പരിസ്ഥിതിലോലം എന്നാല്‍ ജനവിരുദ്ധം എന്നല്ല: പ്രൊഫ.മാധവ് ഗാഡ്ഗില്‍
പ്രൊഫ.മാധവ് ഗാഡ്ഗില്‍/ ഡോ.വി.എസ്.വിജയന്‍
മൊഴിമാറ്റം: ആര്‍.കെ.ബിജുരാജ്
ഡോ. മാധവ് ഗാഡ്ഗില്‍: സര്‍ക്കാര്‍ ജനങ്ങള്‍ക്കും പരിസ്ഥിതിക്കും അനുകൂലമായ നടപടികള്‍ എടുക്കണം. ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളായി കണക്കാക്കുന്നത് ഡെന്‍മാര്‍ക്ക്, നോര്‍വെ, സ്വീഡന്‍, ഫിന്‍ലാന്‍ഡ് എന്നിവയാണ്. ഇവ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ എന്നാണ് അറിയപ്പെടുന്നത്. ഇവിടെ പരിസ്ഥിതി സംരക്ഷണത്തിനുള്ള മെച്ചപ്പെട്ട സംവിധാനങ്ങള്‍ ഉണ്ട്. അവിടെ പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള അന്തരം കുറവാണ്. സാമൂഹികതുല്യതയും ജനാധിപത്യവുമാണ് ഈ രാജ്യങ്ങളിലുള്ളത്. പരിസ്ഥിതിസംരക്ഷണതിന് വളരെ അനുകൂലമായ അന്തരീക്ഷം ഉണ്ടാക്കിയിരിക്കുന്നു. അക്കാരണത്താലാണ് അവര്‍ ലോകത്ത് ഏറ്റവും സന്തോഷകരമായ രാജ്യങ്ങളായി തുടരുന്നത്.
രണ്ടുവര്‍ഷം തുടര്‍ച്ചയായി ഉണ്ടായ പ്രളയവും വ്യാപകമായ ഉരുള്‍പൊട്ടലും ഗൗരവമേറിയ ചര്‍ച്ചകളിലേക്കു കേരളത്തെ നയിച്ചിട്ടുണ്ട്. പശ്ചിമഘട്ടത്തെ തകര്‍ക്കുന്ന കൈയേറ്റങ്ങളും അനധികൃത ഖനനങ്ങളും ഒരിക്കല്‍ക്കൂടി നമ്മുടെ ശ്രദ്ധയിലേക്കു വന്നു. പശ്ചിമഘട്ടത്തിന്റെ സംരക്ഷണം അടിയന്തര ആവശ്യമാണെന്ന് ആധികാരികവും വസ്തുനിഷ്ഠവുമായി ആദ്യം പറഞ്ഞവരില്‍ ഒരാള്‍ ഡോ. മാധവ് ഗാഡ്ഗില്‍ ആണ്. അദ്ദേഹം ചെയര്‍മാനായിരുന്ന കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെതിരേ വലിയ പ്രതിഷേധം ഇവിടെ ഉയര്‍ന്നു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരേ നിക്ഷിപ്ത താത്പര്യത്തോടെ തെരുവില്‍ അക്രമവുമായി ഇറങ്ങിയവര്‍ക്കുപോലും ഇന്ന് പുനര്‍ചിന്തനം അനിവാര്യമായിരിക്കുന്നു. ഇപ്പോള്‍ കേരളം പല രീതിയില്‍ മാധവ് ഗാഡ്ഗിലിലേക്കു മടങ്ങിപ്പോവുകയാണ്.
പ്രളയത്തിന്റെ പശ്ചാത്തലത്തില്‍, ‘എന്തുകൊണ്ട് കേരളത്തിനുമേല്‍ പ്രകൃതികോപം’ (Why Kerala facing the wrath of Nature) എന്ന വിഷയത്തില്‍, പൂനെയിലുള്ള ഡോ. മാധവ് ഗാഡ്ഗിലുമായി കേരളത്തിലെ പ്രശസ്ത പരിസ്ഥിതിപ്രവര്‍ത്തകനും ഗാഡ്ഗില്‍ കമ്മിറ്റിയില്‍ അംഗവുമായ ഡോ. വി.എസ്. വിജയന്‍ വീഡിയോ സംഭാഷണം നടത്തി. തിരുവനന്തപുരത്ത് നടന്ന സ്‌പെയ്‌സസ് പരിപാടിയുടെ ഭാഗമായിട്ടായിരുന്നു സംഭാഷണം.
