എന്റെ ഓർമ്മയിലെ ഒരു നല്ല മാസികയുടെ ലക്കങ്ങള്‍: കരുണാകരൻ
ഡിസി ബുക്‌സിന്റെ സാംസ്‌കാരിക മാസികയായ പച്ചക്കുതിരയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് കഥാകൃത്ത് കരുണാകരന്‍. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള പച്ചക്കുതിര മാസികയുടെ ചിത്രങ്ങള്‍ക്കൊപ്പം മനോഹരമായ കുറിപ്പും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചു.
പച്ചക്കുതിര മാസികയുടെ ലേഔട്ടും അവതരണവും നമ്മുടെ കലയിലും കാഴ്ച്ചയിലും സമാന്തര മാസികകളുണ്ടാക്കിയ ആത്മഗൗരവത്തെ പാടെ ഉപേക്ഷിച്ച് ഒരു ഗ്ലോബല്‍ ഇവന്റ് പോലെ സംസ്കാരത്തെ കാണാനും ഇടപെടാനും മാസിക തയ്യാറായതും മാസിക എന്നും വായിക്കപ്പെടാന്‍ കാരണമായെന്ന് കരുണാകരന്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
എല്ലാ ദശകങ്ങളിലും എന്തെങ്കിലും ഒന്ന് പിന്നീട് ഒരിക്കൽ ഓർക്കാനോ കാണാനോ സംഭവിക്കുന്നു, മനുഷ്യരിലും കലയിലും അതങ്ങനെയാണ് . അല്ലെങ്കിൽ അങ്ങനെയൊന്ന് ജീവന്റെ ഏത് ഇടങ്ങളിലും സംഭവിയ്ക്കുന്നു. പത്ത് വർഷം ഒരാളെ ചിലപ്പോൾ അടിമുടി മാറ്റുന്നു, ചിലപ്പോൾ എഴുത്തിലും പ്രകാശനത്തിലും അത്തരം മാറ്റങ്ങൾ ഉണ്ടാവുന്നു. കഴിഞ്ഞ ദിവസം ഡി സി ബുക്സ് പ്രസിദ്ധീകരിയ്ക്കുന്ന ‘പച്ചക്കുതിര’യുടെ ആദ്യ ലക്കങ്ങൾ വീട്ടിലെ പഴയ അലമാരയിൽ നിന്നും എടുത്ത് ഉമ്മറത്തെ തിണ്ണയിൽ വെച്ച് വീണ്ടും ഒന്നുകൂടി മറച്ചു നോക്കിയപ്പോഴും ഇങ്ങനെയൊക്കെ തോന്നി.
എന്റെ ഓർമ്മയിലെ ഒരു നല്ല മാസികയുടെ ലക്കങ്ങളാണ് ഇരുപത് വർഷം കഴിഞ്ഞും ഇവ. സച്ചിദാനന്ദന്റെ പത്രാധിപത്യത്തിലിറങ്ങിയ അതിന്റെ നാലോ അഞ്ചോ ലക്കങ്ങൾ കലയും കാലവും അത്രമേൽ സ്പർശിയ്ക്കുന്നവയായിരുന്നു. രണ്ടായിരം ആണ്ടുകളുടെ ആദ്യമാണ്, നമ്മുടെയും സാമൂഹ്യ ജീവിതത്തെ പതുക്കെയെങ്കിലും മാറ്റാൻ തുടങ്ങുന്ന പലതും ലോകത്ത് അതിനും മുമ്പ് സംഭവിയ്ക്കാൻ തുടങ്ങിയിരുന്നു. രാഷ്ട്രീയത്തിലും ഭരണകൂട സങ്കൽപ്പങ്ങളിലും ഉണ്ടായ മാറ്റങ്ങൾ ആശയങ്ങളെയും ആവിഷ്കാരങ്ങളെയും സ്വാധീനിച്ചിരുന്നു. സാഹിത്യത്തിലും അതൊക്ക പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരുന്നു. ആ സാധ്യതയെയായിരുന്നു ഈ പച്ചക്കുതിര കൊണ്ടുവന്നിരുന്നത്: പച്ചക്കുതിര, എന്ത് നല്ല പേര് എന്ന് ഒ വി വിജയനും, ഹൊ എന്ത് വൃത്തികെട്ട പേര് എന്ന് എം കൃഷ്ണൻ നായരും പ്രതികരിച്ചത് ഒരു ലക്കത്തിന്റെ എഡിറ്റോറിയലാണ്. അതുണ്ടാക്കിയ ഉണർവ്വ് ഈ പ്രതികരണങ്ങൾ ഓർമ്മിപ്പിക്കുന്നു. തീർച്ചയായും രണ്ട് ദശകങ്ങൾ ഇതിലെ പല ‘ഉള്ളടക്ക’ത്തെയും ഇന്ന് മാറ്റിയിട്ടുണ്ട്, ‘പുതിയ’ പച്ചക്കുതിരയുടെ ഈ കാലത്തെ “ലീഡ്” ലേഖനങ്ങളുടെ വിഷയങ്ങൾ തന്നെ ഈ മാറ്റത്തെ പ്രകാശിപ്പിയ്ക്കുന്നുമുണ്ട്. അഥവാ, നമ്മുടെ കാലത്തെ പ്രധാനപ്പെട്ട വിഷയങ്ങൾ /എഴുത്തുകൾ പുതിയ പച്ചക്കുതിരയും കണ്ടുപിടിക്കുന്നു.
എന്നാൽ, നേരത്തെ പറഞ്ഞതു പോലെ പിന്നീട് ഒരിക്കൽ ഓർക്കാനോ കാണാനോ വീണ്ടും ഒന്നുകൂടി വായിക്കാനോ ഈ ലക്കങ്ങൾ ഇപ്പോഴും അവസരം തരുന്നു. ഇതൊക്ക ഓർക്കുമ്പോൾ രണ്ട് സംഗതികളാണ് അതിന് കാരണമായി എനിക്ക് തോന്നുന്നത്. ഒന്ന്, അതിന്റെ ലേഔട്ട്, അവതരണം, അതിപ്പോഴും ഗംഭീരമാണ്. രണ്ട്, നമ്മുടെ കലയിലും കാഴ്ച്ചയിലും സമാന്തര മാസികകളുണ്ടാക്കിയ ആത്മഗൗരവത്തെ പാടെ ഉപേക്ഷിച്ച് ഒരു ഗ്ലോബൽ ഇവന്റ് പോലെ സംസ്കാരത്തെ കാണാനും ഇടപെടാനും ഈ മാസിക തയ്യറായി..അതൊരു ചില്ലറ കാര്യമായിരുന്നില്ലതാനും.
പച്ചക്കുതിരയുടെ ജൂലൈ മാസത്തെക്കുറിച്ചറിയാനും സ്ഥിരം വരിക്കാരാകാനും ക്ലിക്ക് ചെയ്യൂ
പച്ചക്കുതിര അതേ രൂപത്തിൽ ഡിജിറ്റൽ എഡിഷനും ലഭിക്കും, അതിനായി സന്ദര്‍ശിക്കുക
Comments are closed.