DCBOOKS
Malayalam News Literature Website

അനാഥാലയത്തിൽ വളർന്നു കളക്ടർ പദവിയിലെത്തിയ ഒരു യുവാവ്; ശിഹാബിന്റെ ജീവിതം പാഠപുസ്തകത്താളുകളിലേയ്ക്ക്!

സാഹചര്യങ്ങളോട് പടവെട്ടി സിവില്‍ സര്‍വ്വീസിന്റെ ഉയരങ്ങള്‍ കീഴടക്കിയ മുഹമ്മദ് അലി ശിഹാബ് ഐ.എ.എസിന്റെ ജീവിതം ഇനി കുട്ടികള്‍ക്കും പ്രചോദനമാകും.
കോഴിക്കോട് ഫാറൂഖ് കോളേജാണ് ബിരുദ കരിക്കുലത്തില്‍ ശിഹാബിന്റെ ആത്മകഥ ‘വിരലറ്റം’ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുസ്തകത്തിന്റെ ആദ്യ മൂന്ന് അധ്യായങ്ങളാണ് രണ്ടാം ഭാഷയായി മലയാളം തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മൂന്നാം സെമസ്റ്ററില്‍ പഠിക്കാനുണ്ടാകുക.
ശിഹാബിന്റെ കുട്ടിക്കാലവും, പിതാവിന്റെ മരണശേഷം അനാഥാലയത്തിലേയ്ക്ക് പോകുന്നതുമടങ്ങുന്ന ഭാഗമാണ് കരിക്കുലത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സ്ഥിരോല്‍സാഹവും കഠിനാധ്വാനവും കൊണ്ട് ഈ ലോകം തന്നെ കീഴടക്കാമെന്ന മഹത് വചനങ്ങള്‍ക്ക് ഒരുത്തമ നിദര്‍ശനമാണ് ഈ ചെറുപ്പക്കാരന്റെ കഥ. കോഴിക്കോട് മുക്കം യത്തീംഖാനയില്‍ നിന്നും പഠിച്ച്, രാജ്യത്തെ ഏറ്റവും വലിയ മത്സര പരീക്ഷയില്‍ ഉന്നത റാങ്ക് കരസ്ഥമാക്കി ആയിരങ്ങള്‍ക്ക് പ്രചോദനമായി മാറിയ മുഹമ്മദലി ശിഹാബിന്റെ ആത്മകഥ ‘വിരലറ്റം’  ഡി.സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറ കോറോത്ത് അലിയുടെയും ഫാത്തിമയുടേയും മകനാണ് ശിഹാബ്. അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ മരിച്ചു. കുടുംബത്തിലെ സാമ്പത്തികപ്രശ്‌നങ്ങളെത്തുടര്‍ന്ന് പിന്നീടുള്ള ജീവിതം അനാഥാലയത്തിലേക്ക്. പിന്നീട് പത്ത് വര്‍ഷം ജീവിതം അവിടെ. ഉന്നത മാര്‍ക്കോടെ എസ്എസ്എല്‍സിയും പ്രീഡിഗ്രിയും വിജയിച്ചു. പിന്നീട് ടിടിസി പൂര്‍ത്തിയാക്കി പ്രൈമറി സ്‌കൂള്‍ അദ്ധ്യാപകനായി. സ്വന്തമായി പഠിച്ച് ചരിത്രത്തില്‍ ബിരുദം നേടി.

2004 ല്‍ ജലവിഭവ വകുപ്പില്‍ ലാസ്റ്റ് ഗ്രേഡായി ആദ്യ ജോലി. പിന്നീട് 20 പരീക്ഷകള്‍ കൂടി. എഴുതിയ എല്ലാ പരീക്ഷകളിലും നിയമനം. ഫോറസ്റ്റര്‍, റെയില്‍വേ ടിക്കറ്റ് കലക്ടര്‍, ഫോറസ്റ്റ് ഗാര്‍ഡ്, യുപിഎസ്എ, എല്‍പിഎസ്എ തുടങ്ങി ലഭിച്ച ജോലികളുടെ പട്ടിക നീളുന്നു. 2011-ല്‍ സിവില്‍ സര്‍വ്വീസെന്ന സ്വപ്‌നം ജനിച്ചപ്പോള്‍ തന്നെ പരിശ്രമം ആരംഭിച്ച ശിഹാബ് ആദ്യശ്രമത്തില്‍ 226-ാം റാങ്കോടെ ഐഎഎസ് നേടി. നാഗാലാന്‍ഡ് കേഡറില്‍ നിയമിതനായ ശിഹാബ് ഇപ്പോള്‍ ഊര്‍ജവിഭാഗം അഡീഷണല്‍ ഡെപ്യൂട്ടി സെക്രട്ടറിയാണ്.

 ‘വിരലറ്റം’  വാങ്ങാന്‍ സന്ദര്‍ശിക്കുക

‘വിരലറ്റം’ പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

 

Comments are closed.