ഡോ. വി.എസ്. വിജയന്‍: ഈ സംഭാഷണത്തിന്റെ ഉദ്ദേശ്യം നമ്മളെല്ലാം ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് എന്നു വിളിക്കുന്ന പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ സുവ്യക്തമാക്കുക എന്നുള്ളതാണ്. അതില്‍ ചില വിഷയങ്ങളെപ്പറ്റി വലിയ വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. 175 യോഗങ്ങളിലും മറ്റും സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ വ്യക്തിപരമായി എനിക്ക് അനുഭവപ്പെട്ട പ്രശ്‌നം, പലര്‍ക്കും ചില മേഖലകളെ പരിസ്ഥിതി സെന്‍സിറ്റീവ് എന്നു പ്രഖ്യാപിക്കുന്നതിന്റെ അര്‍ത്ഥവും ഉദ്ദേശ്യവും എന്താണെന്നു മനസ്സിലായിട്ടില്ല എന്നതാണ്. പൊതുജനത്തിന് മാത്രമല്ല, രാഷ്ട്രീയനേതാക്കള്‍, മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും ഇതു മനസ്സിലായിട്ടില്ല. ജനങ്ങള്‍ക്ക് താങ്കളില്‍നിന്നുതന്നെ അക്കാര്യങ്ങള്‍ നേരിട്ട് അറിയാന്‍ താത്പര്യമുണ്ട്. എന്താണ് പരിസ്ഥിതിപരമായി സെന്‍സിറ്റീവായ മേഖല?
ഡോ. മാധവ് ഗാഡ്ഗില്‍: ആളുകളില്‍ തെറ്റിദ്ധാരണയുണ്ടാകുന്നതും മനസ്സിലാകാതെ പോകുന്നതും സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ 2011-ല്‍ സമര്‍പ്പിച്ച ഞങ്ങളുടെ പാനല്‍ റിപ്പോര്‍ട്ടില്‍ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അത് മലയാളത്തിലേക്കും മറ്റ് സംസ്ഥാന ഭാഷകളിലേക്കും മൊഴിമാറ്റി പ്രസിദ്ധീകരിക്കണമെന്ന്. അത് പശ്ചിമഘട്ടത്തിലെ എല്ലാ പഞ്ചായത്തുകള്‍ക്കും നല്‍കണമെന്നും പറഞ്ഞിരുന്നു. പഞ്ചായത്തുകളില്‍ തെരഞ്ഞെടുക്കപ്പെട്ടവരില്‍ മാത്രമല്ല, താഴേക്ക് ഗ്രാമസഭകളിലേക്ക് എത്തിക്കണമെന്നും അവര്‍ക്കു മുന്നില്‍ വയ്ക്കണമെന്നും പറഞ്ഞിരുന്നു. അങ്ങനെ ജനങ്ങളുടെ അഭിപ്രായം പരിഗണിച്ച് ഉചിതമായ തീരുമാനം എടുക്കണം. ഞങ്ങള്‍ വ്യക്തമായി പറഞ്ഞിരുന്നു ഞങ്ങളുടെ റിപ്പോര്‍ട്ട് അയവില്ലാത്ത ഉദ്യോഗസ്ഥനിര്‍ദേശങ്ങളായി പരിഗണിക്കരുതെന്ന്. ഞങ്ങളുടേതു പ്രശ്‌നത്തിന്റെ ശാസ്ത്രീയമായ നിരീക്ഷണമാണ്. അത് പ്രാദേശികതലത്തില്‍ ഉചിതമായ ആസൂത്രണത്തിലേക്കു നയിക്കണം. പഞ്ചായത്ത് തലങ്ങളില്‍, എല്ലാ പഞ്ചായത്തുകളും തങ്ങളുടെ വികസനറിപ്പോര്‍ട്ടുകള്‍ തയ്യാറാക്കണം. അതനുസരിച്ച് ജനങ്ങളുടെ അഭിപ്രായംകൂടി പരിഗണിച്ചശേഷമാണ് പരിസ്ഥിതി സംരക്ഷണത്തിന് പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട നപടികള്‍ എടുക്കേണ്ടത്.
