DCBOOKS
Malayalam News Literature Website

‘വിശ്വസാഹിത്യ പര്യടനങ്ങള്‍’; ക്ലാസിക് കൃതികളെ കുറിച്ചുള്ള സമഗ്രമായ വിശകലനം

“മുഴുവന്‍ പ്രപഞ്ചത്തെയും പ്രതിനിധാനം ചെയ്യുന്ന ഏതു പുസ്തകത്തിനും നല്‍കാവുന്ന സംജ്ഞയാണ് ക്ലാസിക്. പ്രാചീനമായ ഏലസുകള്‍ക്കും തുല്യമായ പുസ്തകം.”

“നമ്മുടെ ഭാവനയില്‍ അവിസ്മരണീയതയുടെ മുദ്ര പതിപ്പിച്ചും ഓര്‍മ്മയുടെ അടരുകള്‍ക്കിടയില്‍ വ്യക്തിയുടെയോ സമൂഹത്തിന്റെയോ അബോധമായി മറഞ്ഞിരുന്നുംകൊണ്ട് സവിശേഷമായ സ്വാധീനത ചെലുത്തുന്നവയാണ് ക്ലാസിക്കുകള്‍”

വിശ്വസാഹിത്യകാരനായ ഇതാലോ കല്‍വീനോയുടെ ക്ലാസിക് കൃതികളെ കുറിച്ചുള്ള ശ്രദ്ധേയമായ രണ്ട് നിര്‍വ്വചനങ്ങളാണിത്.

പല കാലങ്ങളിലെ നിരന്തര പാരായണങ്ങളിലൂടെ മനുഷ്യാനുഭവത്തിന്റെയും സംസ്‌കാരത്തിന്റെയും സാര്‍വ്വത്രികതയിലേക്കു മുതല്‍ക്കൂട്ടായ രചനകളാണ് ക്ലാസിക്കുകള്‍. ആത്മാവില്‍ പ്രകാശം ചൊരിയുന്ന ശ്രേഷ്ഠരചനകള്‍… പ്രാചീന കൃതികള്‍ മാത്രമല്ല ആധുനിക കൃതികളും ഈ പുസ്തകഗണത്തില്‍പ്പെടും. മോഡേണ്‍ ക്ലാസിക് എന്നൊരു സങ്കല്പം തന്നെയുണ്ട്. കാലം, പല കാലങ്ങളിലെ നിരന്തര പാരായണങ്ങള്‍ അവയെ മഹത്തായ രചനകളായി അംഗീകരിച്ച് മനുഷ്യാനുഭവത്തിന്റെയും സംസ്‌കാരത്തിന്റെയും സാര്‍വ്വത്രികതയിലേക്കു മുതല്‍ക്കൂട്ടുന്നു. കാലവും പശ്ചാത്തലവും വംശവും വര്‍ണ്ണവും ഭാഷയും ഭാവനയും ചരിത്രവും ജീവിതരീതിയും വ്യത്യസ്തവും അപരിചിതവുമായിരിക്കുമ്പോഴും അവ പരിഭാഷയിലും പുനരാഖ്യാനത്തിനുപോലും ആസ്വാദ്യമായിരിക്കുന്നതിന്റെ കാരണമാണ് ഒരു മഹത്തായ കൃതിയുടെ യഥാര്‍ത്ഥ വിശദീകരണം.

ഈ ക്ലാസിക്കുകളുടെ ആഖ്യാനവിശേഷങ്ങളെയും അനുഭൂതി നിര്‍മ്മാണകലയേയും ലാവണ്യാനുഭവത്തെയും സമകാലികസാഹിത്യ സങ്കല്പങ്ങളിലൂടെ പുതിയ കാലത്ത് വിശദീകരിക്കുകയാണ് പ്രശസ്ത സാഹിത്യനിരൂപകനായ പി.കെ രാജശേഖരന്‍ വിശ്വസാഹിത്യപര്യടനം എന്ന കൃതിയിലൂടെ. കാലം നമിക്കുന്ന 100 ക്ലാസിക്കുകള്‍ എന്ന ഉപശീര്‍ഷകത്തോടെ പ്രസിദ്ധീകരിച്ച വിശ്വസാഹിത്യ താരാവലിയില്‍ ഉള്‍പ്പെടുത്തിയ കൃതികള്‍ക്കു വേണ്ടി പി. കെ രാജശേഖരന്‍ എഴുതിയ ആമുഖപ്രബന്ധങ്ങളാണ് വിശ്വസാഹിത്യപര്യടനങ്ങള്‍ എന്നു പേരിട്ടിരിക്കുന്ന ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കൃതിയുടെ ആദ്യ പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുണ്ട്.

സാഹിത്യവിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഗവേഷകര്‍ക്കും ഒരുത്തമ പഠനസഹായിയാണ് ഈ കൃതി.

Comments are closed.