DCBOOKS
Malayalam News Literature Website

ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ഡബ്ല്യു.സി.സി; ‘അമ്മ’യുടെ നിലപാട് സ്ത്രീവിരുദ്ധമെന്ന് അംഗങ്ങള്‍

കൊച്ചി: നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതിനെതിരെ സ്ത്രീ ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമാ കളക്ടീവ്. ഡബ്ല്യു.സി.സി. പുറത്തിറക്കിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ‘അമ്മ’ ജനറല്‍ ബോഡി യോഗത്തില്‍ പുറത്താക്കിയിരുന്ന ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനമായിരുന്നു. തികച്ചും സ്ത്രീവിരുദ്ധമായ ഈ തീരുമാനത്തില്‍ അപലപിക്കുകയാണെന്ന് ഡബ്ല്യു.സി.സി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് പുറത്തിറക്കിയ കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാന്‍ അമ്മയുടെ ജനറല്‍ ബോഡി തീരുമാനിച്ചതായി വാര്‍ത്താ മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞു. അത് ശരിയാണെങ്കില്‍

വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് ചില കാര്യങ്ങള്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നു.

1.  അമ്മ സംഘടന എന്തിനായിരുന്നു ദിലീപ് എന്ന നടനെ പുറത്താക്കിയത്?

2.  സംഘടനയിലേക്ക് ഇപ്പോള്‍ തിരിച്ചെടുക്കുവാന്‍ തീരുമാനിക്കുമ്പോള്‍ നേരത്തേ ഉണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്തമായി എന്തു പുതിയ സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്?

3.  ബലാല്‍സംഗം പോലുള്ള ഒരു കുറ്റകൃത്യത്തില്‍ ആരോപിതനായ വ്യക്തിയെ ആണ് വിചാരണ പോലും പൂര്‍ത്തിയാവുന്നതിനു മുമ്പ് നിങ്ങള്‍ തിരിച്ചെടുക്കുന്നത്. അതില്‍ നിങ്ങള്‍ക്ക് യാതൊരു അപാകതയും തോന്നുന്നില്ലെ?

4.  അതിക്രമത്തെ അതിജീവിച്ച ആളും ഈ സംഘടനയുടെ തന്നെ അംഗമല്ലെ ?

5.  ഇപ്പോള്‍ എടുത്ത ഈ തീരുമാനം വഴി അതിക്രമത്തെ അതിജീവിച്ചവളെ വീണ്ടും അപമാനിക്കുകയല്ലെ നിങ്ങള്‍ ചെയ്യുന്നത് ?

6.  ഒരു ജനാധിപത്യ സംഘടന എന്ന നിലയില്‍ ഇപ്പോള്‍ എടുത്ത തീരുമാനം എന്തു തരത്തിലുള്ള സന്ദേശമാണ് കേരള സമൂഹത്തിനു നല്‍കുക?

7.  വിചാരണാ ഘട്ടത്തിലുള്ള ഒരു കേസില്‍ ഉള്‍പ്പെട്ട വ്യക്തിയെ സംബന്ധിച്ചുള്ള ഇത്തരം തീരുമാനങ്ങള്‍ ഈ നാട്ടിലെ നിയമ നീതിന്യായ സംവിധാനങ്ങളോടുള്ള വെല്ലുവിളിയല്ലെ?

നിങ്ങളുടെ തികച്ചും സ്ത്രീവിരുദ്ധമായ തീരുമാനത്തെ ഞങ്ങള്‍ അപലപിക്കുന്നു. ഡബ്ല്യു.സി.സി അവള്‍ക്കൊപ്പം.

Comments are closed.