DCBOOKS
Malayalam News Literature Website

വിരലുകള്‍ കോര്‍ത്തിണക്കുന്ന രണ്ടാത്മാക്കളുടെ സര്‍ക്യൂട്ട്

 

കൊല്ലം സ്വദേശിയായ അയ്യപ്പന്‍ ആചാര്യയുടെ ആദ്യകവിതാ സമാഹാരമാണ് വിരലുകള്‍ കോര്‍ത്തിണക്കുന്ന രണ്ടാത്മാക്കളുടെ സര്‍ക്യൂട്ട്. പേരിലെ പുതുമപോലെ വ്യത്യസ്തമായ ആഖ്യാനശൈലിയാണ് കവിതയിലൂടനീളം കണ്ടെത്താനാവുക. സൗഹൃദങ്ങളുടെ തീക്ഷ്ണതയെ കടുംവര്‍ണ്ണങ്ങളില്‍ തന്റെ ജീവിതത്തിന്റെ കാന്‍വാസില്‍ എങ്ങനെ വരച്ചുചേര്‍ത്തിരിക്കുന്നു എന്ന് കാട്ടിത്തരുന്ന നാല്പത്തിയഞ്ച് കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. ഒപ്പം, രാകേഷ് രാധാകൃഷ്ണന്‍, രഞ്ജിത്ത് കണ്ണന്‍കാട്ടില്‍, ഡോ രോഷ്‌നി സ്വപ്ന എന്നിവര്‍ തയ്യാറാക്കിയ പഠനആസ്വാദനക്കുറിപ്പുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇത് കവിതകളെ കൂടുതല്‍ അടുത്തറിയാന്‍ സഹായിക്കുന്നു.

രാകേഷ് രാധാകൃഷ്ണന്‍ എഴുതിയ പഠനകുറിപ്പില്‍ നിന്ന്..

തന്റെ ജീവിതത്തിന്റെ വഴിവളവുകളും തിരിവുകളും ആലേഖനം ചെയ്യപ്പെട്ടിരിക്കുന്ന ആത്മസുഹൃത്തിന്റെ ഉള്ളംകൈ, തന്റെ സ്പന്ദനങ്ങ
ളുടെ ആവേഗങ്ങളും ആവൃത്തികളും തൊട്ടറിഞ്ഞ ആ ഉള്ളംകൈയുടെ നേര്‍ചിത്രമാണ് ഹൃദയത്തില്‍ കൊത്തിവയ്‌ക്കേണ്ടത്. മുറിവാഴങ്ങളുടെ നിശ്ശബ്ദതീരങ്ങളില്‍ സാന്ത്വനം തേടുമ്പോള്‍ ഹൃദയശ്രീകോവില്‍ തുറന്ന് നിങ്ങളുടെ കരങ്ങള്‍ ആ ഉള്ളംകൈയിലൊന്നു വച്ചു നോക്കൂ. എത്ര അകലെയാണെങ്കിലും വന്‍കരകള്‍ ചുരുങ്ങി മറ്റാരേക്കാളും അരികിലായി, ഒരു ശ്വാസദൂരത്തിനപ്പുറം അയാള്‍ വന്നുനില്‍ക്കുന്നത് അനുഭവിക്കാം. അയ്യപ്പന്‍ ആചാര്യയുടെ ആദ്യ കവിതാസമാഹാരമായ ‘വിരലുകള്‍ കോര്‍ത്തിണക്കുന്ന രണ്ടാത്മാക്കളുടെ സര്‍ക്യൂട്ട് ‘ സൗഹൃദങ്ങളുടെ തീക്ഷ്ണതയെ കടുംവര്‍ണ്ണങ്ങളില്‍ തന്റെ ജീവിതത്തിന്റെ കാന്‍വാസില്‍ എങ്ങനെ വരച്ചുചേര്‍ത്തിരിയ്ക്കുന്നു എന്ന് കാട്ടിത്തരുന്നു.

