DCBOOKS
Malayalam News Literature Website

കന്യാസ്ത്രീകളുടെ സംഘടന പരാതി നൽകി; അക്വേറിയം സിനിമയുടെ റിലീസിന് സ്‌റ്റേ

കൊച്ചി: അക്വേറിയം സിനിമയുടെ ഒടിടി റിലീസിന് ഹൈക്കോടതി സ്റ്റേ. പത്ത് ദിവസത്തേക്കാണ് സ്റ്റേ. കന്യാസ്ത്രീകളെ അപമാനിക്കുന്നതാണ് സിനിമയെന്ന് കാണിച്ച് വോയിസ് ഓഫ് നണ്‍സ് കൂട്ടായ്മയാണ് കോടതിയെ സമീപിച്ചത്. നേരത്തെ നിരോധിച്ച പിതാവിനും പുത്രനും എന്ന സിനിമ പേര് മാറ്റിയതാണ് അക്വേറിയമെന്നായിരുന്നു പരാതി.

ദേശീയപുരസ്കാര ജേതാവായ ടി.ദീപേഷാണ് ചിത്രത്തിന്റെ സംവിധായകൻ. ‘പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും’ എന്ന പേരിൽ തയ്യാറാക്കിയ ചിത്രത്തിന് നേരത്തെ പ്രദർശനാനുമതി നിഷേധിക്കപ്പെട്ടിരുന്നു. രണ്ടുതവണത്തെ സെൻസർ ബോർഡ് വിലക്കുകൾ മറികടന്നാണ് ചിത്രം ‘അക്വേറിയം’ എന്നപേരിൽ പ്രദർശനത്തിനൊരുങ്ങിയത്.

ഹണി റോസ്, സണ്ണി വെയ്ൻ, ശാരി എന്നിവരോടൊപ്പം കലാസംവിധായകൻ സാബു സിറിൾ, സംവിധായകൻ വി.കെ.പ്രകാശ്, കന്നട നടി രാജശ്രീ പൊന്നപ്പ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മത്സരിച്ച ഏക ഇന്ത്യൻ സിനിമയായ അക്വേറിയത്തിന്റെ റിലീസ്, മതവികാരം വ്രണപ്പെടുത്തുമെന്ന കാരണത്താലാണ് സെൻസർ ബോർഡ് തടഞ്ഞത്.

 

Comments are closed.