നവഹിന്ദുത്വം വരുന്ന വഴികള്‍
നവംബർ ലക്കം പച്ചക്കുതിരയില്‍
ഡോ. സി. വിശ്വനാഥന്‍
കേരളത്തില്‍ നാസ്തികരെ കൂടി ചേര്‍ത്തുപിടിക്കണം എന്ന് ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നദ്ദ പറഞ്ഞത്, കേരളത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന വലതുപക്ഷ നാസ്തികതയുടെ രാഷ്ട്രീയ പ്രാധാന്യം അവര്‍ തിരിച്ചറിയുന്നുണ്ട് എന്നതിന്റെ സൂചനയായി കണക്കാക്കാം. ബാധിക്കപ്പെടുന്ന ജനവിഭാഗങ്ങളില്‍ നിന്നു പ്രതിഷേധംമാത്രം വിളിച്ചു വരുത്തുന്ന കേന്ദ്രനിയമങ്ങള്‍ ഒന്നിന് പിറകെ ഒന്നായി വരുമ്പോഴും, അതിനെ ഓരോന്നിനെയും പിന്തുണക്കാനും അവയ്ക്ക് പൊതുജന പിന്തുണ നേടിക്കൊടുക്കാനും കിണഞ്ഞുപരിശ്രമിക്കുന്നതു വഴി തങ്ങളുടെ രാഷ്ട്രീയസാന്നിദ്ധ്യം കേരളത്തിലെ വലതുപക്ഷ നാസ്തികര്‍ ഉറപ്പുവരുത്തുന്നുമുണ്ട്.
യുക്തിവാദം, യുക്തിവാദി എന്നീ പദങ്ങള്‍ക്ക് പൊതുവേ ഇന്ന് കേരളത്തില്‍ ‘വിപണി വില’ കുറവാണ്. കേരള പൊതുമണ്ഡലത്തിലെ ദൈനംദിന സംവാദങ്ങളുടെ മുഖ്യധാരകളില്‍ യുക്തിവാദികളെ അധികം കാണില്ല. ഈ കേന്ദ്രസ്ഥലങ്ങളില്‍നിന്ന് അകലെ, അരികുകളില്‍ എവിടെയൊക്കെയോ ആണ് ഇന്ന് അവരുടെ സ്ഥാനം. ഒരു ‘മന്ത്രവാദക്കൊല’ യോ, ‘നരബലി’യോ ഒക്കെ നടക്കുമ്പോള്‍ പെട്ടെന്ന് വാര്‍ത്താചാനലുകളിലെ ചര്‍ച്ചാസംഘാടകര്‍ ഈഅരികുബുദ്ധിജീവികളെ ഓര്‍ക്കുകയും, ഏതാനും മിനിറ്റ് വല്ലതും ഉരിയാടാന്‍ അവര്‍ക്ക് ഇടം കൊടുക്കുകയും ചെയ്‌തേക്കാം എന്നുമാത്രം. ”പ്രീഡിഗ്രീക്കാലം കഴിഞ്ഞാല്‍ മനുഷ്യന്മാര്‍ക്ക് പിന്നെയും യുക്തിവാദികളായിരിക്കാന്‍ കഴിയുന്നത് എങ്ങിനെ?” എന്ന് ഒരു മാധ്യമ പ്രതിഭ അദ്ഭുതംകൂറുന്നത്‌പോലും ഈയിടെ കാണാനിടയായി!
എന്നാല്‍, മുന്‍പത്തെ നില ഇതായിരുന്നില്ല. കഴിഞ്ഞ നൂറ്റാണ്ടിന്റെ മദ്ധ്യദശകങ്ങളില്‍, കേരള നവോത്ഥാനം എന്നു നാമിന്ന് വിളിക്കുന്ന സാമൂഹ്യ മുന്നേറ്റത്തിന്റെ പ്രതീകങ്ങള്‍ ആയി എണ്ണപ്പെടുന്നവര്‍ പലരും, യുക്തിവാദി’/ ‘സ്വതന്ത്ര ചിന്തകര്‍’ (ഈ രണ്ടു വാക്കുകളും ഒരേ അര്‍ഥത്തിലാണ് പ്രയോഗിച്ചുവന്നിട്ടുള്ളത്) എന്നു കൂടി നിസ്സംശയം സ്വയം അടയാളപ്പെടുത്തിയവര്‍ ആയിരുന്നു. ”ഒരു തലമുറയെ മുഴുവന്‍ കരുപ്പിടിപ്പിക്കുന്നതില്‍ ഇത്രയേറെ സുപ്രധാനമായ പങ്കു വഹിച്ച മറ്റൊരാള്‍ ഈ കാലഘട്ടത്തില്‍ കേരളത്തിലുണ്ടായിരുന്നിട്ടില്ല” എന്ന് രാഷ്ട്രീയ എതിര്‍ക്യാമ്പില്‍ നിന്നു പോലും അംഗീകരിക്കപ്പെട്ട സഹോദരന്‍ അയ്യപ്പന്‍ തന്നെ മകുടോദാഹരണം. മറ്റൊരാള്‍ വി. ടി. ഭട്ടതിരിപ്പാട്. കേശവദേവ് എന്ന സാഹിത്യകാരന്‍, സി. കേശവന്‍ എന്ന രാഷ്ട്രീയ നേതാവ്, ഇവരൊക്കെ യുക്തിവാദം എന്നത് ഒരു മുഖ്യധാരാ പ്രതിഭാസം ആയിരുന്ന കാലത്തിന്റെ അടയാളങ്ങളായി ഓര്‍ക്കാവുന്നവരാണ്.
പൂര്‍ണ്ണരൂപം നവംബർ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും നവംബർ ലക്കം ലഭ്യമാണ്
Comments are closed.