ഇന്ന് ആശയവിനിമയത്തിന്റെ പുതിയ സാങ്കേതികവിദ്യകളുടെ അടിസ്ഥാനത്തില്‍ ഇത് കൂടുതല്‍ എളുപ്പത്തില്‍ ചെയ്യാനാവും. ഇത് ആത്മാര്‍ത്ഥമായി ശ്രമിച്ചിരുന്നുവെങ്കില്‍ 2012-ല്‍ തന്നെ വില്ലേജുകളുടെ വികസന റിപ്പോര്‍ട്ടുകള്‍ ലഭിക്കുകയും അവരുടെ പൂര്‍ണമായ ഫീഡ് ബാക്കുകള്‍ ലഭിക്കുകയും ചെയ്‌തേനെ. കൂടാതെ കഴിഞ്ഞ ആറുവര്‍ഷത്തിനുള്ളില്‍ത്തന്നെ പോസിറ്റീവ് നടപടികള്‍ എടുക്കാനുമാകുമായിരുന്നു. പക്ഷേ, അതു നടന്നില്ല. വളരെ ബോധപൂര്‍വംതന്നെ. നിര്‍ഭാഗ്യകരമെന്നു പറയാം. അതിനാലാണ് ഈ ആശയക്കുഴപ്പങ്ങള്‍ എല്ലാം നിലനില്‍ക്കുന്നത്. പരിസ്ഥിതിലോലപ്രദേശം എന്നതിലേക്കു വരാം. ഞങ്ങളുടെ കമ്മിറ്റിയെ നിയമിച്ചത് പശ്ചിമഘട്ടത്തില്‍ പരിസ്ഥിതിപരമായി സെന്‍സിറ്റീവ് (പരിസ്ഥിതിലോല പ്രദേശങ്ങള്‍) ആയ മേഖലകള്‍ കണ്ടെത്താനാണ്. മുമ്പ് സര്‍ക്കാര്‍ സംവിധാനം നടത്തിയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിട്ടായിരുന്നു ഇത്. പരിസ്ഥിതിലോലപ്രദേശം എന്നതിന്റെ നിര്‍വചനം ആദ്യം നടത്തിയത് 2001- ലോ മറ്റോ പ്രണോപ്‌സെന്‍ ചെയര്‍മാനായ ഒരു സര്‍ക്കാര്‍ കമ്മിറ്റിയാണ്. അദ്ദേഹം, അതിനായി മാനദണ്ഡങ്ങളുടെ ഒരു പരമ്പര മുന്നോട്ടുവച്ചിരുന്നു. ഒരു മേഖലയില്‍ മാത്രം കാണുന്ന ജീവ ഇനങ്ങള്‍ (എന്‍ഡെമിക് സ്പീഷീസ്) ഉണ്ടായിരിക്കുന്ന ആവാസവ്യവസ്ഥയെയാണ് അദ്ദേഹം പരിസ്ഥിതിലോലപ്രദേശം എന്നു വ്യക്തമാക്കിയത്. പശ്ചിമഘട്ടത്തെ സംബന്ധിച്ച് അത്തരത്തില്‍ മറ്റൊരിടത്തുമില്ലാത്ത 15,000 ത്തോളം ഇനം ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയുണ്ട്. അദ്ദേഹത്തിന്റെ കമ്മിറ്റി നടത്തിയ നിര്‍വചനത്തിന്റെ അടിസ്ഥാനത്തില്‍ മൊത്തം പശ്ചിമഘട്ടവും പരിസ്ഥിതിലോലപ്രദേശമായി കണക്കാക്കണം. ഒരു മാനദണ്ഡമനുസരിച്ച് പരിസ്ഥിതിലോലപ്രദേശങ്ങള്‍ പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ ഞങ്ങളെ നിയമിച്ചത്. ഞങ്ങള്‍ പിന്തുടരേണ്ടത് ആ മാനദണ്ഡങ്ങളായിരുന്നു. അതനുസരിച്ചാണ് ഞങ്ങളുടെ റിപ്പോര്‍ട്ട് തയ്യാറാക്കപ്പെട്ടത്. എന്നിരുന്നാലും ഞങ്ങള്‍ക്ക് അത് അനു
ചിതമായി തോന്നി.
