പീഡിപ്പിക്കുന്നവരും പ്രണയിക്കുന്നവരും തമ്മിലുള്ള വ്യത്യാസം; ആൺ ലോകം വിശുദ്ധസഖിമാരിലൂടെ….
അടിക്കടിയുള്ള ട്രെയിന്‍ യാത്രകളില്‍, ഉറക്കത്തിനും ഉണര്‍വിനുമിടയിലുള്ള ഇടവേളകളിലാണ് ‘വിശുദ്ധ സഖിമാര്‍’ വായിച്ചുതീര്‍ത്തത്. വായന തുടങ്ങിയതിന്റെ മൂന്നാംനാള്‍, കൊട്ടാരസദൃശമായ വീട്ടില്‍, അധികാര ചിഹ്നങ്ങളും മാര്‍ബിള്‍ വെളുപ്പുള്ള മുറിയിലെ തൂവെള്ളമെത്തയില്‍ ചോരയൊലിച്ച് കിടക്കുന്ന പതിനാറുകാരി കമലയെ വീണ്ടും പ്രാപിക്കാന്‍ എത്തുന്ന ഭീമാകാരനായ ഒരു നിഴലിന്റെ മുരള്‍ച്ച കേട്ട് ഞെട്ടിയുണര്‍ന്നാണ് ഇതെഴുതുന്നത്. തിന്നാനല്ലാതെ കൊല്ലുകയും പ്രണയമില്ലാതെ കാമിക്കുകയും ചെയ്യുന്നവരാണല്ലോ മനുഷ്യർ. അവർക്കിടയിൽ കമലയെന്ന പെൺകുട്ടിക്കു നേരിടേണ്ടി വന്ന കൊടിയ പീഡനങ്ങളുടെയും ചതിയുടെയും കഥ, അത്രമേൽ മനസ്സിനെ നോവിച്ചിരുന്നു.
വിശുദ്ധ സഖിമാർ എന്ന പുസ്തകം സ്വപ്നങ്ങളിലേക്കും കടന്ന് ഉപബോധമനസ്സിനെപ്പോലും സ്വാധീനിച്ചിരിക്കുന്നു എന്ന് അപ്പോഴാണു തിരിച്ചറിഞ്ഞത്.
പെണ്‍മനസ്സിനെ അടുത്തറിയാന്‍ ചെറുപ്പം മുതല്‍ ആശ്രയിച്ചിരുന്നത് മാധവിക്കുട്ടിയുടെ കഥകളെയായിരുന്നു. ‘എന്റെ കഥ’യെന്ന പുസ്തകം വീട്ടിൽ സൂക്ഷിക്കുന്നതു തന്നെ ഒരപരാധമായി കണക്കാക്കപ്പെട്ടിരുന്ന കാലം. അടക്കിപ്പിടിച്ചും കാച്ചിക്കുറുക്കിയും ഇരുണ്ട അനുഭവങ്ങളില്‍ ഒളിപ്പിച്ചുമുള്ള ആ വരികളില്‍നിന്നു കമലാ സുരയ്യയെന്ന പെണ്ണിനെ വായിച്ചെടുക്കാന്‍ ഒരു കൗമാരക്കാരന് അന്നത്ര എളുപ്പമായിരുന്നില്ല.
പിന്നീട് അഷിതയുടെയും സാറ ജോസഫിന്റെയും രചനകളിൽ നിന്ന് കെ.ആർ.മീരയുടെ കൃതികളിലേക്കും ആ അന്വേഷണം വ്യാപിച്ചു. ആ വായനകളിലൂടെയൊക്കെ സ്ത്രീകളെ മനസ്സിലാക്കിയെന്നു സ്വയം വിശ്വസിച്ച് പാകപ്പെടുത്തി വച്ചിരുന്ന പുരുഷബോധത്തിലേക്കാണ് ഒരിടിമിന്നല്‍ പ്രഹരം പോലെ വിശുദ്ധസഖിമാരുടെ താളുകള്‍ വന്നുവീണത്. ചിലത് കാറ്റത്ത് ആടിയാടി താഴേക്കു തനിയെ പതിക്കുന്ന ആര്‍ദ്രമായ ചില പെണ്ണനുഭവങ്ങളായിരുന്നെങ്കില്‍ മറ്റു ചിലത് ആണഹങ്കാരത്തിന്റെ ബോധ്യങ്ങളെ തച്ചുതകര്‍ത്ത പ്രഹരങ്ങളായിരുന്നു.
