വിഷു ആശംസകള്‍
കേരളത്തിലെ പ്രധാന കാര്‍ഷികോത്സവമാണ് വിഷു. മലയാളമാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. കേരളത്തിലും അയല്‍ സംസ്ഥാനങ്ങളില്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്. ഓണം പോലെതന്നെ കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവമാണ് വിഷുവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കില്‍ വിഷു വേനല്‍ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ് ആചരിക്കുന്നത്. വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ വ്യത്യസ്തമാണ്. വിഷുക്കണി ആണ് ഏറ്റവും പ്രധാനപ്പെട്ടത്. വിഷുക്കൈനീട്ടം, വിഷു സദ്യ, വിഷുക്കളി തുടങ്ങിയവ വിഷുവിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളാണ്.
തേച്ചൊരുക്കിയ ഓട്ടുരുളിയില്‍ അരിയും നെല്ലും ഉപയോഗിച്ച് പാതി നിറച്ച്, കൂടെ അലക്കിയ മുണ്ടും, പൊന്നും, വാല്‍ക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ, ഗ്രന്ഥം, വെള്ളിപ്പണം, ചക്ക, മാങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ് വിഷുക്കണി ഒരുക്കുക. കണിക്കൊന്ന പൂക്കള്‍ വിഷുക്കണിയില്‍ നിര്‍ബന്ധമാണ്.
കണി കണ്ടതിനുശേഷം ഗൃഹനാഥന്‍ കുടുംബാംഗങ്ങള്‍ക്ക് നല്‍കുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം എന്നറിയപ്പെടുന്നത്. ആദ്യകാലങ്ങളില്‍ സ്വര്‍ണ്ണം, വെള്ളി എന്നിവയില്‍ ഉണ്ടാക്കിയ നാണയങ്ങള്‍ ആയിരുന്നു നല്‍കിയിരുന്ന്. വര്‍ഷം മുഴുവനും സമ്പല്‍ സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടേ എന്ന് അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം നല്‍കുനത്.
Comments are closed.