DCBOOKS
Malayalam News Literature Website

വീണ്ടും സ്വാഗതം; എയര്‍ ഇന്ത്യയെ വീണ്ടും കുടുംബത്തിലേക്ക് സ്വാഗതം ചെയ്ത് രത്തന്‍ ടാറ്റ

മുംബൈ: എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതില്‍ സന്തോഷം പങ്കുവെച്ച് രത്തന്‍ ടാറ്റ. 68 വര്‍ഷം മുമ്പ് എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്ന് ഇറങ്ങിവരുന്ന തന്റെ ചിത്രം പങ്കുവെച്ചാണ് രത്തന്‍ ടാറ്റ സന്തോഷം പങ്കുവെച്ചത്.

‘വീണ്ടും സ്വാഗതം, എയര്‍ ഇന്ത്യ’ എന്ന അടിക്കുറിപ്പോടെയാണ് രത്തന്‍ ടാറ്റ ചിത്രം പങ്കുവെച്ചത്. 18,000 കോടി രൂപയ്ക്കാണ് എയര്‍ ഇന്ത്യയെ ടാറ്റ സ്വന്തമാക്കിയത്. കൈമാറ്റം അടുത്തവര്‍ഷത്തോടെ പൂര്‍ത്തിയാക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്.

എയര്‍ ഇന്ത്യയുടെ നൂറു ശതമാനം ഓഹരിയും കൈമാറാനാണ് സര്‍ക്കാര്‍ തീരുമാനം. എയര്‍ ഇന്ത്യ എക്സ്പ്രസില്‍ എയര്‍ ഇന്ത്യയ്ക്കുള്ള ഓഹരിയും എയര്‍പോര്‍ട്ട് സര്‍വീസ് കമ്പനിയായ സാറ്റ്സിന്റെ അമ്പത് ശതമാനം ഓഹരിയും കൈമാറാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

നേരത്തെ ടാറ്റ എയര്‍ലൈന്‍സാണ് ദേശസാല്‍ക്കരിച്ച് എയര്‍ ഇന്ത്യയാക്കിയത്. 67 വര്‍ഷത്തിന് ശേഷമാണ് ഈ വിമാനക്കമ്പനി തിരികെ ടാറ്റ കുടുംബത്തിലേക്ക് എത്തുന്നത്. കേന്ദ്രമന്ത്രിസഭാ സമിതിയാണ് എയര്‍ ഇന്ത്യാ സ്വകാര്യ വത്കരണത്തിന് അംഗീകാരം നല്‍കിയത്. സര്‍ക്കാര്‍ എയര്‍ ഇന്ത്യക്ക് നിശ്ചയിച്ച അടിസ്ഥാന വില 20000 കോടിക്കടുത്തായിരുന്നു. 18000 കോടി രൂപയാണ് ടാറ്റ ഗ്രൂപ്പ് വാഗ്ദാനം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.

Comments are closed.