വിവേകാനന്ദന്റെ മനുഷ്യസങ്കല്‍പ്പം
ഡിസംബര്‍ ലക്കം പച്ചക്കുതിരയിൽ
ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും നിശ്ചിതസന്ദര്‍ഭത്തില്‍ മതങ്ങളിലേക്ക് കടന്നുവന്ന മനുഷ്യന്‍ മറ്റൊരു സന്ദര്‍ഭത്തില്‍ അതിനപ്പുറത്തേക്ക് കടന്നുപോകുക സ്വാഭാവികമാണ്. ഹിന്ദുമതത്തെ അനശ്വരമായി ക@ വിവേകാനന്ദന് മതാതീതനായൊരു മനുഷ്യനെ വിഭാവന ചെയ്യാനായില്ല. മതങ്ങള്‍ക്കുമുമ്പും മനുഷ്യനില്‍ നന്മയും ധാര്‍മ്മികവും നിലനിന്നിരുന്നുവെന്ന് കരുതുന്നവര്‍ക്കുമാത്രമേ ഇത് സാധ്യമാകൂ. ജന്മബ്രാഹ്മണ്യത്തില്‍നിന്ന് കര്‍മ്മബ്രാഹ്മണ്യത്തിലേക്ക് മാറുക മാത്രമാണ് വിവേകാനന്ദന്‍ ചെയ്തത്. ആധുനിക കാലത്തേക്ക് പ്രവേശിച്ചുതുടങ്ങിയ ഇന്ത്യയുടെ പരമ്പരാഗത സാമൂഹ്യ-രാഷ്ട്രീയ ഘടനയിലെ ബ്രാഹ്മണ്യസര്‍വ്വാധിപത്യത്തിന്റെ ഉറപ്പായിരുന്നു ഇത്.
1896-ല്‍ അമേരിക്കയിലെ ഹാര്‍വേര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ബിരുദവിദ്യാര്‍ത്ഥികളുടെ തത്ത്വചിന്താസമാജത്തില്‍ വേദാന്തദര്‍ശനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, എല്ലാ ഹിന്ദുക്കളും ജാതിയില്‍ വിശ്വസിക്കുന്നവരാണോയെന്ന ചോദ്യത്തിന് വിശ്വസിക്കാനവര്‍ നിര്‍ബന്ധിതരാണെന്നും, വിശ്വസിക്കുന്നില്ലെങ്കില്‍തന്നെ അവര്‍ അനുസരിച്ചേ പറ്റൂ എന്നുമാണ് വിവേകാനന്ദന്‍ മറുപടി പറഞ്ഞത്. എന്നാല്‍ ജനങ്ങള്‍ക്കിടയിലെ ആദ്ധ്യാത്മിക സ്വാതന്ത്ര്യവും ജാതിവിശ്വാസവും തമ്മില്‍ പൊരുത്തമുണ്ടോയെന്ന ചോദ്യത്തിന് തീര്‍ച്ചയായുമില്ലെന്നാണ് അദ്ദേഹത്തിന്റെ മറുപടി. ജാതിക്കുള്ളിലുള്ളവര്‍പോലും അത് അന്യൂനമായ ഒരു സ്ഥാപനമായി കാണുന്നില്ലെന്ന് പറഞ്ഞ വിവേകാനന്ദന്‍ നിങ്ങള്‍ ഇതിലും നല്ലതായി ഒന്ന് കണ്ടുപിടിച്ചുതരുമ്പോള്‍ ‘തങ്ങള്‍ അതുപേക്ഷിക്കു’മെന്ന് അവര്‍ പറയുന്നതായി ചൂണ്ടിക്കാട്ടി. എന്നാല്‍ ജാതിയില്ലാത്തൊരിടം എവിടെയുണ്ടെന്നും ജാതിയുണ്ടാക്കുവാന്‍ നിങ്ങള്‍ പാശ്ചാത്യര്‍ ഏതു നേരവും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അതേസമയം സ്ഥിരമായി ജാതിയുണ്ടാക്കുന്നതില്‍ തങ്ങള്‍ മാത്രമാണ് വിജയിച്ചതെന്നും വിവേകാനന്ദന്‍ പറയുമ്പോള്‍ അദ്ദേഹം മനസ്സ് തുറക്കുകയാണ്. ഇന്ത്യാക്കാര്‍ക്ക് ഒരുപിടി ചോറ് കിട്ടുന്നത് ജാതിമൂലമാണെന്നും ജാതിയുണ്ടായിരുന്നില്ലെങ്കില്‍ പാശ്ചാത്യര്‍ക്ക് പഠിക്കുവാന്‍ സംസ്‌കൃതപുസ്തകങ്ങള്‍ ഉണ്ടാവുകയില്ലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അങ്ങനെ ചില ന്യൂനതകള്‍ ഉണ്ടെങ്കില്‍തന്നെ ജാതിവ്യവസ്ഥയെ പ്രായോഗികമായി വിവേകാനന്ദന്‍ ന്യായീകരിക്കുകയും അതില്‍ അഭിമാനം കൊള്ളുകയും ചെയ്തു.
