DCBOOKS
Malayalam News Literature Website

“എന്റെ യാത്ര അവസാനിക്കുകയാണ്‌ “; ലോകത്തിന്‌ നൊമ്പരമായി ഇർഫാന്റെ അവസാന കത്ത്!

(2018 ൽ ക്യാൻസർ ചികിത്സ തുടങ്ങുന്നതിന്‌ മുമ്പായി ഇർഫാൻ ഖാൻ “ദ ടൈംസ്‌ ഓഫ്‌ ഇന്ത്യ’ യിൽ എഴുതിയ തുറന്നകത്ത്‌. നിഷ മഞ്ചേഷിന്റെ സ്വതന്ത്ര പരിഭാഷ.)

എനിക്കറിയാവുന്ന വാക്കുകളുടെ കൂട്ടത്തിലേക്ക് ഒരു രോഗത്തിന്റെ പേര് കൂടി കടന്ന് കൂടിയിട്ടുണ്ട്. എന്തൊരു ഭാരമുള്ള പേരാണത്. മുന്പൊന്നും ഞാൻ പറഞ്ഞു ശീലിച്ചിട്ടില്ലാത്ത ഒന്ന് , ഞാൻ കേട്ട് ശീലിച്ചിട്ടില്ലാത്ത ഒന്ന്, ഞാൻ പരിചയപ്പെട്ടിട്ടുള്ളവയിൽ ഏറ്റവും അപരിചിതമായ ഒന്ന്, ന്യൂറോ എൻഡോക്രൈൻ ക്യാൻസർ… ഒരു ചൂതാട്ടകളിയുടെ ഭാഗമാകുന്നത് പോലെ, ഞാനിപ്പോൾ അതിന്റെ ചികിത്സയുടെ ഭാഗമാകുന്നു….

സ്വപ്നം പോലെ കുതിച്ചു പായുന്ന ഒരു തീവണ്ടി യാത്രയുടെ ആലസ്യത്തിന്റെ അഴക് ആസ്വദിക്കുകയായിരുന്നു ഇതുവരെ ഞാൻ. എന്റെ ഒപ്പം യാത്രക്കാരായി എണ്ണിയാലോടുങ്ങാത്ത മോഹങ്ങളും ലക്ഷ്യങ്ങളും പ്രതീക്ഷകളും ആകാശത്ത് ഒഴുകുന്ന മേഘങ്ങളെ പോലെ കൂട്ടിനുണ്ടായിരുന്നു . ഒന്ന് ഒന്നിനെ തൊട്ടും തലോടിയും…

സമാധാനം കൊണ്ട് പൊതിഞ്ഞു പിടിച്ചു നിന്ന അത്ര സുന്ദരമായൊരു നിമിഷത്തിലാണ് പിന്നിൽ നിന്ന് ഒരാൾ പെട്ടന്നു എന്നെ തൊട്ടു വിളിച്ചത്. സഹയാത്രികൻ എന്നു കരുതി ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അയാൾ അപരിചിതനായ ഏതോ ഉദ്യോഗസ്ഥനെ പോലെ എന്നോട് ഇറങ്ങാൻ തയ്യാറെടുക്കാൻ പറഞ്ഞു, എന്റെ യാത്ര അവസാനിക്കുകയാണെന്ന്, എന്റെ ലക്ഷ്യ സ്ഥാനം എത്തിയിരിക്കുന്നെന്നു അയാൾ പറഞ്ഞു. ഇയാളെന്തിന് എന്നോട് നുണപറയുന്നെന്നു എനിക് ആശ്ചര്യം തോന്നി. ഇത് എന്റെ സ്ഥലമല്ലെന്നു ഞാൻ അയാളോട് തർക്കിച്ചു, പക്ഷെ അയാൾ അത് നിസ്സംഗത നിറഞ്ഞ ഒരു ചിരിയിൽ അവഗണിച്ചു, ചില യാത്രകൾ ഇങ്ങനെയാണ് അവസാനിക്കുന്നത്, ചിലപ്പോൾ അവസാന സ്റ്റേഷനുകൾ ഇങ്ങനെയും കാണപ്പെടുമെന്ന് തീർത്തു പറഞ്ഞുകൊണ്ട് അയാൾ നടന്നു പോയി.