ഞാനടക്കമുള്ള ഈ ലോകത്തെ പുരുഷന്മാരെ മുഴുവന്‍ അത്രമേല്‍ ബലഹീനരും നിസ്സഹായരുമാക്കിത്തീര്‍ക്കുകയായിരുന്നു ഈ നോവല്‍. സ്ത്രീകൾക്കു സ്വന്തമായി ഒരിടം നൽകാത്ത ലോകത്ത്, പുരുഷന്മാര്‍ എത്ര ചെറുതാണെന്നു കാണിച്ചു തരികയായിരുന്നു സഹീറാ തങ്ങള്‍. കണ്ടറിഞ്ഞും കേട്ടറിഞ്ഞും നമുക്കു പരിചിതരായ കുറെ സ്ത്രീകളുമായി സാമ്യമുള്ള ഒട്ടേറെ കഥാപാത്രങ്ങളും ഈ നോവലിലുണ്ട്. സ്വന്തം വീട്ടകങ്ങളിലുള്ള സ്ത്രീകളുമായിപ്പോലും ചിലപ്പോൾ നമുക്കവരോട് സാദൃശ്യം തോന്നിയേക്കാം. സമകാലിക സംഭവങ്ങളും സാമൂഹികാവസ്ഥകളുമായി ചേർത്തുവായിക്കാൻ പറ്റുന്ന ലളിതമായ ഒരു നോവല്‍.
‘ഒരു തവണ, ഒരേയൊരു തവണയെങ്കിലും പ്രണയംപൂത്ത മനസ്സുമായി ഒന്നായിത്തീര്‍ന്നവര്‍ പിന്നീടൊരിക്കല്‍പ്പോലും പ്രണയമില്ലാത്ത ശരീരമേളനം ആഗ്രഹിക്കില്ല. എനിക്കു പെട്ടെന്ന് കരച്ചില്‍ വന്നു. ഞാന്‍ ആരെയും പ്രണയിച്ചില്ല എന്ന നിസ്സഹായത എന്നെ കുറ്റവാളിയാക്കി തരംതാഴ്ത്തി’ എന്ന വരികള്‍ തന്നെ നോക്കുക. പീഡിപ്പിക്കുന്നവരും പ്രണയിക്കുന്നവരും തമ്മിലുള്ള വ്യത്യാസത്തെ എത്ര ലളിതമായിട്ടാണ് ആവിഷ്കരിച്ചിരിക്കുന്നത്.
എകാര്‍ഗ്, മസീഹ് മാലിബ് എന്നിവർ യാഥാര്‍ഥ്യത്തിന് അതീതമായി എഴുത്തുകാരി വരച്ചിട്ട ഉത്തമപുരുഷ ലക്ഷണങ്ങളാണെന്ന തോന്നല്‍ ചിലയിടങ്ങളില്‍ കല്ലുകടിയുണ്ടാക്കും. പക്ഷേ നോവലിൽ അല്‍പായുസ്സ് മാത്രമുണ്ടായിരുന്ന റസല്‍ എന്ന കഥാപാത്രം തികച്ചും അനുഭവിച്ചറിഞ്ഞിട്ടുള്ള ഒരു യാഥാര്‍ഥ്യമായിരുന്നു. പ്രണയം എന്താണെന്നും അതിനെ പാപമായിട്ടല്ലാതെ എങ്ങനെയാണു സ്വീകരിക്കേണ്ടത് എന്നും കൗമാരത്തിലേ തിരിച്ചറിയാൻ കഴിഞ്ഞിരുന്നെങ്കിൽ, യൗവനത്തില്‍ നമുക്കിത്രയും ഏകാന്തത അനുഭവിക്കേണ്ടി വരുമായിരുന്നില്ലെന്ന് കുറ്റബോധത്തോടെ ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്. സഹീറ എന്ന എഴുത്തുകാരിയുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍, പ്രണയമെന്തെന്ന് അന്വേഷിക്കാന്‍ പോലും ധൈര്യമില്ലാതായിപ്പോയ ഒരുവന്റെ തിരിച്ചറിവ്.
