വിവേകാനന്ദന്റെ മനുഷ്യസങ്കല്‍പ്പം
നവംബർ ലക്കം പച്ചക്കുതിരയിൽ
കെ.എം. സലിംകുമാര്‍
സ്‌നേഹവും കരുണയുംപോലുള്ള വികാരങ്ങളുടെ തീവ്രപ്രചാരകനായിരുന്നുവെങ്കിലും ബുദ്ധന്‍ ഒരിക്കലും ഭൗതികജീവിതത്തെയോ ജീവിതോപാധികളുടെ ഉത്പാദനത്തെയോ നിഷേധിച്ചില്ല. ഭൗതിക ജീവിതവും വൈകാരിക ജീവിതവും സമന്വയിപ്പിക്കുവാനായിരുന്നു ബുദ്ധന്റെ ശ്രമം. ചാതുര്‍വര്‍ണ്ണ്യവ്യവസ്ഥയെ തള്ളിക്കളയുകയും ചെയ്തു. എന്നാല്‍ വേദാന്തത്തെ അദ്വൈതത്തിലേക്ക് ചുരുക്കിയ ശങ്കരന്റെ നിശ്ചലമായ അദ്വൈതത്തെ ചോദ്യം ചെയ്ത വിവേകാനന്ദന്‍ തത്ത്വചിന്തകളെ സമന്വയിപ്പിച്ചുകൊണ്ട് അദ്വൈതത്തിന് മറ്റൊരുമാനം നല്കുവാന്‍ ശ്രമിച്ചപ്പോഴും വര്‍ണ്ണ-ജാതിവ്യവസ്ഥയെ ന്യായീകരിക്കുകയാണ് ചെയ്തത്.
സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തതിന്റെ പിന്നാലെ കാലടി ശ്രീരാമകൃഷ്ണാശ്രമത്തില്‍ 2023 സെപതംബര്‍ 11-ന് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ബി ജെ പി നേതാവും ഗോവ ഗവര്‍ണറുമായ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞത്, സനാതനധര്‍മ്മത്തിന് ലോകമെങ്ങും പ്രസക്തിയേറുകയാണെന്നും പിറന്ന മണ്ണിനെ ദൈവമായി ആദരിക്കുവാനും സര്‍വ്വധര്‍മ്മസമഭാവനയിലൂടെ ജീവിക്കുവാനും ആഹ്വാനം ചെയ്ത വിവേകാനന്ദനെ കിട്ടിയിരുന്നുവെങ്കില്‍ എന്ന് പാശ്ചാത്യലോകം കൊതിക്കുകയാണ് എന്നുമാണ്. 48 ശതമനം ബ്രിട്ടീഷുകാരും 75 ശതമാനം അമേരിക്കക്കാരും അവിശ്വാസികളായി ജീവിക്കുന്ന കാലത്ത് 99 ശതമാനം ഇന്ത്യക്കാര്‍ മതവിശ്വാസികളായി ജീവിക്കുന്നത് വിവേകാനന്ദനെപ്പോലുള്ള ഋഷിവര്യന്മാര്‍ പകര്‍ന്നുനല്കിയ മൂല്യബോധംകൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സനാതനധര്‍മ്മം-വര്‍ണ്ണജാതി വ്യവസ്ഥ -ഇല്ലായ്മ ചെയ്യണമെന്നു പറഞ്ഞ ഡി.എം.കെ യുവജനനേതാവും തമിഴ്‌നാടു മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരേ രാജ്യത്തെന്പാടും ഉറഞ്ഞുതുള്ളുന്ന സവര്‍ണ്ണമേല്‌ക്കോയ്മയ്ക്കുള്ളില്‍ നിന്നാണ് ആദിശങ്കരന്റെ നാട്ടില്‍നിന്ന് ഈ വിവേകാനന്ദസ്തുതി നാം കേട്ടത്. പാശ്ചാത്യലോകത്തെക്കുറിച്ചും താന്‍ ജീവിക്കുന്ന കാലത്തെ മനുഷ്യബന്ധങ്ങളുടെ പുനരാവിഷ്‌കാരങ്ങളെക്കുറിച്ചുമെല്ലാം നേരിട്ടറിഞ്ഞ സ്വാമി വിവേകാനന്ദന് ജാതിമതാതീതമായ മനുഷ്യസങ്കല്പം എന്തുകൊണ്ട് അസാധ്യമായി എന്നു പരിശോധിക്കുവാനാണ് ഇവിടെ ശ്രമിക്കുന്നത്. അഥവാ വിവേകാനന്ദന്റെ സാമൂഹ്യദര്‍ശനം എന്തായിരുന്നു എന്ന് പരിശോധിക്കുവാന്‍.
ബുദ്ധനും ശങ്കരനും ശേഷം ഇന്ത്യ കണ്ട അത്യപൂര്‍വ്വമായൊരു സന്ന്യാസജീവിതമായിരുന്നു വിവേകാനന്ദന്റേത്. വേദാന്തചിന്തകന്‍, നവോത്ഥാന നായകന്‍, മാനവികതാവാദി എന്നിങ്ങനെ നീണ്ടുപോകുന്നു വിവേകാനന്ദന്റെ മഹത്ത്വങ്ങള്‍. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു വിവേകാനന്ദനെ വിശേഷിപ്പിച്ചത് ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും ബന്ധിപ്പിക്കുന്ന പാലമെന്നാണ്. 150-ാമത് വിവേകാനന്ദ ജയന്തി ആഘോഷങ്ങളുടെ സമാപ്തിയില്‍ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് 2014 ജനുവരി 12-ന് രാജ്യത്തോടു പറഞ്ഞത് മതഭ്രാന്തിനെതിരേ പോരാടാനാണ്. യാഥാര്‍ത്ഥ മതവും മതവാദവും വെറുപ്പിന്റെയും ഭിന്നതയുടെയും ഉറവിടമല്ലെന്നും പരസ്പരവിശ്വാസങ്ങളെ ആദരിക്കുന്നതും സഹിഷ്ണുത പുലര്‍ത്താന്‍ കഴിവുള്ളതുമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വിചിത്രമായൊരു കാര്യം മന്‍മോഹന്‍സിങ് ചൂണ്ടിക്കാണിച്ച മാനവികമായ മതവാദത്തിന്റെ മുന്നില്‍മാത്രമല്ല, മതഭ്രാന്തിന്റെ മുന്നിലും വിവേകാനന്ദനെ കാണാമെന്നതാണ്. ഹിന്ദുത്വവാദികളുടെയും സംഘപരിവാറിന്റെയും കൊടിയടയാളമാണ് വിവേകാനന്ദന്‍.
പൂര്‍ണ്ണരൂപം 2023 നവംബർ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും നവംബർ ലക്കം ലഭ്യമാണ്
Comments are closed.