പരിസ്ഥിതിലോലപ്രദേശം സുപ്രധാന പ്രശ്‌നമാണെന്നതില്‍ തര്‍ക്കമില്ല. ജൈവവൈിധ്യങ്ങള്‍ പരിഗണിക്കേണ്ടതാണ്. അവിടെ നീര്‍ത്തടവുമായി (വാട്ടര്‍ഷെഡ്) ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ട്. പശ്ചിമഘട്ടം നീര്‍ത്തടഗോപുരമാണ്, ഇന്ത്യന്‍ അര്‍ദ്ധദ്വീപിനെ സംബന്ധിച്ച്. ഗോദാവരി, കൃഷ്ണ, കാവേരി എന്നിങ്ങനെ കിഴക്കോട്ട് ഒഴുകുന്ന നദികള്‍ പശ്ചിമഘട്ടത്തില്‍നിന്നാണ് ഉദ്ഭവിക്കുന്നത്. ദൈര്‍ഘ്യം കുറഞ്ഞ, പടിഞ്ഞാറോട്ട് ഒഴുകുന്ന എല്ലാ നദികളും പശ്ചിമഘട്ടത്തിലാണ് ഉടലെടുക്കുന്നത്. ഇന്ത്യന്‍ ഉപദ്വീപിന് ഉപയുക്തമായ എല്ലാ നദികളും പശ്ചിമഘട്ടത്തിലാണു തുടങ്ങുന്നത്. അതിനാല്‍ ഈ നീര്‍ത്തടം സംരക്ഷിക്കുക പ്രധാനമാണ്. മറ്റ് പരിഗണനകളുമുണ്ടായിരുന്നു. ഒരു മേഖല സംരക്ഷിതമായി പ്രഖ്യാപിക്കണമെങ്കില്‍ അവിടെ ആവാസവ്യവസ്ഥയുടെ തുടര്‍ച്ചകൂടി പരിഗണിക്കണം. അത്തരത്തില്‍ പല മാനദണ്ഡങ്ങളും ഉണ്ടായിരുന്നു. ഞങ്ങള്‍ ജനങ്ങളോടും ശാസ്ത്രസമൂഹത്തോടും ചര്‍ച്ചകള്‍ നടത്തിയാണ് മറ്റു മാനദണ്ഡങ്ങള്‍ നിശ്ചയിച്ചത്. 2011 ആദ്യം ഇന്ത്യയിലെ പ്രമുഖ ശാസ്ത്രമാസികയായ ‘കറന്റ് സയന്‍സി’ല്‍ അത്തരം മാനദണ്ഡങ്ങള്‍ പ്രസിദ്ധീകരിച്ചു. അതില്‍ കൂടുതല്‍ ഉയര്‍ന്ന മേഖലകള്‍ കൂടുതല്‍ പരിസ്ഥിതിലോലമാണെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. അവിടെ നടക്കുന്ന പ്രവര്‍ത്തനം ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍പോലുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നു വ്യക്തമാക്കി. അവിടെ കൂടുതല്‍ മഴ ലഭിക്കും, കുത്തനെയുള്ള ചരിവുകളുണ്ട്. അത് സംരക്ഷിച്ചില്ലെങ്കില്‍ നീര്‍ത്തടങ്ങള്‍ക്കു പ്രശ്‌നങ്ങള്‍ നേരിടും. അവിടെ മലയിടിച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നിവ ഉണ്ടാകുമെന്നും പറഞ്ഞിരുന്നു.