കവിതയുടെ സാമ്പ്രദായികമായ ക്രമങ്ങളെ അപ്പാടെ അട്ടിമറിച്ച് ഉള്ളിലെ വികാരങ്ങളെ അതിന്റെ തീവ്രത ചോരാതെ എഴുത്തുകളിലേക്ക് പകര്‍ത്തിയിരിക്കുന്നതായി കവിതകളില്‍ കണ്ടെത്താം. വാക്കുകള്‍ വര്‍ണ്ണങ്ങളാവുകയും അവ കാവ്യഘടന എന്ന കാന്‍വാസിന്റെ അതിരുകള്‍ ലംഘിച്ച്, കടുംവര്‍ണ്ണങ്ങളുടെ ബ്രഷ് സ്‌ട്രോക്കുകള്‍ കൊണ്ട് ഉന്മത്ത വികാരങ്ങള്‍ ചമയ്ക്കുകയും ചെയ്യുന്നു. ‘ദൈവത്തിന്റെ സുഗന്ധമുള്ള ഒരു സുഹൃത്ത്’ പല കവിതകളിലും, അടയാളങ്ങള്‍ തീര്‍ത്ത് വന്നുപോകുന്നു എന്നത് കവി ഏതോ ഒരു സൗഹൃദത്തെ എത്രമാത്രം ഹൃദയത്തില്‍ ചേര്‍ത്തുപിടിച്ചിരിക്കുന്നു എന്നതിന് തെളിവായിത്തന്നെ നിരത്താം. ആദ്യ കവിത തന്നെ സൗഹൃദത്തില്‍ തുടങ്ങുന്നു; ഒടുവില്‍ ഒപ്പീസ് പാടി അവസാനിപ്പിക്കുമ്പോഴും സൗഹൃദം നിഴലായി കൂടെ കരുതുന്നു.

കവിതകളെ, പോസ്റ്റ്-ഇംപ്രഷനിസ്റ്റ് മൂവ്‌മെന്റിന്റെ ആചാര്യന്‍ വിശ്രുത ചിത്രകാരന്‍ വാന്‍ഗോഘിന്റെ ചിത്രങ്ങളോട് ഉപമിക്കാം; വാന്‍ഗോഘ് എന്ന ചിത്രകാരനെ ‘ഒറ്റച്ചെവിയന്‍’ എന്ന കവിതയാക്കി അവതരിപ്പിച്ചിരിക്കുന്നത്, തികച്ചും യാദൃശ്ചികം ആയിരിക്കാം. അതിനെ ഈ കവിതകളുടെ നിര്‍മ്മിതിയുടെ അടിസ്ഥാനശിലയാക്കി കവി നിരൂപിക്കുകയോ നിരീക്ഷിക്കുകയോ ചെയ്തിട്ടുണ്ടാവില്ല. വിന്‍സെന്റ് വില്ല്യം വാന്‍ഗോഘ് എന്ന ചിത്രകാരന്റെ വ്യതിരിക്തമായ ജീവല്‍ ശ്രേണികള്‍ വായിച്ചറിഞ്ഞ ഒരു കവിമനസ്സിന്, വാക്കുകളില്‍ അവ പകര്‍ത്താന്‍ ഉന്മാദം നിറഞ്ഞ ഹരമുണ്ടാകും. അതിന്റെ തുള്ളിത്തുളുമ്പലുകള്‍ വരികളായതാണ് ‘ഒറ്റച്ചെവിയന്‍’ എന്ന കവിത. വാന്‍ഗോഘിന്റെ ചിത്രങ്ങളിലേത് പോലെ ‘Exaggerate the essential, leave the obvious vague’ എന്ന ചിന്ത ആചാര്യയുടെ പല കവിതകളിലും ദര്‍ശിക്കാനാവും. പക്ഷേ വാന്‍ഗോഘിനെ നിശ്ശേഷം അടര്‍ത്തി മാറ്റിവച്ചാണ് കവിതകള്‍ എഴുത്തില്‍ പുരോഗമിച്ചിട്ടുള്ളത്. ഒരു പക്ഷേ, വാന്‍ഗോഘിന്റെ ആത്മതലത്തോട് കിടപിടിയ്ക്കുന്ന വൈകാരികമായ ഒരുതലം കവി സ്വയം അറിയാതെ വന്നുഭവിച്ചതാവാം.

