DCBOOKS
Malayalam News Literature Website

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു

ഇടുക്കി അണക്കെട്ട് (ഫയല്‍ ചിത്രം)

പൈനാവ്: കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. പതിനൊന്ന് അടി കൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ ഇടുക്കി അണക്കെട്ട് നിറയും. ഇപ്പോഴത്തെ നിലയില്‍ നീരൊഴുക്ക് തുടര്‍ന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കേണ്ടി വരും. അതേസമയം ഡാം സുരക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തി. ഇടുക്കി അണക്കെട്ടില്‍ ഇപ്പോള്‍ 83 ശതമാനം വെള്ളമുണ്ട്.

അണക്കെട്ടിലെ ജലനിരപ്പ് 2400 അടിയിലെത്തിയാല്‍ ഡാം തുറക്കും. ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകളാണ് ഉയര്‍ത്തുക. 2403 അടിയാണ് പരമാവധി സംഭരണശേഷി. ജലനിരപ്പ് 2395 അടിയില്‍ എത്തിയാല്‍ അണക്കെട്ട് തുറക്കുന്നതിനുള്ള ഒരുക്കവും 2398 അടിയിലെത്തിയാല്‍ അടിയന്തര തയ്യാറെടുപ്പും തുടങ്ങും. ഇതോടെ അണക്കെട്ടിന് സമീപം കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും, അര മണിക്കൂര്‍ ഇടവിട്ടു ജലനിരപ്പു രേഖപ്പെടുത്താന്‍ തുടങ്ങും. ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതും ഈ ഘട്ടത്തിലാണ്.

1981,1992 വര്‍ഷങ്ങളില്‍ ഇടുക്കി അണക്കെട്ടില്‍ വെള്ളം നിറഞ്ഞതിനെ തുടര്‍ന്ന് ഷട്ടറുകള്‍ തുറന്നിരുന്നു. ഇടുക്കിക്കൊപ്പം പമ്പ, കക്കി, ഇടമലയാര്‍ എന്നീ ഡാമുകളും തുറക്കേണ്ടി വരും. പൊന്മുടി, നേര്യമംഗലം, ലോവര്‍ പെരിയാര്‍, പെരിങ്ങല്‍കുത്ത് എന്നീ അണക്കെട്ടുകള്‍ ഇപ്പോള്‍ തുറന്നിട്ടിരിക്കുകയാണ്.

 

Comments are closed.