DCBOOKS
Malayalam News Literature Website

അനുരാഗികളിലെ ‘ആണും പെണ്ണും’

ജൂലൈ  ലക്കം പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ചത്

ഡോ. ശ്രീകല മുല്ലശ്ശേരി

മനുഷ്യന്റെ പരിണാമചക്രത്തില്‍, മനുഷ്യന്‍ ഉണ്ടായത് മുതല്‍ വിവിധങ്ങളായ ലൈംഗികത നിലനില്‍ക്കുന്നുണ്ട്. അത് കഥയിലും കവിതയിലും കലയിലും ആവിഷ്‌കരിച്ചിട്ടുണ്ട്. സ്വാഭാവികം എന്ന് കരുതപ്പെടുന്ന സ്ത്രീ പുരുഷ ബന്ധങ്ങളോടൊപ്പം തന്നെ ലൈംഗികന്യൂനപക്ഷ സമൂഹം അവരുടെ സ്വത്വപ്രകാശനം സാംസ്‌കാരിക മേഖലയിലെ എല്ലാ രംഗത്തും വെളിപ്പെടുത്തിയിട്ടുണ്ട്. ഈ സാമ്പ്രദായിക വ്യവസ്ഥിതിയില്‍ നിന്നും വ്യതിചലിച്ച് സ്വന്തം ലൈംഗികസ്വത്വം സമൂഹത്തിന് മുന്നില്‍ ഉയര്‍ത്തിപിടിക്കുമ്പോഴും സ്വവര്‍ഗാനുരാഗികള്‍ അനുകരണീയമാം വിധം ഭിന്നലൈംഗിക സംസ്‌ക്കാരത്തിന്റെ സ്വാധീനത്തില്‍ പെട്ട് ഉഴലുന്നത് കാണുവാന്‍ കഴിയും.

”ഞാന്‍ ഒരിക്കല്‍ ഇവളോട് ചോദിച്ചു, ഞാന്‍ ഒരാണായിരുന്നുവെങ്കില്‍ നമുക്ക് കല്യാണംകഴിക്കാമായിരുന്നില്ലേ എന്ന്. നമ്മുടേത് ഒരു മുസ്‌ലിംഫാമിലികൂടിയാണല്ലോ… അതുകൊണ്ട് മതവും കുഴപ്പമില്ല” (2022 ജൂണ്‍).

pachakuthiraസ്വവര്‍ഗാനുരാഗികളായ ആദില നസ്രിനും ഫാത്തിമ നൂറയും പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികളായതിനാല്‍ സ്വന്തം ഇഷ്ടത്തിന് അനുസരിച്ചു ജിവിക്കാനുള്ള ഭരണഘടനാപരമായ അവകാശമുണ്ടെന്ന് കേരള ഹൈകോടതി നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് അവര്‍ രണ്ടുപേരും മാധ്യമങ്ങള്‍ക്ക് കൊടുത്ത അഭിമുഖത്തിനിടയില്‍ ആദിലനസ്‌റിന്‍ പറഞ്ഞ കാര്യമാണ് മുകളില്‍ കൊടുത്തത്.ഒരുപക്ഷെ സാമൂഹിക അധീശ്വത്വം സ്ഥാപിച്ചെടുത്ത ആണ്‍ പെണ്‍ ഭിന്നലൈംഗികതയിലേക്ക് കടന്നാലുള്ള സുരക്ഷിതത്വവും സാമൂഹിക അംഗീകാരവുമായിരിക്കും ഇങ്ങിനെ ചിന്തിക്കാന്‍ അവരറിയാതെതന്നെ അവരെ പ്രേരിപ്പിച്ചഘടകം. അത് സ്വാഭാവികവുമാണ്. ഇതേ വാക്കുകളായിരുന്നു 35 വര്‍ഷം മുമ്പ് മാധവിക്കുട്ടിയില്‍ നമ്മള്‍ വായിച്ചത്.

”ഷീല, നീ ഒരാണ്‍കുട്ടിയായിരുന്നുവെങ്കില്‍ നിനക്ക് എന്നെ സ്‌നേഹിച്ചു തുടങ്ങാമായിരുന്നു. എന്റെ അച്ഛന്‍ നിന്നെ പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് ഞാന്‍ നിന്റെ ഗുരുപുത്രിയാണ്. ഗുരുപുത്രിമാരെ സ്‌നേഹിച്ച രാജകുമാരന്മാരെപറ്റി നീ കേട്ടിട്ടില്ലേ? നിയെന്തുകൊണ്ട് ഒരാണായി
ജനിച്ചില്ല?” ഇത് 1988-ല്‍ മാധവിക്കുട്ടി എഴുതിയ ‘ചന്ദനമരങ്ങളി’ലെ സ്വവര്‍ഗാനുരാഗികളായ ഷീലയും കല്യാണിക്കുട്ടിയും തമ്മിലുള്ള സംഭാഷണമാണ്.

കേരളത്തിന്റെ പൊതുബോധത്തില്‍, ‘ചന്ദനമരങ്ങളി’ലെ കല്യാണിക്കുട്ടിയും ഷീലയും മൂന്നരപതിറ്റാണ്ടിനുശേഷവും മാറ്റമില്ലാതെ തുടരുന്നുവെന്ന് ആദില-നൂറ സ്വവര്‍ഗാനുരാഗികളുടെ വിഷയം തെളിയിക്കുന്നു. ഇത് സ്വന്തം ലൈംഗികതയും സ്വത്വവും എന്താണെന്ന് തിരിച്ചറിഞ്ഞിട്ടും, ഒരുമിച്ചുള്ള ഒരു ജീവിതത്തിന് വേണ്ടി, ആണ്‍-പെണ്‍ ദ്വന്ദങ്ങള്‍ പേറുന്ന ഭിന്നലൈംഗികത സങ്കല്‍പ്പത്തിലേക്ക് ചേക്കേറാന്‍ സ്വവര്‍ഗാനുരാഗികളെപോലും ചിന്തിപ്പിക്കുന്ന ഘടകമാണ്.

പൂര്‍ണ്ണരൂപം ജൂലൈ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജൂലൈ ലക്കം ലഭ്യമാണ്‌

Comments are closed.