‘മരണാനന്തരം ഉണ്ടാകാന്‍ പോകുന്ന കൊടിയ ശിക്ഷകളെക്കുറിച്ചോര്‍മിച്ച് ചുറ്റിലുമുള്ളവർ മധുരമുള്ള എല്ലാത്തിനെയും അഹംഭാവത്തോടെ പരിഹസിച്ചു മാറ്റിനിര്‍ത്തി. മറ്റുള്ളവരെ പേടിച്ചു ജീവിക്കുന്നവർ മരണാസന്നരായിക്കിടക്കുമ്പോൾ, ശരീരത്തിൽ നിന്ന് പടിയിറങ്ങുന്ന ആത്മാവിനോട് തിരിച്ചുവരാൻ അലമുറയിടുമെന്ന് എനിക്ക് ഉറപ്പായി.’ എന്ന് സഹീറ തങ്ങൾ എഴുതുന്നു.
എതിര്‍ലിംഗത്തോട് അടുത്തിടപഴകുന്നതു പോലും പാപലക്ഷണമാണെന്ന മദ്രസയിലെ ശിക്ഷണം. ഒപ്പം, ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും കൃത്യമായ അതിര്‍ത്തി രേഖകള്‍ വരച്ചിട്ട് അതിനിരുവശത്തും മാത്രം ഇരുത്തിപഠിപ്പിച്ച സ്‌കൂളും. എന്നിട്ട് പീഡനത്തിന്റെയും തീകൊളുത്തിക്കൊലകളുടെയും വാര്‍ത്തകള്‍ കേട്ട് വിറങ്ങലിക്കുന്ന നമ്മുടെ സമൂഹത്തിന്റെ ഹിപ്പോക്രസിയെക്കുറിച്ചു ഓര്‍ക്കുമ്പോള്‍ വെറുപ്പ് തികട്ടിവരുന്നു. ആത്മവിശ്വാസം കെട്ടതും അന്തര്‍മുഖരുമായ കുറെ ചെറുപ്പക്കാരെയല്ലാതെ, ബാല്യം മുതലേ കുത്തിവയ്ക്കുന്ന ഇത്തരം സദാചാര നിയന്ത്രണങ്ങള്‍ കൊണ്ട് എന്തു നേട്ടമാണ് നമ്മൾ സമൂഹത്തിന് ഉണ്ടാക്കിക്കൊടുത്തിട്ടുള്ളതെന്ന് ചിന്തിച്ചു പോകുന്നു.
അറേഞ്ച്ഡ് മാര്യേജെന്നോ പ്രണയവിവാഹമെന്നോ വ്യത്യാസമില്ലാതെ, കിടപ്പറയില്‍ മാത്രം വെളിവാകുന്ന വൈകൃതങ്ങള്‍ മൂലം എത്രയെത്ര ബന്ധങ്ങളാണ് തകരുന്നത്. പണ്ടൊക്കെ എല്ലാം മിണ്ടാതെ സഹിച്ചിരുന്നവരായിരുന്നു പെണ്ണുങ്ങള്‍. ഇന്നങ്ങനെയല്ല. ആ ബോധ്യമുള്ളതുകൊണ്ടാണ് അവർ തന്നെ പലപ്പോഴും വിവാഹബന്ധങ്ങള്‍ അവസാനിപ്പിക്കുന്നതിന് മുൻകൈയെടുക്കുന്നതും. പക്ഷേ മതപരവും സാമൂഹികവുമായ ചട്ടക്കൂടുകള്‍ കാരണം അതിന് ബുദ്ധിമുട്ടേറുമെന്ന് മാത്രം. ആരോഗ്യകരമായ ലൈംഗിക പഠനവും ചർച്ചകളും സൗഹൃദങ്ങളും പ്രോത്സാഹിപ്പിക്കാതെ, എല്ലാം അടിച്ചമർത്താൻ മാത്രം ശീലിച്ചവരിൽ നിന്നു നല്ല സ്ത്രീ പുരുഷ ബന്ധങ്ങൾ ഉണ്ടാകാൻ എന്ത് സാധ്യതയാണുള്ളത്?
