‘വിതയ്ക്കുന്നവന്റെ ഉപമ’
സര്‍ഗാത്മകഇടപെടലുകള്‍കൊണ്ട് പ്രക്ഷേപണ കലാരംഗത്ത് നിലയും നിലപാടുമുറപ്പിച്ച കെ.വി. ശരത്ചന്ദ്രന്റെ ഏറ്റവലും പുതിയ രണ്ടു നാടകങ്ങളാണ് വിതയ്ക്കുന്നവന്റെ ഉപമ എന്ന ഈ ഗ്രന്ഥത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കാസര്‍ഗോഡന്‍ കശുമാവിന്‍ തോപ്പുകളില്‍ ആകാശമാര്‍ഗ്ഗം തളിക്കപ്പെട്ട്, ഇവിടുത്തെ മണ്ണിനെയും പുഴുക്കളെയും ആകാശത്തെയും വിഷത്തില്‍ മുക്കിക്കൊന്ന്, വിചിത്രരൂപികളായ മനുഷ്യക്കുഞ്ഞുങ്ങളെ പിറപ്പിച്ച എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി വരുത്തിയ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ‘ഹത്യ’ എഴുതപ്പെട്ടത്.
തേഞ്ഞുതീരുമ്പോഴും തുരുമ്പിക്കാനിടകൊടുക്കാതെ നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കര്‍ഷകനേതാവായ ഗോപാലേട്ടന്‍ എന്ന പ്രകൃതി മനുഷ്യന്‍ ചെയ്തുപോയ കുറ്റം വിശകലനം ചെയ്യപ്പെടുമ്പോഴാണ് വിതയ്ക്കുന്നവന്റെ ഉപമയെന്ന നാടകത്തിന്റെ പാരിസ്ഥിതിക രാഷ്ട്രീയം വെളിവാക്കപ്പെടുന്നത്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍കൊണ്ട് രൂപപ്പെട്ട കൃഷിയെന്ന സാംസ്‌കാരികമൂല്യ വ്യവസ്ഥയെ അരനൂറ്റാണ്ടുകൊണ്ട് തച്ചുതകര്‍ത്ത് കര്‍ഷകരെ രാസവിഷവിത്തുകമ്പനികളുടെയും ഉദ്യോഗസ്ഥവൃന്ദങ്ങളുടെയും ആശ്രിതരാക്കിമാറ്റിയ ഹരിതവിപ്ലവത്തിന്റെ രാഷ്ട്രീയപരിസരത്തിലാണ് ഈ പുസ്തകത്തിലെ രണ്ടു നാടകങ്ങളും നില്‍ക്കുന്നത്…
പുസ്തകത്തിന് ഇ. ഉണ്ണികൃഷ്ണന്‍ എഴുതിയ അവതാരിക..
പക്ഷേപണനാടകത്തിലെ ഹരിതരാഷ്ട്രീയധാരകള്‍
1940-ല്‍ മദിരാശിയിലെ റേഡിയോ സ്റ്റേഷനിലാണ് ആദ്യത്തെ മലയാള നാടകം പ്രക്ഷേപണം ചെയ്യപ്പെടുന്നത്. ഉച്ചാരണത്തിലും സംഭാഷണത്തിലും വൈകല്യങ്ങള്‍ നിറഞ്ഞ ആ നാടകത്തെക്കുറിച്ച് പരാതിപറയാന്‍ റേഡിയോ സ്റ്റേഷനില്‍ ചെന്ന കെ. പത്മനാഭന്‍ നായര്‍ക്ക് അന്യൂനമായ ഒരു നാടകം അവതരിപ്പിക്കുകയെന്ന വെല്ലുവിളി ഏറ്റെടുക്കേണ്ടിവന്നു. അങ്ങനെയാണ് പത്ഭനാഭന്‍ നായര്‍ മലയാള നാടക പ്രക്ഷേപണത്തിന്റെ പ്രോദ്ഘാടകനായി മാറിയത്. കേരളത്തിലെ ആകാശവാണി നിലയങ്ങളിലെ ആദ്യ ഡ്രാമാ പ്രൊഡ്യൂസറായ പത്മനാഭന്‍ നായര്‍ തുടങ്ങി കൈനിക്കര, ടി.