ഇങ്ങനെ പറയാന്‍ കാരണമുണ്ട്. ഈ കവിതകളെ വളരെ ആഴത്തില്‍ പരിശോധിച്ചാല്‍, കവിതയിലെ വരികളിലൂടെ കവി മനസിന്റെ സഞ്ചാര പഥങ്ങളെ അപഗ്രഥിച്ചാല്‍, ഒരു വാന്‍ഗോഘിയന്‍ നിഴല്‍ വിടാതെ പിന്തുടരുന്നത് അറിയാനാകും. പ്രണയത്തിനായ് സ്വയം ഉരുകുന്ന ഒരു കവിതയായും സൗഹൃദങ്ങളില്‍ സ്വയം കണ്ടെത്തുന്ന സുഹൃത്തായും ജീവിതം മുറിഞ്ഞുവീഴുന്ന നിമിഷങ്ങളില്‍ വാത്സല്യത്തിന്റെ ഒരു പിന്‍വിളിയെങ്കിലും തേടുന്ന മകനായും ഓര്‍മ്മകളുടെ ഒരിക്കലും തുറക്കപ്പെടാത്ത, ആര്‍ക്കും രക്ഷപ്പെടുത്തുവാനാവാത്ത തടവറയില്‍ സ്വയം ബന്ധനസ്ഥനായ കാമുകനായും, ജീവിതത്തെ ഒരൊറ്റ വെടിയുണ്ടയില്‍ തീര്‍ത്ത വാന്‍ഗോഘിനെ പോലെ പരാജിതനായ മരണകാംക്ഷിയായും വരികളില്‍, വാക്കുകളില്‍ കവി സ്വയം വരച്ചുവച്ചിരിക്കുന്നു.

കവിയുടെ ഗവേഷണത്വരയും ശാസ്ത്രാവബോധവും നിഴലിയ്ക്കുന്ന ഒട്ടേറെ കവിതകള്‍ ഈ കവിതാസമാഹാരത്തില്‍ കാണാം. എന്നുതന്നെയുമല്ല, കവിതകളിലെല്ലാം തന്നെ നിഴലിയ്ക്കുന്ന വാക്കുകളുടെ ചുരുക്കെഴുത്തിലും സമാസത്തിലും കാണിക്കുന്ന മികവ് ബൗദ്ധികതയുടെയും അവബോധത്തിന്റെയും തെളിവുകള്‍ നിരത്തിവയ്ക്കുന്നുണ്ട്. ആല്‍ബെര്‍ട്ട് കമുവിന്റെ The Stranger -നെ ഉപസംഗ്രഹിച്ചുകൊണ്ടുള്ള ‘ബലാത്സംഗത്തിന്റെ സിംഫണി’, ‘ജയില്‍പ്പുള്ളി’, ‘ഭ്രാന്ത്’, സമാന്തരപ്രപഞ്ചങ്ങളെ അടിസ്ഥാനപ്പെടുത്തി എഴുതിയ ‘സയ ന്റിഫിക് ഫിക്ഷന്‍’ ‘ഒന്നിലധികം ലോകങ്ങളില്‍ ഒരാള്‍’, ‘എഞ്ചുവടി’, ‘ചതുര്‍മുഖം’, ‘ഒരു ഫഌഷ് മോബില്‍ പെടുമ്പോള്‍’ തുടങ്ങിയവ കവി യുടെ ധിഷണതലത്തിന്റെ മാറ്റുരയ്ക്കുന്ന കവിതകളാണ്. റൂബിക്‌സ് ക്യൂബും മണല്‍ ഘടികാരവും പോലെ അനിതരസാധാരണമായ ബിംബ ങ്ങളെ ഗണിതശാസ്ത്ര-ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ച്, ബിംബങ്ങളുടെ ത്രിമാനങ്ങളില്‍ വികാരവിക്ഷുബ്ധതയുടെ സങ്കീര്‍ണ്ണമാനവും കൂടി കലര്‍ത്തിയാണ്, ഈ കവിതകളിലെ കാവ്യഘടന നിര്‍മ്മിച്ചിരിക്കുന്നത്. അതിനെയും പോസ്റ്റ്-ഇംപ്രഷനിസത്തിന്റെ അടിസ്ഥാന ശിലകളിലൊന്നായ വ്യക്തിപരതയില്‍ കണ്ണിചേര്‍ത്തു വായനക്കാരനില്‍ അതിന്റെ ഭാവങ്ങള്‍ ചെലുത്താന്‍ കവിതകള്‍ക്ക് നൂറു ശതമാനവും സാധ്യമായിട്ടുണ്ട്. ആചാര്യയുടെ കവിതകളിലെ ശാസ്ത്ര ആശയങ്ങളുടെയും, വസ്തുതകളുടെയും നൂലിഴകള്‍ പൂര്‍ണ്ണമായും കുരുക്കഴിക്കുക എന്നത് അസാധ്യമായതുകൊണ്ട് ആ വിഷയത്തില്‍ മറ്റൊരു പഠനത്തിനുള്ള സാദ്ധ്യത ഞാന്‍ കാണുന്നു. അക്കാരണത്താല്‍ എന്റെ പഠനം പ്രധാനമായും രണ്ട് തീമുകളിലാണ് ശ്രദ്ധ ചെലുത്തുന്നത്. ഒന്ന്, ആചാര്യയുടെ കവിതകളിലെ ചിത്രകലാസങ്കേതങ്ങള്‍. രണ്ട്, ആചാര്യയുടെ കവിതകളില്‍ സൗഹൃദം എന്ന ബന്ധത്തിന്റെ പരിചരണം.വാക്കുകളെ എഴുതുന്നതിന് പകരം ആചാര്യ എന്ന കവി വാക്കുകളെ വരച്ചു വച്ചിരിക്കുന്നു പല കവിതകളിലും.