പെട്ടന്ന് സഹായത്രികരെയെല്ലാം നഷ്ടപ്പെട്ട്, ഞാനൊരു ഭാരമില്ലാത്ത നിസഹായതയായി മാറി . ഒരു കടൽ ചുഴിയിൽ പെട്ട് വട്ടം ചുറ്റുന്ന കൊച്ചു കുഞ്ഞിനെ പോലെ ജീവനെ ചേർത്ത് പിടിക്കാനുള്ള വിഭല ശ്രമങ്ങളാൽ ഞാൻ തളരാൻ തുടങ്ങി. ഭയവും ആശങ്കകളും കൊണ്ട് ഞാൻ കൂടുതൽ കൂടുതൽ അവശനായി. ഭയന്ന് ചേക്കേറിയ ഏതോ ഒരു ആശുപത്രി വരാന്തയിലെ സന്ധ്യയിൽ എന്റെ മകനെ ചേർത്തുപിടിച്ചു ഞാൻ പറഞ്ഞു – ഈ മുറിവ് പറ്റിയ കാലത്തെ എനിക്ക് ധൈര്യത്തോടെ നേരിടാൻ കഴിയണം, അത്ര മാത്രം എനിക്ക് വേണം, അത് മാത്രം ഞാൻ ആഗ്രഹിക്കുന്നു , പതറിപ്പോയ ഒരാളായിത്തീരാൻ എനിക്ക് വയ്യ.

പിന്നെ എല്ലാ ശ്രമങ്ങളും അതിനായിരുന്നു, ഞാൻ എന്റെ ആത്മ വിശ്വാസം കൊണ്ട് എന്റെ രോഗത്തെ ഞാൻ നേരിടുന്നു എന്ന് സ്വയം ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങൾ .പക്ഷേ അപ്പോഴേക്കും അസഹനീയമായ വേദന വന്ന് എന്റെ എല്ലാ പേടികൾക്കും ആശങ്കകൾക്കും മേൽ ആധിപത്യം സ്ഥാപിച്ചു തുടങ്ങി. അതുവരെ കണ്ട ലോകമെല്ലാം വേദന എന്ന ഒറ്റ ബിന്ദുവായി എന്നിലേക്ക് പൊതിഞ്ഞു കയറി , വേദനയിലും വലുതൊന്നും പ്രപഞ്ചത്തിൽ ഇല്ലെന്ന് ഞാനറിഞ്ഞു.

തളരാൻ പോലും ആവാത്ത വിധം തളർത്തുന്ന വേദനയോടെ ഞാൻ ഈ ആശുപത്രിയിൽ എത്തുമ്പോൾ എനിക്ക് അറിയില്ലായിരുന്നു ഒരു കാലത്തെ എന്റെ സ്വപ്ന ലോകത്തിന് ഇപ്പുറമാണ് ഞാൻ ഉള്ളതെന്ന്. ലോഡ്‌സ്, എന്റെ കുട്ടിക്കാല സ്വപ്നങ്ങളുടെ പറുദീസ… അറുത്തു പിടിക്കുന്ന വേദനയ്ക്ക് ഇടയിലൂടെ ഒരു ജനൽ കാഴ്ചയുടെ ദൂരത്തിൽ നിന്നു കൊണ്ട് ഒരു ദിവസം വിവിയൻ റിച്ചാർഡ് ചിരിച്ചു നിൽക്കുന്നൊരു ചിത്രം കണ്ട് ഞാനും ചിരിക്കാൻ ശ്രമിച്ചു . എനിക്ക് എത്തിപ്പെടാൻ കഴിയാതെ പോയ, എന്റേതല്ലാതെ പോയ ഒരു ലോകത്തിന്റെ സൗരഭ്യത്തെ അപ്പോൾ ഞാൻ ആസ്വദിച്ചു. ഓർമ്മകൾക്ക് അപ്പോൾ എന്നെ ചേർത്ത് പിടിക്കാൻ കഴിയുന്നുണ്ടായിരുന്നു.