എന്‍. ഗോപിനാഥന്‍ നായര്‍, നാഗവള്ളി ആര്‍.എസ്. കുറുപ്പ്, ജഗതി എന്‍.കെ. ആചാരി, കെ.ജി. സേതുനാഥ്, സി.ജെ. തോമസ് തുടങ്ങി നിരവധി പ്രഗത്ഭരിലൂടെ വളര്‍ന്നു വികസിച്ച സുദീര്‍ഘമായ ഒരു ശ്രാവ്യ നാടകകാലം നമുക്കുണ്ട്. അതിന്റെ ഇങ്ങേ ത്തലയ്ക്കലാണ് ‘ശാന്തസമുദ്ര’വും, ‘പിയാനോ’യും, ‘ഒറ്റ’യും, ‘ഹത്യ’ യും, ‘ശത്രു’വും, ‘വിതയ്ക്കുന്നവന്റെ ഉപമ’യും പോലുള്ള പ്രമേയത്തിലും അവതരണത്തിലും ഗതാനുഗതരീതികളെ മറികടന്ന നിര്‍മിതികള്‍കൊണ്ട് ശരത്ചന്ദ്രന്‍ തന്റേടമുറപ്പിച്ചത്.
ഭാവാഭിനയത്തിന്റെയും രംഗക്രിയകളുടെയും അനന്തമായ നാടകീയ സാധ്യതകളെയൊക്കെയും ശബ്ദവിന്യാസം കൊണ്ട് സാര്‍ത്ഥമാക്കുകയെന്ന വെല്ലുവിളി ഏറ്റെടുക്കുകയും ഒപ്പം പുതുകാലത്തിന്റെ ഭാവുകത്വപരിണാമത്തിനനുസരിച്ച് പ്രക്ഷേപണകലയെ മാറ്റിപ്പണിയുകയും ചെയ്തുകൊണ്ടാണ് ഇത് സാധ്യമാക്കിയത്. തിക്കോടിയനും, കെ.എ. കൊടുങ്ങല്ലൂരും, ഖാന്‍ കാവിലും തങ്ങളുടെ കോഴിക്കോടന്‍ ആകാശവാണി ജീവിതംകൊണ്ട് പാരമ്യത്തിലെത്തിച്ച കേള്‍വി ബോധത്തിനു മുകളിലാണ് പോയ ദശകങ്ങളില്‍ അശാന്തമായ കാഴ്ചകളുടെ കിനാവള്ളിക്കാലുകളായി ദൃശ്യമാധ്യമങ്ങള്‍ പിടിമുറുക്കിയത്. ഈ ഒരവസ്ഥയില്‍ കാഴ്ചയുടെ പിടിയില്‍നിന്നും കേള്‍വിയെ തിരിച്ചുപിടിക്കുകയെന്ന കനത്ത വെല്ലുവിളിയാണ് പുതിയ ശ്രവ്യനാടക പ്രവര്‍ത്തകര്‍ക്ക് നേരിടാനുള്ളത്. സൂക്ഷ്മതയിലും വൈവിധ്യത്തിലും സിനിമയുടെ ശബ്ദപഥങ്ങള്‍ നല്‍ കുന്ന അനന്തമായ സാധ്യതകളെ ഒരു പരിധിവരെ തങ്ങളുടെ മാധ്യമ ത്തില്‍ സന്നിവേശിപ്പിച്ചാണ് ശരത്തടക്കമുള്ള പുതുതലമുറ റേഡിയോ നാടകത്തെ നവീകരിച്ചത്. അല്ലെങ്കിലും റേഡിയോ നാടകത്തിന്റെ രൂപശില്‍പത്തിന് ചേര്‍ച്ചക്കൂടുതലുള്ളത് ചലച്ചിത്ര കലയുമായാണ്. അതുകൊണ്ടുകൂടിയാണ് സ്റ്റേജ് നാടകകൃത്തുകള്‍ റേഡിയോ നാടകരംഗത്ത് അധികം ശോഭിക്കാതിരിക്കുകയും റേഡിയോ നാടകമെഴുതിയവര്‍ അനായാസമായി സിനിമാതിരക്കഥാരംഗത്ത് ലബ്ധപ്രതിഷ്ഠ നേടുകയും ചെയ്തത്.