മതം, സദാചാരം, ലിവിങ് ടുഗെദർ, വിവാഹം, രതിമൂർച്ഛ, സ്വവർഗാനുരാഗം, റേപ്പിന്റെ ആഘാതങ്ങളിൽ നിന്നുള്ള മടങ്ങിവരവ്, ലൈംഗിക രോഗങ്ങള്‍ എന്നിവ തൊട്ട് ഗർഭ നിരോധന മാർഗങ്ങൾ വരെ, അവയുടെ സങ്കീര്‍ണതകളില്‍ നിന്ന് അഴിച്ചെടുത്ത് ഭംഗിയായി, വ്യക്തമായി അവതരിപ്പിക്കാന്‍ സഹീറ തങ്ങൾക്ക് കഴിഞ്ഞു. ഒപ്പം ‘ഭൂലോകത്തുള്ള മുഴുവന്‍ അസമത്വങ്ങള്‍ക്കും കാരണം പുരുഷന്മാരാണ് എന്ന് വിശ്വസിക്കുന്നതാണ് ഫെമിനിസം’ എന്ന ചിന്തയും തെറ്റാണെന്ന് വളരെ കൃത്യമായി, വ്യക്തതയോടെ എഴുതിവച്ചിരിക്കുന്നത് കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. ആണിനെയും പെണ്ണിനെയും വെവ്വേറെ ലോകങ്ങളിൽ കെട്ടിയിടുമ്പോഴല്ല, ഒരേപോലെ ജീവിക്കാനും ഇടപഴകാനും സ്വാതന്ത്ര്യം നൽകുന്ന തുറന്ന ഇടങ്ങളുണ്ടാകുമ്പോഴാണ് സമത്വം സാധ്യമാകുന്നതെന്ന യാഥാർഥ്യമാണ് ഈ രചനയിലുള്ളത്.
നമ്മളോരോരുത്തരുടെയും ജീവിതത്തിലുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും നിർബന്ധമായും പരിചയപ്പെടുത്തിക്കൊടുക്കേണ്ടുന്ന ഒരു നോവൽ . മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലായ ഇന്ദുലേഖ പോലും ചർച്ച ചെയ്യുന്നത്, വിദ്യാസമ്പന്നയും പ്രതിഭയുമായ ഒരു പെണ്ണിന്റെ പ്രതിരോധമാണല്ലോ.
പെണ്‍മനസ്സിന്റെ ആഴങ്ങൾ മാത്രം ആവോളം ചർച്ച ചെയ്തിട്ടുള്ള മലയാളവും മലയാളിയും, അവരുടെ തുറന്നെഴുത്തുകളെ സ്വമനസ്സാലെ അംഗീകരിക്കേണ്ട സമയമായിരിക്കുന്നു. അതിന് പെണ്ണെഴുത്തുകാർ തന്നെ സധൈര്യം മുന്നോട്ടു വരികയും വേണം. കാരണം സ്ത്രീപക്ഷ എഴുത്തിന്റെ അമരത്തുണ്ടാകേണ്ടത് സ്ത്രീകൾ തന്നെയാവണം, പുരുഷന്മാരാകരുത്.
പെൺമനസ്സിന്റെ ആഴങ്ങളാണ് മാധവിക്കുട്ടി കാണിച്ചു തന്നതെങ്കിൽ, സഹീറാ തങ്ങള്‍ തുറന്നിട്ടത് നല്ല തെളിച്ചമുള്ള ആകാശത്തിന്റെ ഒരു കീറാണ്. ഒരുപാട് സ്ത്രീകളെ ചിറകടിച്ചുയരാനും പറക്കാനും പ്രേരിപ്പിക്കുന്ന വിശാലമായ ഒരാകാശം.
സഹീറ തങ്ങളുടെ ”വിശുദ്ധ സഖിമാര്‍” എന്ന നോവലിന് ആസിഫ് അബ്ദുള്‍ കലാം എഴുതിയ വായനാനുഭവം.
കടപ്പാട്; മനോരമ ഓണ്‍ലൈന്‍
Comments are closed.