ജാതി ഒരു സമുദായാചാരമാണെന്നും ഒരാള്‍ക്ക് തന്റെ ജാതിയില്‍നിന്ന് ഉയരാന്‍ കഴിയാത്തതുകൊണ്ട് മറ്റു രാജ്യങ്ങളിലെ ജനങ്ങളെപ്പോലെ പരസ്പരം വിരോധികളാക്കുന്ന സാമുദായികമോ വ്യക്തിപരമോ ആയ മേന്മയ്ക്കായുള്ള കലഹങ്ങളൊന്നും ഹിന്ദുക്കള്‍ക്കിടയിലില്ലെന്നും വിവേകാനന്ദന്‍ മേനി നടിക്കുന്നുണ്ട്. പുരാണങ്ങളോ ഇതിഹാസങ്ങളോ ഭഗവദ്ഗീതപോലുള്ള പ്രാമാണിക ഹൈന്ദവകൃതികളോ വായിച്ചിട്ടുള്ള ഒരു കൊച്ചുകുട്ടിക്കുപോലും വിശ്വസിക്കാനാവാത്ത കള്ളക്കഥയാണിത്. ആണായാലും പെണ്ണായാലും ഏത് ഹൈന്ദവദൈവത്തിന്റെ കൈയിലാണ് രക്ത ക്കറ പുരണ്ട ആയുധങ്ങളില്ലാത്തത്. ധര്‍മ്മപുനഃസ്ഥാപനത്തിനായി അവര്‍ നടത്തിയ യുദ്ധങ്ങളത്രയും തങ്ങളുടെ സാമുദായിക മേന്മയോടൊപ്പം വര്‍ണ്ണ-ജാതി സമ്പ്രദായം നിലനിര്‍ത്തുന്നതിനായി നടത്തിയ ശ്രമങ്ങളായിരുന്നു. മറ്റെല്ലാ ജനസമൂഹങ്ങളിലും കലഹങ്ങളും യുദ്ധങ്ങളുമുണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യയെപ്പോലെ ഇത്രമാത്രം വിവേചനങ്ങളും ഉച്ചനീചത്വങ്ങളും നിലനിര്‍ത്തുന്ന ഒരു സമൂഹവും ലോകത്ത് ഉണ്ടായിട്ടില്ല. എന്നാല്‍ വിവേകാനന്ദന് അത് അംഗീകരിക്കാനാവുന്നില്ല. അക്രമരാഹിത്യത്തിന്റെയും സഹിഷ്ണുതയുടെയും മുദ്രവര്‍ണ്ണ-ജാതിവ്യവസ്ഥയ്ക്കുമേല്‍ ചാര്‍ത്താനായിരുന്നു അദ്ദേഹത്തിന് ഇഷ്ടം.
പൂര്‍ണ്ണരൂപം 2023 ഡിസംബര്‍ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഡിസംബര്‍ ലക്കം ലഭ്യമാണ്
Comments are closed.