ലോകസിനിമകള്‍ ആര്‍ക്കും കയ്യെത്തിത്തൊടാനാവുന്ന ഡിജിറ്റല്‍ കാലത്തിനുമെത്രയോ മുമ്പ് തന്നെ വെറിപിടിച്ച് കണ്ടുതീര്‍ത്ത ലോകകാഴ്ചകളുടെ ഈടുവെപ്പുകള്‍ ശരത്തിലെ പ്രക്ഷേപണകലാകാരന്റെ സര്‍ഗാത്മകതയെ ഏറെ പ്രചോദിപ്പിച്ചിരിക്കണം. റീടേക്കുകള്‍ സാധ്യമല്ലാത്ത തത്സമയപ്രക്ഷേപണങ്ങളില്‍നിന്നും വ്യത്യസ്തമായി ന്യൂ മീഡിയയുടെ അപാരതകള്‍ റേഡിയോ നാടകസൃഷ്ടിക്ക് പുതുതലമുറയ്ക്ക് ഉപയോഗിക്കാനാവുന്നുണ്ട്. പക്ഷേ, റേഡിയോ എന്ന ആ പഴഞ്ചന്‍ ഉപകരണത്തിന്റെ ഏകശബ്ദപഥത്തിലൂടെ മാത്രമേ എത്ര സൂക്ഷ്മമായി നിര്‍മ്മിച്ചെടുത്ത നാടകീയ ശബ്ദകാവ്യവും ആസ്വാദകകര്‍ണങ്ങളിലേക്കെത്തിപ്പെടൂ എന്ന യാഥാര്‍ത്ഥ്യം കൂടി ഇവര്‍ ഉള്‍ക്കൊള്ളേണ്ടി വന്നിരിക്കുന്നു. പരിമിതികളെക്കുറിച്ചുള്ള ഈ ബോധ്യമാണ് ശരത്തിന്റെ നാടക പരീക്ഷണങ്ങളെ വഴിമാറി ചിന്തിപ്പിച്ചത്. ഉചിതമായ പ്രക്ഷേപണ ശബ്ദം തിരഞ്ഞെടുക്കുന്നതിലാണ് ഇദ്ദേഹത്തിന്റെ അവധാനത കൂടുതല്‍ ശ്രദ്ധേയമാകുന്നത്. മൈക്രോഫോണിനുമുന്‍മ്പില്‍ ശബ്ദമിതത്വം ശീലിച്ച എന്‍.എഫ്. വര്‍ഗീസ്, തിലകന്‍, സിദ്ദിഖ് എന്നിവരാണ് ശരത്തിന്റെ സമീപകാല നാടകങ്ങളില്‍ ശബ്ദസാന്നിധ്യമായിത്തീര്‍ന്നത്.
