾക്ക് കഴിയുന്നുണ്ടെന്നാണ്. മാക്ബെത്തിലെ മൂന്ന് മന്ത്രവാദിനികൾക്കു പകരമായി പല സിനിമകളിൽ നേഴ്സ് ആയോ (BBC 4 Macbeth, 2013), പോലീസ് ഇൻസ്‌പെക്ടർ ആയോ (Maqbool,2003) ഒക്കെ വരാം. ഇതിൽ നിന്നൊക്കെ ഞെട്ടിക്കുന്ന ഒരുദാഹരണം പടിഞ്ഞാറ് നിന്ന് തന്നെ പറയാം. ജെഫ്രി റൈറ്റിന്റെ മാക്ബത്തിൽ മൂന്ന് മന്ത്രവാദിനികൾക്ക് പകരമായി പ്രത്യക്ഷപ്പെടുന്നത് മൂന്ന് സ്കൂൾ കുട്ടികളാണ്.

അനന്ത കൃഷ്ണൻ : മൂല കൃതിയിൽ നിന്നുള്ള ച്യുതി പൊതുവെ അനുകല്പന ങ്ങൾക്ക് ആരോപിക്കപ്പെടുന്നുണ്ട്. ഇതേക്കുറിച്ചുള്ള അഭിപ്രായമെന്താണ്? അനുകല്പനങ്ങൾക്ക് ചിലപ്പോഴെങ്കിലും മൂല കൃതികൾക്കു മേൽ ഉയരാൻ സാധിക്കുന്നില്ല?

കാർത്തിക : ഒന്നാമതായി അനുകല്പനം രണ്ടാംതരം സൃഷ്ടികൾ അല്ല. സർഗ്ഗാത്മകതയോടൊപ്പം സൂക്ഷ്മമായ നിരീക്ഷണവും ആവശ്യപ്പെടുന്ന സങ്കീർണമായ പ്രക്രിയയാണിത്. അതുകൊണ്ടുതന്നെ മൂലകൃതിയെ ആധാരമാക്കി കൊണ്ട് നടത്തുന്ന സ്വതന്ത്രമായ കലാസൃഷ്ടിയാണ് അനുകല്പനം. സാഹിത്യ വിമർശനത്തെ കുറിച്ച് ഇതേ ആരോപണം നിലവിൽ ഉണ്ടല്ലോ! എന്നാൽ സർഗപ്രതിഭ ഏറെ വേണ്ടുന്ന ഒന്നാണല്ലോ വിമർശനത്തിന്റെ ലോകം. അനുകല്പനവും മൂലകൃതിയും തമ്മിലുള്ള താരതമ്യം പോലും ചെയ്തു കൂടാത്തതാണ്.
അനന്തകൃഷ്ണൻ : ഇതേക്കുറിച്ച് പറഞ്ഞപ്പോഴാണ് ഇടയ്ക്ക് പുറത്തിറങ്ങിയ ദിലീഷ് പോത്തന്റെ ജോജി യെക്കുറിച്ച് ഓർത്തത്. അതിലെ മാക്ബെത്തിയൻ അംശത്തെക്കുറിച്ച് പരാതികൾ ഏറെ ഉയർന്നു കേട്ടിരുന്നു.

കാർത്തിക : ഇത് നാം നേരത്തെ ചർച്ച ചെയ്തത് പോലെ അനുകല്പനങ്ങളെ കുറിച്ചുള്ള തെറ്റിദ്ധാരണയിൽ നിന്നാണ് ഉണ്ടായിട്ടുള്ളത്. ജോജിയിലെ മാക്ബെത്തി യൻ അംശം ജോജിയുടെ പാത്ര സൃഷ്ടിയിൽ തെളിഞ്ഞുകാണാം. അധികാരത്തിന്റെയും സമ്പത്തിന്റെയും കേന്ദ്രത്തിൽ നിന്നും മാറ്റി നിർത്തപ്പെടുമ്പോൾ വ്യക്തി ബന്ധങ്ങൾക്ക് പോലും വിലകൽപ്പിക്കാതെ ഏതറ്റം വരെയും പോകാൻ ഒരുക്കം ഉള്ള ഒരു മനുഷ്യന്റെ മനസ്സ് ആണ് ഷേക്സ്പിയർ തന്റെ ക്യാൻവാസിൽ പകർത്തിയത്. ആ ചായക്കൂട്ടുകൾ ജോജിയിലും കാണാം.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച  ‘ഷെയ്ക്‌സ്പിയര്‍ സമ്പൂര്‍ണ്ണ കൃതികള്‍’ ഓര്‍ഡര്‍ ചെയ്യാന്‍ സന്ദര്‍ശിക്കൂ

 

 

Comments are closed.