DCBOOKS
Malayalam News Literature Website

യുദ്ധവും പ്രണയവും പലായനവും

 

വിനോദ് എസിന്റെ ‘വിഴിവന്യ’ എന്ന നോവലിന് നിഷ വിമല ദേവി എഴുതിയ വായനാനുഭവം

ഡി.സി ബുക്ക്സ് സുവർണജൂബിലി നോവൽ രചനാ മത്സരത്തിൽ ചുരുക്കപ്പട്ടികയിൽ ഇടം നേടിയ ശ്രീ.വിനോദ് എസിന്റെ പ്രഥമ നോവലായ ‘വിഴിവന്യ‘  ആദ്യം അദ്ഭുതപ്പെടുത്തിയത് ഒട്ടും പിടികിട്ടാത്ത ആ പേര് കൊണ്ട് തന്നെയാണ്.

പിന്നെ വായിച്ചു തുടങ്ങി സമയക്കുറവിന്റെ പരിമിതികൾക്കുള്ളിലും മൂന്ന് ദിവസങ്ങൾ കൊണ്ട് പൂർത്തിയാക്കി. കാരണം ഇടവേള ഇടാൻ സാധിക്കാതെ ഒരു വായനക്കാരനെ ഒഴുക്കിക്കൊണ്ട് പോകാൻ തക്ക ഉദ്വേഗം ജനിപ്പിക്കുന്ന വിവരണങ്ങൾ തന്നെയാണ്. വായനയുടെ അവസാനം നിലനില്പിനായുള്ള പോരാട്ടം എന്നർത്ഥം വരുന്ന യുക്രേനിയൻ പദം മലയാളീകരിച്ചതാണ് ‘വിഴിവന്യ’ എന്ന് മനസിലാക്കാൻ സാധിച്ചു. യുദ്ധമെന്ന ആസന്ന ഭൂമിയിൽ പല വിധ വ്യക്തികളുടെ പോരാട്ടങ്ങളും യുക്രേനിയൻ റഷ്യാ യുദ്ധഭൂമിയിൽ പെട്ടുപോയ മലയാളി വിദ്യാർത്ഥികളുടെ ജീവനും മുറുകെ പിടിച്ചുള്ള പാലായനവും പ്രമേയമാകുന്നു. വളരെ സാധാരണ ജീവിത സന്ദർഭങ്ങളിൽ നിന്നും ബോംബുകളും ഷെല്ലുകളും റഷ്യൻ പട്ടാളക്കാരും ആകസ്മികമായി പിൻതുടരുന്ന വിദ്യാർത്ഥികളുടെ അതിർത്തിയിലേക്കുള്ള പാലായനത്തിൽ വായനക്കാരും ശ്വാസമടക്കി പിൻ തുടരേണ്ടി വരുന്നു.
പലർക്കും അറിവു പോലുമില്ലാത്ത “ഹോളോ ഡോമർ ” എന്ന ദുരന്തവും, യുക്രേനിന്റെയും റഷ്യയുടെയും ഭരണാധികാരികളുടെ അധികാര വെറിയും യുദ്ധ ദുരിതങ്ങളും വംശഹത്യാ ചരിത്രങ്ങളും ശരത്കാലത്തിലെ മഞ്ഞുകണങ്ങൾ പോലെ സ്വച്ഛന്ദമായ ആകാശിന്റേയും മേഘയുടേയും പ്രണയത്തിന് സമാന്തരമായി ഇഴ ചേർന്ന് പോകുന്നു. ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ റൊമാന്റിക്ക് സ്പോട്ട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന യുക്രേനിലെ” ടണൽ ഓഫ് ലവ് ” ഗൂഗിൾ ചെയ്യാൻ പ്രേരിപ്പിച്ച മാജിക്കൽ സൗന്ദര്യമുള്ള വിവരണമായി വായിച്ചു.Text
ആകാശത്തിലെ ഒറ്റ മേഘമായി തുടരാൻ മേഘത്തിന് തന്നെ ആശങ്ക വരുന്ന കഥാസന്ദർഭങ്ങളുമായി ഭൂതവും വർത്തമാനവും ബങ്കർ ജീവിതവും ഏറ്റുമുട്ടലുകളും രക്ഷപ്പെടലുകളുമായി വിഴിവന്യ.

ബോംബിനേക്കാൾ ഭീകരമായ ആയുധമായി ബലാത്സംഗം മാറുന്ന യുദ്ധമുഖത്തെ ജീവിത യാഥാർത്ഥ്യങ്ങൾ .ഒരു പുസ്തക വായനയിൽ പ്രതീക്ഷിക്കപ്പെടുന്നത് അവസാനം എന്ത് ലഭിച്ചു എന്നുള്ളതാണ്. ആ ഒരു ചിന്തയെ വളരെയേറെ തൃപ്തിപ്പെടുത്തുന്ന ഒന്നാണ് വിഴിവന്യ എന്ന നോവൽ.

അപരിചിതമായ ഒട്ടേറെ വിവരങ്ങളും വ്യക്തി ജീവിതങ്ങളും റഷ്യ- യുക്രൈൻ ചരിത്രവും വളരെ സങ്കീർണവും ആകസ്മികമായ തിരിവുകളും വളവുകളും സംഭവിക്കുന്ന മനുഷ്യ ബന്ധങ്ങളും “വിഴിവന്യ” യെ ഒരു വ്യത്യസ്ത ലോകമാക്കി മാറ്റുന്നു. ” Brevity is the soul of wit ” എന്ന famous quote ഉദ്ദേശിക്കുന്നത് പോലെ വളരെ കയ്യടക്കത്തിൽ രചിച്ച ചെറിയ ലളിത സുന്ദരമായ അധ്യായങ്ങളിലൂടെ മനോഹരമായ കഥകൾ, എവിടേയും മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച്, എവിടെ ചെന്നാലും ആ ദേശത്തെ സ്നേഹിക്കുന്ന മലയാളികളെ അവതരിപ്പിച്ചു കൊണ്ട് മികച്ച വായനാനുഭവം തരുന്ന ഒരു നോവൽ ഏവർക്കും നിർദേശിക്കുന്നു.

Leave A Reply