പശ്ചിമഘട്ടത്തിലെ അതിവിപുലമായ ജൈവവൈവിധ്യവും പരിഗണിച്ചാണു റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കൂടാതെ ഈ മേഖലയ്ക്ക് വലിയ സാമ്പത്തിക പ്രാധാന്യവും ഉണ്ട്. കുരുമുളക് അടക്കമുള്ള പ്രകൃതിവിഭവങ്ങളുടെ ഏറ്റവും വലിയ കലവറകളില്‍ ഒന്നാണ് പശ്ചിമഘട്ടം. ഇത്തരം വിളകളുടെ ജനതികസംരക്ഷണത്തിനും കൃഷിചെയ്യുന്ന വിളകള്‍ മെച്ചപ്പെടുത്തുന്നതിനും പശ്ചിമഘട്ടത്തെ സംരക്ഷിച്ചുനിര്‍ത്തേണ്ടത് ആവശ്യമാണ്. ഈ മാനദണ്ഡങ്ങള്‍ എല്ലാം പരിഗണിച്ച് പശ്ചിമഘട്ടത്തിലെ വിവിധ മേഖലകളെ പരസ്ഥിതി
ലോലപ്രദേശങ്ങളുടെ വ്യത്യസ്ത മേഖലകളായി തരം തിരിച്ചു. ഞങ്ങള്‍ക്കു പരിസ്ഥിതിയുമായി ബന്ധപ്പെട്ട മറ്റ് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങളുംകൂടി പരിഗണിക്കേണ്ടതുണ്ടായിരുന്നു. വനനയങ്ങള്‍, ജൈവസമ്പത്തിനെ നിലനിര്‍ത്താനുള്ള നയങ്ങള്‍ എന്നിവകൂടിയുണ്ട്. വന നയങ്ങളില്‍ പറയുന്നത് മലമേഖലകളുടെ 66 ശതമാനം വനത്തിന്റെ പരിധിയില്‍ കര്‍ശനമായി നിലനിര്‍ത്തണമെന്നാണ്. വനത്തിന്റെ പരിധിയില്‍ ഒരു മേഖല വരുന്നത് അവിടെ വളരുന്ന പുല്ലുകള്‍, സസ്യജാലങ്ങള്‍ ഒക്കെ പരിഗണിച്ചാണ്. മലമേഖലകളില്‍ സ്വാഭാവികമായ സസ്യജാലങ്ങളുടെ 66 ശതമാനവും നിലനിര്‍ത്തണം. ഇത്തരം നയങ്ങള്‍, സര്‍ക്കാര്‍ തീരുമാനങ്ങള്‍ തുടങ്ങിയ നിരവധി കാര്യങ്ങള്‍ പരിഗണിച്ചാണ് ഞങ്ങളുടെ കമ്മിറ്റി പ്രവര്‍ത്തിക്കേണ്ടിയിരുന്നത്. പശ്ചിമഘട്ടത്തിലെ പല ജീവജാലങ്ങളും മനുഷ്യ ഇടപെടല്‍മൂലം ഭീഷണിയിലാണ്; ശുദ്ധജലമത്സ്യങ്ങള്‍ അടക്കം. മൊത്തം മേഖലയിലും മനുഷ്യ ഇടപെടല്‍ അനുവദിക്കരുത്, ഒന്നും ചെയ്യരുത് എന്ന് പ്രഖ്യാപിക്കുക സാധ്യമല്ലായിരുന്നു. അതിനാലാണ് ഞങ്ങള്‍ പശ്ചിമഘട്ടത്തെ വ്യത്യസ്ത പരിസ്ഥിതിലോലപ്രദേശങ്ങളായി തരം തിരിച്ചത്. കൂടുതല്‍ ലോലം, ഇടത്തരം ലോലം, കുറച്ചു ലോലം എന്നിങ്ങനെ വേര്‍തിരിച്ചു. അങ്ങനെ 60 ശതമാനം മേഖല ഹൈലി സെന്‍സിറ്റീവ് ആണെന്നും 20 ശതമാനം കുറഞ്ഞ സെന്‍സിറ്റീവ് ആണെന്നും ബാക്കി മോഡറേറ്റ്‌ലി സെന്‍സിറ്റീവ് എന്നും തരംതിരിച്ചു. കൃത്യമായ കണക്കല്ല, ഏകദേശ കണക്കാണിത്. ദുഃഖകരമെന്നു പറയാം, ചെറിയ പാനലായിരുന്നു ഞങ്ങളുടേത്. വളരെ കുറഞ്ഞ സാങ്കേതിക സഹായമാണു ലഭിച്ചത്. വളരെ കുറഞ്ഞ പിന്തുണയാണു കിട്ടിയത്. സര്‍ക്കാരിന് കഴിയാവുന്ന പലതും ഞങ്ങള്‍ക്കു ചെയ്തുതന്നുമില്ല.