ഓർമ്മകളുടെയുടെ മരുന്നുകളുടെയും ലഹരിയിൽ മയങ്ങി കിടന്ന പകലുകൾക്കും രാത്രികൾക്കും ശേഷം ഒരു ദിവസം ബാൽക്കണി കാഴ്ചകളിൽ ജീവിതം കണ്ടു നിൽക്കെ ആണ് ഞാനത് അറിഞ്ഞത് , എന്റെ മുറയ്ക്ക് മുകളിൽ ആശുപത്രിയുടെ കോമാ വാർഡ് ആണ് ഉള്ളത് . എനിക്കപ്പോൾ മരണത്തിനും ജീവിതത്തിനുമിടയിലൂടെ ഒഴുകുന്ന ഒരു നീളൻ പാതയാണ് ഞാൻ എന്നു തോന്നി . മറുപുറത്തെ ആരവങ്ങളിലേയ്ക്ക് എനിക്ക് എത്താൻ കഴിഞ്ഞാൽ ജീവിതമെന്ന അഭൗമ ലോകത്തിലേക്ക് ഞാൻ എത്തുമെന്ന തോന്നൽ എന്നെ ആഴത്തിൽ ബാധിച്ചു , അതെന്റെ കരുത്താകുന്നത് ഞാൻ അറിഞ്ഞു . എന്റെ മുൻപൊട്ടുള്ള ദിവസങ്ങൾ എനിക്ക് എന്ത് തരുമെന്ന് ആലോചിക്കാതെ എന്നെ സമർപ്പിക്കാൻ എനിക്കത് പ്രേരണ നൽകി , ജീവിതത്തെ ആദ്യമായി രുചിക്കും പോലെ ,അത്ര മാസ്മരികമായി മുന്പൊന്നും രുചിച്ചിട്ടില്ല എന്ന പോലെ ഞാൻ എന്നെയും എന്റെ ജീവിതത്തെയും നുകർന്ന് തുടങ്ങി , സ്വാതന്ത്ര്യമെന്നത് പൂർണ്ണമായ അർത്ഥത്തിൽ എനിക്ക് മുൻപിൽ തെളിഞ്ഞു വന്നു , പ്രപഞ്ചത്തിന്റെ സൗന്ദര്യവും അനന്തമായ അറിവും എന്റെ ശരീരത്തിലും നിറയുന്നത് ഞാനറിഞ്ഞു ….എല്ലാ നിരാശകളിൽ നിന്നും ഞാൻ ഉയിർത്തു വന്നു.

ഇപ്പോൾ എന്നെ തേടിയെത്തുന്ന ആശംസകൾ ,പ്രാർഥനകൾ, സ്നേഹങ്ങൾ എല്ലാം ഒന്നായി , ഒറ്റ ശക്തിയായി എന്റെ നാഡീവ്യൂഹങ്ങളിൽ നിറഞ്ഞു എന്നെ കിരീടമണിയിക്കുന്നു , സ്നേഹത്തിന്റെ ഒരു പൂവായ് ,ഇലയായ് , ചെടിയായി ഞാൻ വിരിയുന്നു . ഞാനിപ്പോൾ ചുഴിയിൽപ്പെട്ടൊരു കുഞ്ഞല്ല , സര്വ്വ ലോകങ്ങളും തൊട്ടിലാട്ടുന്നൊരു സ്വപ്നമാണ്, മുറിവും വേദനയും തൊടാത്ത മരണം കൊണ്ട് പൊഴിയാത്ത ഒരു സ്വപ്നം..

Comments are closed.