DCBOOKS
Malayalam News Literature Website

തോപ്പിൽ ഭാസിയുടെ ഭാര്യ അന്തരിച്ചു

ആലപ്പുഴ: നാടകകൃത്തും ചലച്ചിത്ര സംവിധായകനും കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവുമായിരുന്ന തോപ്പില്‍ ഭാസിയുടെ ഭാര്യ അമ്മിണിയമ്മ (86) അന്തരിച്ചു. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം.

കമ്യൂണിസ്റ്റ് നേതാവും ആദ്യ നിയമസഭാ സ്പീക്കറുമായിരുന്ന ആര്‍ ശങ്കരനാരായണന്‍ തമ്പിയുടെ മൂത്ത സഹോദരി ചെല്ലമ്മ കേട്ടിലമ്മയുടെയും അശ്വതി തിരുനാള്‍ രാമവര്‍മ്മയുടെയും മകളായിരുന്നു അമ്മിണിയമ്മ. 1951 ല്‍ ഒളിവിലിരിക്കുമ്പോഴായിരുന്നു തോപ്പില്‍ ഭാസി അമ്മിണിയമ്മയെ വിവാഹം കഴിച്ചത്. മക്കള്‍: അന്തരിച്ച സംവിധായകന്‍ അജയന്‍, സോമന്‍, പരേതനായ രാജന്‍, സുരേഷ്, മാല.

വിവാഹവും അതിനുശേഷമുള്ള ഒളിവുകാല ജീവിതവും  ഒളിവിലെ ഓര്‍മകള്‍ എന്ന പുസ്തകത്തില്‍ ഭാസി പറയുന്നുണ്ട്. ഒടുവിലെ ഓര്‍മ്മകള്‍ക്കു ശേഷം തോപ്പില്‍ ഭാസി രചിച്ച ഓര്‍മ്മപ്പുസ്തകം ഒളിവിലെ ഓര്‍മക്കുശേഷം ഡിസി ബുക്സാണ് പ്രസിദ്ധീകരിച്ചത്.
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും നിയമസഭാ സാമാജികനും കൂടിയായിരുന്നു തോപ്പില്‍ ഭാസി. ഒന്നാം കേരളനിയമസഭയില്‍ പത്തനംതിട്ട നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായാണ് ഭാസി നിയമസഭയിലെത്തിയത്. അദ്ദേഹത്തിന്റെ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകം മലയാള നാടക ചരിത്രത്തില്‍ അവിസ്മരണീയമായ ഒന്നാണ്. ഒളിവില്‍ കഴിയുന്ന സമയത്താണ് ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകം തോപ്പില്‍ ഭാസി എഴുതുന്നത്. ഏതാനും ചെറുകഥകളും ‘ഒളിവിലെ ഓര്‍മകള്‍’ എന്ന ആത്മകഥയും രചിച്ചിട്ടുണ്ട്. നൂറിലേറെ ചലച്ചിത്രങ്ങള്‍ക്ക് തോപ്പില്‍ ഭാസി തിരക്കഥയെഴുതിയിട്ടുണ്ട്. 

Comments are closed.