ഉദാഹരണത്തിന് സോണിങ് അറ്റ്‌ലസ് ഞങ്ങള്‍ക്കു തരാന്‍പോലും കൂട്ടാക്കിയില്ല. കേന്ദ്ര പരിസ്ഥിതി നിയന്ത്രണബോര്‍ഡും സംസ്ഥാന പരിസ്ഥിതിബോര്‍ഡുംകൂടി ചേര്‍ന്നാണ് ജില്ലാതലങ്ങളില്‍ ഈ അറ്റ്‌ലസ് തയ്യാറാക്കിയത്. മലിനീകരണത്തിന്റെ തോത് കണക്കാക്കി ഈ അറ്റ്‌ലസില്‍ മലിനീകരണം ഉണ്ടാക്കാന്‍ സാധ്യതയുള്ള വ്യവസായങ്ങള്‍ തുടങ്ങാന്‍ പാടില്ല എന്നൊക്കെ പറയുന്നതാണ്. പശ്ചിമഘട്ടത്തിലെ ഭൂരിപക്ഷം ജില്ലകളും അറ്റ്‌ലസില്‍ ഉണ്ട്. പക്ഷേ, അവര്‍ അത് ഞങ്ങള്‍ക്കു തരാന്‍ കൂട്ടാക്കിയില്ല. അവസാനം പരിസ്ഥിതികാര്യത്തില്‍ അനുകൂലമായ നിലപാട് എടുത്ത കേന്ദ്രമന്ത്രി ജയറാം രമേഷിന്റെ നിര്‍ബന്ധപ്രകരം ഒറ്റ ജില്ലയുടെ അറ്റ്‌ലസ് തരാന്‍ തയ്യാറായി. മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയുടേതായിരുന്നു അത്. തരാതിരുന്നതിന് ഒരു കാരണം മലീനീകരിക്കപ്പെട്ട നിലയില്‍ ഇന്ത്യ തുടരണമെന്ന് സര്‍ക്കാര്‍ സംവിധാനം നിശ്ചയിച്ചതുകൊണ്ടാണ്. ഒരു രാജ്യം മലിനീകരണത്തില്‍നിന്ന് രക്ഷപ്പെടാന്‍ സര്‍ക്കാരുകള്‍ ആഗ്രഹിക്കാത്തതാണ് കാരണം. ശാസ്ത്രവിദഗ്ധരുടെ പിന്തുണയില്ലാതെ തയ്യാറാക്കിയിട്ടുപോലും ആ അറ്റ്‌ലസില്‍ പശ്ചിമഘട്ടത്തിലെ പല സ്ഥലത്തും വ്യവസായങ്ങള്‍ തുടങ്ങരുതെന്ന് പറഞ്ഞിരുന്നു. ആ അറ്റ്‌ലസും അടിച്ചമര്‍ത്തപ്പെട്ടു. ആ വിലപിടിപ്പുള്ള വിവരം ഞങ്ങളുടെ അടുത്തേക്ക് ഒരിക്കലും വന്നില്ല.