ഒറ്റമനുഷ്യന്റെ ആത്മഗതങ്ങളിലൂടെ വികസിച്ച ഒരു നാടകം ഏതാനും വര്‍ഷം മുമ്പ് ശരത്ചന്ദ്രന്‍ തയ്യാറാക്കി അവതരിപ്പിച്ചു. ഒറ്റപ്പെട്ടുപോയ ഒരു കലാജീവിതത്തിനിടയില്‍നിന്നും തന്റെ ഒച്ച വേറിട്ടു കേള്‍പ്പിക്കാന്‍ തിലകനെന്ന മഹാനടന് കഴിഞ്ഞത് ‘ഒറ്റ’യെന്ന ഈ പരീക്ഷണനാടകത്തിലൂടെയായിരുന്നു. ‘വിതയ്ക്കുന്നവന്റെ ഉപമ’യില്‍ സിദ്ദിഖ് എന്ന മുഖ്യധാരാ സിനിമാനടന്റെ ഗംഭീരശബ്ദം ആറു കഥാപാത്രങ്ങള്‍ക്കായി മുഴങ്ങുന്നു. ഒറ്റത്തൊണ്ടയില്‍നിന്നും ആറേഴു കഥാപാത്രങ്ങളെ പറത്തിവിടുന്ന ഇത്തരമൊരു മാന്ത്രികവിദ്യയ്ക്ക് നാടകപ്രക്ഷേപണരംഗത്ത് പൂര്‍വമാതൃകകളോ സമാനതകളോ ഇല്ല.രണ്ടു പതിറ്റാണ്ടു പിന്നിട്ട സര്‍ഗാത്മക ഇടപെടലുകള്‍കൊണ്ട് പ്രക്ഷേപണകലാരംഗത്ത് നിലയും നിലപാടുമുറപ്പിച്ച കെ.വി. ശരത് ചന്ദ്രന്റെ ഏറ്റവും പുതിയ രണ്ടു നാടകങ്ങളാണ് ഈ ഗ്രന്ഥത്തില്‍ ഉള്‍ ക്കൊള്ളിച്ചിരിക്കുന്നത്. ഇതിലെ ‘വിതയ്ക്കുന്നവന്റെ ഉപമ’യെന്ന നാടകം പാപബോധവും പശ്ചാത്താപവുമിടകലര്‍ന്ന ഒരു ക്രൈസ്തവ ജീവിത പരിസരത്തിലാണ് സംഭവിക്കുന്നത്. ജോബ് എന്ന മാതൃഹന്താവിന്റെ ശാപഗ്രസ്ഥമായ ജീവിതത്തെയാണ് ഈ നാടകം അതിന്റെ മേലടരില്‍ ചിത്രീകരിക്കുന്നത്. തേഞ്ഞുതീരുമ്പോഴും തുരുമ്പിക്കാനിടകൊടുക്കാതെ നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കര്‍ഷകനേതാവായ ഗോപാലേട്ടന്‍ എന്ന പ്രകൃതിമനുഷ്യന്‍ ചെയ്തുപോയ കുറ്റം വിശകലനം ചെയ്യപ്പെടുമ്പോഴാണ് ഈ നാടകത്തിന്റെ അടിയടരില്‍ കിടക്കുന്ന പാരിസ്ഥിതിക രാഷ്ട്രീയം വെളിവാക്കപ്പെടുന്നത്.
വിത്തിനും കര്‍ഷകമനസിനും വിലങ്ങിടുന്ന കുത്തകകളുടെ കൂട്ടിക്കൊടുപ്പുകാരായ കൃഷി ശാസ്ത്രജ്ഞനെ, അവന്‍ തന്റെ അടുത്ത ചങ്ങാതിയുടെ മകന്‍ കൂടിയായിട്ടും പാടത്തുവെച്ച് കൈക്കോട്ടുകൊണ്ട് വെട്ടിക്കൊന്നതിനാണ് ഇയാള്‍ ജയിലിലായത്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍കൊണ്ട് രൂപപ്പെട്ട കൃഷിയെന്ന സാംസ് കാരികമൂല്യവ്യവസ്ഥയെ അരനൂറ്റാണ്ടുകൊണ്ട് തച്ചുതകര്‍ത്ത് കര്‍ഷകരെ രാസവിഷവിത്തുകമ്പനികളുടെയും ഉദ്യോഗസ്ഥവൃന്ദങ്ങളുടെയും ആശ്രിതരാക്കിമാറ്റിയ ഹരിതവിപ്ലവത്തിന്റെ രാഷ്ട്രീയ പരിസരത്തിലാണ് ഈ പുസ്തകത്തിലെ രണ്ടു നാടകങ്ങളും നില്‍ക്കുന്നത് എന്ന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക രാസയുദ്ധത്തിനൊരുക്കിയിരുന്ന നരനാശിനികളായ രാസായുധങ്ങളാണ് പില്‍ക്കാലത്ത് കീടനാശിനികളായെത്തിയത്. 1961-71 കാലഘട്ടത്തില്‍ യു.എസ്. പട്ടാളം ‘ഓപ്പറേഷന്‍ റഞ്ച് ഹാന്‍ഡ്’ നടപ്പിലാക്കിയപ്പോള്‍ ആകാശമാര്‍ഗ്ഗം തളിച്ചത് ‘ഏജന്റ് ഓറഞ്ച്’ എന്ന രാസവിഷമായിരുന്നു. പട്ടാളക്കാരെക്കൊല്ലാന്‍ വേണ്ടി മാത്രമായിരുന്നില്ല; ഗ്രാമങ്ങളുടെ കാര്‍ഷികസ്വയംപര്യാപ്തത നശിപ്പിച്ച് വേരറ്റ കൃഷിക്കാരെ അധിനിവേശനഗരങ്ങളിലേക്ക് ആട്ടിപ്പായിക്കാന്‍ കൂടിയായിരുന്നു ഈ ഓപ്പറേഷന്‍. ഇതേ ഏജന്റ് ഓറഞ്ചാണ് ഹരിതവിപ്ലവത്തില്‍ എന്‍ഡ്രിന്‍ എന്ന കീടനാശിനിയായി പുനരവതരിച്ചത്.
