DCBOOKS
Malayalam News Literature Website

ഇത്തവണ കേരളം ചുട്ടുപൊള്ളും; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

സംസ്ഥാനത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ താപനില വര്‍ദ്ധിക്കുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. കേരളത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷമായി വേനല്‍ക്കാലത്തെ ചൂട് വര്‍ധിച്ചിരുന്നു. 2016ല്‍ മലമ്പുഴയില്‍ രേഖപ്പെടുത്തിയ 41.9 ഡിഗ്രിയാണ് ഇതുവരെയുള്ളതില്‍ ഏറ്റവും കൂടിയത്. കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പു ശരിയായാല്‍ ഇത്തവണ കേരളം 42 ഡിഗ്രി ചൂട് അനുഭവിക്കേണ്ടിവരും. കുറഞ്ഞ താപനിലയില്‍ 0.74 ഡിഗ്രി വരെ വര്‍ധനയുണ്ടാകുമെന്നാണു പ്രവചനം.

അതായത്, രാത്രിയിലും അതിരാവിലെയുമൊന്നും ചൂടിനു കാര്യമായ ആശ്വാസം പ്രതീക്ഷിക്കേണ്ട. ചൂടു വര്‍ധിക്കുന്നതിനൊപ്പം ശുദ്ധജലക്ഷാമവും ആരോഗ്യപ്രശ്‌നങ്ങളും രൂക്ഷമാകും. ഏതാനും വര്‍ഷങ്ങളായി സൂര്യാഘാതം മൂലം പൊള്ളലേല്‍ക്കുന്ന സംഭവങ്ങള്‍ കേരളത്തില്‍ വ്യാപകമായിരുന്നു. വൈദ്യുതി ഉപയോഗം വര്‍ധിക്കുന്നതോടെ ഊര്‍ജ പ്രതിസന്ധിക്കും സാധ്യതയുണ്ട്. ഈ പശ്ചാത്തലത്തിലാണ് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍;

  • രാവിലെ 11 മണി മുതല്‍ വൈകിട്ട് മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം.
  • ശരീരത്തിലെ നിര്‍ജ്ജലീകരണം തടയാന്‍ ഒരു കുപ്പിയില്‍ എപ്പോഴും ശുദ്ധജലം കരുതുക.
  • പരമാവധി ശുദ്ധജലം കുടിക്കുക.
  • അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.
  • പകല്‍ നേരങ്ങളില്‍ തുറസായ സ്ഥലത്ത് ആയാസകരമായ ജോലികള്‍ പരമാവധി ഒഴിവാക്കുക.
  • കഴിയുമെങ്കില്‍ ഒന്നിലധികം തവണ കുളിക്കുക.

Comments are closed.