ചെറിയ പാനല്‍, കുറഞ്ഞ വിഭവം എന്നിവ വഴി ഞങ്ങള്‍ക്കു സാധ്യമാകുമായിരുന്നത് മൊത്തത്തിലുള്ള ചില ശിപാര്‍ശകള്‍ നടത്താനാണ്. ഞങ്ങള്‍ക്ക് താഴേക്കു വിശദാംശങ്ങളിലേക്കു പോകാനായില്ല. ശരിക്കും ഗ്രാമീണതലങ്ങളിലെ ആളുകള്‍ക്കാണ് സാഹചര്യങ്ങളെപ്പറ്റി കൃത്യമായ ധാരണയുള്ളത്. ഞങ്ങളുടെ പൊതുവായ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ക്കു മുമ്പില്‍വച്ച്, അവരുടെ നിര്‍ദേശങ്ങള്‍ ലഭിച്ചശേഷം അവസാന ചുവടുകള്‍ വയ്ക്കണം എന്നായിരുന്നു ഞങ്ങള്‍ പറഞ്ഞത്. എന്നാല്‍, സര്‍ക്കാരുകളുടെ മനോഭാവം നേരേ തിരിച്ചായിരുന്നു. പശ്ചിമഘട്ടത്തില്‍ കൂടുതല്‍ കൂടുതല്‍ ക്വാറികള്‍ അനുവദിച്ച് ജനങ്ങളുടെയും മറ്റും ആവാസവ്യവസ്ഥയിലേക്കു കടന്നുകയറുകയാണു ചെയ്തത്. സമാനമായ അനുഭവം പലയിടത്തും ഉണ്ടായി. മഹാബലേശ്വര്‍ എന്ന സ്ഥലത്ത് ഭൂഗര്‍ഭജലം സംരക്ഷിക്കണം എന്നു പറഞ്ഞിരുന്നു. സര്‍ക്കാര്‍ എന്തു ചെയ്തുവെന്നുവച്ചാല്‍ ജനങ്ങളുമായി സംസാരിക്കാതെ ഒന്നും ചെയ്യാതെ ആ മേഖലയെ പരിസ്ഥിതിലോലമെന്ന് പ്രഖ്യാപിക്കുകയും അവിടെ കിണര്‍ കുഴിക്കുന്നത് വിലക്കുകയും ചെയ്തു. മുമ്പ് സ്വന്തം ഭൂമിയില്‍ കിണര്‍ കുഴിക്കാന്‍ അനുമതിയുണ്ടായിരുന്നു. അത് നിഷേധിക്കപ്പെട്ടു. അപ്പോള്‍ ജനങ്ങള്‍ക്ക്, ഉദ്യോഗസ്ഥര്‍ക്ക് 20,000 രൂപവരെ കൈക്കൂലി കൊടുത്ത് കിണറുകള്‍ കുഴിക്കേണ്ടിവന്നു. ഫലത്തില്‍ ഭൂഗര്‍ഭജലം സംരക്ഷിക്കപ്പെട്ടില്ല, ജനങ്ങള്‍ ദ്രോഹിക്കപ്പെടുകയും ചെയ്തു. അതിന്റെ ഫലം പരിസ്ഥിതിലോലപ്രദേശം വേണ്ടെന്നു പറയുന്നതിലേക്ക് ജനങ്ങളെ എത്തിച്ചു എന്നതാണ്. കേരളത്തിലും അതുപോലെതന്നെയുണ്ടായ അനുഭവങ്ങളുടെ പേരില്‍ ജനം എതിരായി. ഞങ്ങള്‍ ജനങ്ങള്‍ക്കുമേല്‍ എന്തെങ്കിലും തരത്തിലുള്ള അടിച്ചേല്പിക്കല്‍ നിര്‍ദേശിച്ചിരുന്നില്ല…
ലേഖനത്തിന്റെ പൂര്‍ണ്ണരൂപം ഒക്ടോബര്‍ ലക്കം പച്ചക്കുതിരയില്‍ വായിക്കുന്നതിനായി സന്ദര്‍ശിക്കുക
Comments are closed.