വിയറ്റ്‌നാമിലെ കുട്ടികള്‍ക്കുമേലെ തീത്തൈലം പോലെ ഏജന്റ് ഓറഞ്ച് വീണ അതേകാലത്തു തന്നെ ഇലതീനിപ്പുഴുവിനെ കൊല്ലാന്‍ കോന്നിയിലെ സര്‍ക്കാര്‍ തേക്കിന്‍ തോട്ടത്തില്‍ ആകാശമാര്‍ഗ്ഗം ‘എന്‍ഡ്രിന്‍’ തളിച്ചിരുന്നു. അമേരിക്കന്‍ രാസവ്യവസായ സാമ്രാജ്യത്തിന്റെ അധിനിവേശ പരീക്ഷണങ്ങളുടെ ആദ്യമാത്രകളായിരുന്നു വിയറ്റ്‌നാമിലും 1965 മെയ് അഞ്ചിന് കോന്നിയിലും പരീക്ഷിക്കപ്പെട്ടത്. ഹെക്‌സോക്ലോറോസൈക്ലോ പെന്റഡയില്‍ എന്ന ഓര്‍ഗാനിക് ക്ലോറൈഡിന്റെ രണ്ടു വകഭേദങ്ങള്‍ മാത്രമായിരുന്നു ഏജന്റ് ഓറഞ്ചും, എന്‍ഡ്രിനും. എന്‍ഡ്രിന്‍ നിരോധിക്കപ്പെട്ടതോടെ എന്‍ഡോസള്‍ഫാന്‍ എന്ന മാരകമായ വിഷമായി അത് പുനരവതരിച്ചു. രണ്ട് ദശാബ്ദത്തോളം കാസര്‍ഗോഡന്‍ കശുമാവിന്‍ തോപ്പു കളില്‍ ആകാശമാര്‍ഗ്ഗം തളിക്കപ്പെട്ട്, ഇവിടുത്തെ മണ്ണിനെയും പുഴുക്കളെയും ആകാശത്തെയും വിഷത്തില്‍ മുക്കിക്കൊന്ന്, വിചിത്രരൂപികളായ മനുഷ്യക്കുഞ്ഞുങ്ങളെ പിറപ്പിച്ച എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി വരുത്തിയ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ‘ഹത്യ’ എഴുതപ്പെട്ടത്. ഹരിതവിപ്ലവത്തിന്റെ കളിത്തൊട്ടിലായ പഞ്ചാബിന്റെ തെക്കന്‍ പ്രവിശ്യകളില്‍നിന്നും വൈകുന്നേരം പുറപ്പെടുന്ന 339-ാം നമ്പര്‍ പാസഞ്ചര്‍ വണ്ടി രാജസ്ഥാനിലെ റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥിതിചെയ്യുന്ന ബിക്കാനീറിലെത്തുമ്പോള്‍ റിക്ഷാഡ്രൈവര്‍മാര്‍ കാന്‍സര്‍ ട്രെയിന്‍ വന്നു എന്നുപറഞ്ഞാണ് തിരക്കുകൂട്ടാറ്. തിരുവനന്തപുരം ആര്‍.സി.സി.യിലേക്ക് ചികിത്സാര്‍ത്ഥം പോയിവരുന്നവരുടെ ക്യാന്‍സര്‍ ട്രെയിനായി മാറിയിരിക്കുന്നു മംഗലാപുരത്തുനിന്നും തിരുവനന്തപുരത്തേക്കും, തിരിച്ചും പോകുന്ന രാത്രി വണ്ടികള്‍.