കവിതകളിലെ സാമ്പ്രദായക ചുറ്റുവട്ടങ്ങളില്‍ നിന്ന് വിഭിന്നമായി, പ്രതീതിപ്രാധാന്യതാവാദത്തിന്റെ സ്വയംകൃത്യമായ പുത്തന്‍ സങ്കേതങ്ങളിലൂടെ തന്റെ ഉള്ളില്‍ നിറയുന്ന ഭാവങ്ങളെ അതിന്റെ പാരമ്യതയില്‍ പകര്‍ത്തിവയ്ക്കുവാന്‍ കവി ശ്രമിച്ചിരിയ്ക്കുന്നു. വാക്കുകളില്‍ ഒതുക്കി വയ്ക്കാവുന്നവയല്ല മാനുഷിക വികാരങ്ങള്‍. ആത്മസംഘര്‍ഷങ്ങളുടെ ഉരുള്‍പ്പൊട്ടലുകളില്‍നിന്ന് പുറപ്പെട്ടുവരുന്ന വികാരജ്വാലകളെ എല്ലാം പകര്‍ത്തിവയ്ക്കുക എളുപ്പമല്ല. ഒരെഴുത്തുകാരനെ സംബന്ധിച്ചിടത്തോളം, ഒരു ചിത്രകാരനെ സംബന്ധിച്ചിടത്തോളം, അല്ലെങ്കില്‍ ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം, വികാരവിക്ഷുബ്ധതയുടെ ആത്മപ്രകാശനോപാധിയാണ് കവിതയും ചിത്രങ്ങളും അഥവാ അത്തരം സങ്കേതങ്ങളെല്ലാം തന്നെ. പോസ്റ്റ്-ഇംപ്രഷനിസം പല കവികളും അവരുടെ കവിതയില്‍ ഉപയോഗിച്ചിട്ടുണ്ട്. എങ്കിലും അതില്‍തന്നെയും കാണാന്‍ കഴിയാത്ത തരത്തില്‍ ഈ കവിതകളില്‍ വരച്ചു ചേര്‍ത്തിരിയ്ക്കുന്ന വരികളിലെ വാക്കുകളുടെ അടുക്കുകളും, വാക്കുകളിലെ അക്ഷരങ്ങളുടെ അടുക്കുകളും ഒരു ലെയേര്‍ഡ് ഓയില്‍ പെയിന്റിംങ്ങിന്റെ സാധ്യതകളെ കവിതയില്‍ അവതരിപ്പിച്ചിരിക്കുന്നു-വാന്‍ഗോഘിന് മുമ്പ്തന്നെ പാബ്ലോ പിക്കാസോയും ഗൗജിനും ഈ സങ്കേതം ഉപയോഗിച്ചിരുന്നു വെങ്കിലും വര്‍ണ്ണവിന്യാസങ്ങളുടെ വ്യതിയാനത്തിലും കടുംവര്‍ണ്ണങ്ങളുടെ പ്രയോഗങ്ങള്‍ കൊണ്ടും അമൂര്‍ത്തമായ ഘടനാ വിശേഷങ്ങള്‍ കൊണ്ടും വാന്‍ഗോഘ് വ്യത്യസ്തനാകുന്നത് പോലെ. തീര്‍ച്ചയായും കാവ്യഘടനയില്‍, പോസ്റ്റ്-ഇംപ്രഷനിസത്തിന്റെ ഇത്തരമൊരു സാധ്യതയെ കുറിച്ച്, നാന്ദി കുറിയ്‌ക്കേണ്ടിയിരിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ അവതരണത്തെക്കുറിച്ച് വളരെ ക്രിയാത്മകമായ, സജീവമായ ഒരു ചര്‍ച്ച കവിയരങ്ങുകളില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.

 

Comments are closed.