നെറ്റിയില്‍ പാപക്കനലുള്ള ഒറ്റക്കണ്ണന്‍ രാക്ഷസനെപ്പോലെ തെക്കുവടക്ക് പായുന്ന മലബാര്‍ എക്‌സ്പ്രസിന്റെ വിശ്രമമുറിക്കുള്ളില്‍ വെച്ചാണ് ശാലിനി രോഗിയായ ഒരു സഹയാത്രികനില്‍ നിന്ന് കാസര്‍ഗോഡിന്റെ വിഷലിപ്തമായ ദുരിതകഥ ആദ്യമായി കേള്‍ക്കുന്നത്. ശാലിനിയുടെ കൂട്ടുകാരി അവതരിപ്പിച്ച നാടകത്തിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് കാസര്‍ഗോഡന്‍ ദുരിതഭൂമിയുടെ അര്‍ത്ഥാന്തരന്യാസമായി മാറുന്നു. തൊണ്ടയില്‍ തന്നെ കുരുങ്ങിയൊടുങ്ങിപ്പോകുന്ന കാസര്‍ഗോഡന്‍ നിലവിളികളില്‍ ശാലിനിയും; നേരിലും നന്മയിലുമുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന മറ്റൊരു സമാനാനുഭവത്തിലൂടെ പോലീസ് ഉദ്യോഗസ്ഥനായ ഭര്‍ത്താവും, ജനിക്കാനും ജീവിക്കാനും കൊള്ളാതായിരിക്കുന്ന ഭൂമിയില്‍ ഇനിയൊരു പ്രജയെക്കൂടി പിറപ്പിക്കേണ്ടെന്ന തീരുമാനത്തിലെത്തുന്ന സന്ദിഗ്ദ്ധാവസ്ഥയിലാണ് ‘ഹത്യ’ അവസാനിക്കുന്നത്.
ചെള്ളിനുള്ള മരുന്നെന്ന നിലയില്‍ നഗ്നദേഹത്ത് വിഷപ്പുകയേറ്റുവാങ്ങിയാണ് ജൂതത്തടവുകാര്‍ ‘സന്തോഷമരണം’ പ്രാപിച്ചത്; ‘ഹത്യ’യില്‍ ഒരു ഉപനാടകമായി ഇതവതരിപ്പിക്കപ്പെടുന്നുണ്ട്. എന്‍ഡോസള്‍ഫാന്‍, മരുന്നായാണ് ഗ്രാമീണ കര്‍ഷകര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടത്. ‘കുറുപ്പിന്റെയും വേലപ്പന്റെയും’ പാഠത്തിലൂടെ പ്രൈമറി പാഠപുസ്തകങ്ങളും ‘വയലും വീടും’ പരിപാടിയിലൂടെ ആകാശവാണിയും ഈ കാളകൂടമഹിമ ഉദ്‌ഘോഷിച്ചതാണ്. ഇതേ ആകാശവാണി തന്നെയാണ് ‘വിതയ്ക്കുന്നവന്റെ ഉപമ’ പോലുള്ള നാടകം പ്രക്ഷേപണം ചെയ്ത് പ്രായശ്ചിത്തത്തിന് ഒരുങ്ങിയത്. ഈ നാടകം ദേശീയതലത്തില്‍ സമ്മാനിതമായ പരിപാടിയെന്ന നിലയില്‍ ഇന്ത്യന്‍ ഭാഷകളിലെല്ലാം മൊഴിമാറ്റം നടത്തി അവതരിപ്പിക്കപ്പെടുകയും ചെയ്തു.
യാദൃശ്ചികമായി സംഭവിച്ച കാവ്യ നീതിയ്ക്കപ്പുറം വരണ്ട ആസ്ഥാനകലാവിദ്യയെ സര്‍ഗാത്മകതയുടെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചു നടത്താനുള്ള ഒരു നാടകക്കാരന്റെ ഭയരാഹിത്യവും അത്യധ്വാനവും കൂടിയാണ്, ഈ നാടകങ്ങളെ വേറിട്ട അനുഭവമാക്കി മാറ്റുന്നത്. എന്തൊക്കെയാണ് നഷ്ടപ്പെട്ടതെന്ന് വരുംതലമുറയ്ക്ക് അറിയുകപോലും ചെയ്യാത്തവിധം മണ്ണും വിത്തും പ്രകൃതിയും പോയ്മറഞ്ഞ വര്‍ത്തമാനകാലത്തുനിന്നും ജി.എം. വിളകള്‍ വാഗ്ദാനം ചെയ്യുന്ന സമൃദ്ധി മോഹങ്ങളുടെ മായാലോകത്തേക്ക് കുതിക്കുന്നവരെ ‘ആരണ്യകി’ലെ വനദേവത ടാണ്ടോബോരോവിനെ പോലെ കയ്യുയര്‍ത്തി തടയുന്ന പ്രജ്ഞയുടെ ശബ്ദം ശരത്ത് കേള്‍പ്പിക്കുന്നുണ്ട്. അരനൂറ്റാണ്ടു മുമ്പേ തുടങ്ങിയ ഹരിതവിപ്ലവമെന്ന ‘നാടകം’ പുതിയ രംഗങ്ങളും കഥാപാത്രങ്ങളേയും കൂട്ടിച്ചേര്‍ക്കപ്പെട്ടുകൊണ്ട് ഇപ്പോഴും തുടരുകയാണ്. മൂന്നാം ലോകങ്ങളില്‍ ജനിതകമാറ്റം വരുത്തിയ വിളകള്‍ വ്യാപിപ്പിക്കുന്നതിനായുള്ള ഗവേഷണ പഠനങ്ങള്‍ക്ക് ശതകോടികള്‍ സംഭാവന ചെയ്യുന്ന ബില്‍ഗേറ്റ്‌സ് ആണ് ഈ നാടകത്തിലെ പുതിയ കഥാപാത്രം. ബില്‍ഗേറ്റ്‌സിനെയും മെലിന്‍ഡയെയും പത്മഭൂഷന്‍ നല്‍കി ആദരിക്കുന്ന തിരക്കില്‍ ഹരിതവിപ്ലവം കൊണ്ടുവന്ന ആ പഴയ കാറു കച്ചവടക്കാരന്‍ രാജ്യത്തിന് അനഭിമതനായ വിവരം അധികമാരും ശ്രദ്ധിച്ചിരിക്കില്ല. ഹരിതവിപ്ലവത്തിന് നേതൃത്വം നല്‍കിയ അന്താരാഷ്ട്ര നെല്ല് ഗവേഷണ കേന്ദ്രം സ്ഥാപിക്കപ്പെട്ടത് ഫോഡ് ഫൗണ്ടേഷന്റെയും റോക്ക് ഫെല്ലര്‍ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിലായിരുന്നു. വികസനത്തെയും ആഭ്യന്തര സുരക്ഷയെയും കരുതി ഫോഡ് ഫൗണ്ടേഷന്‍ വിചാരണ ചെയ്യപ്പെടുമ്പോള്‍ തീര്‍ച്ചയായും ഹരിത വിപ്ലവത്തിന്റെ സാമൂഹ്യ ബാധ്യതകൂടി പുനര്‍വിചിന്തനം ചെയ്യപ്പെടേണ്ടതുണ്ട്. ആ നിമിഷത്തില്‍ തീര്‍ച്ചയായും കൊലമരത്തില്‍നിന്നും ഇറങ്ങിവരും ‘വിതയ്ക്കുന്നവന്റെ ഉപമ’യിലെ ഗോപാലേട്ടന്‍…
Comments are closed.