DCBOOKS
Malayalam News Literature Website

‘ചുരുളി’ യിലെ ഭാഷ; മലയാളത്തെ തിരിച്ചുപിടിക്കാനുള്ള ശ്രമം: വിനോയ് തോമസ്

ഷാര്‍ജ: ചുരുളി എന്ന സിനിമയിലെ ഭാഷ സമൂഹത്തിന് ഒരു ദോഷവും സൃഷ്ടിച്ചിട്ടില്ലെന്നും സിനിമയ്ക്ക് ആധാരമായ ‘കളിഗെമിനാറിലെ കുറ്റവാളികള്‍’ എന്ന കഥയുടെ എഴുത്തുകാരന്‍ വിനോയ് തോമസ്. നല്ലത് എന്ന വിശേഷണത്തില്‍ പുറത്തിറങ്ങുന്ന സിനിമകളും സാഹിത്യ കൃതികളും സമൂഹത്തിന് ദോഷമുണ്ടാക്കുന്നവയാണെന്നും അദ്ദേഹം പറഞ്ഞു, ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ തന്റെ ഏറ്റവും പുതിയ പുസ്തകമായ ‘പ്രോത്താസീസിന്റെ ഇതിഹാസം‘ എന്ന കൃതിയെ ആധാരമാക്കി നടന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളത്തെ തിരിച്ചുപിടിക്കാനാണ് തന്റെ ശ്രമമെന്നും വിനോയ് പറഞ്ഞു.

Textനന എന്ന നോവല്ല ചുരുളിയുടെ രണ്ടാം ഭാഗമാണ്. നല്ലവര്‍ മാത്രം താമസിക്കുന്ന സ്ഥലത്ത് ഒരു കുറ്റവാളിയെ അന്വേഷിച്ച് പോകുന്നവരുടെ കഥയാണിത്. രക്തസാക്ഷിത്വം എന്ന വിഷയം ദാര്‍ശനികമായി ചര്‍ച്ച ചെയ്യുന്ന നോവെല്ല. അവനവന്റെ ശരീരത്തോട് ഒരാള്‍ ചെയ്യുന്ന കുറ്റകൃത്യമാണ് രക്തസാക്ഷിത്വം. എല്ലാ മതങ്ങളിലും പ്രാകൃത ആചാരങ്ങളിലേക്ക് തിരിച്ചുപോകാനുള്ള പ്രവണതയുണ്ട്. ജീവിച്ചിരിക്കുന്നവരെ ‘ഫിക്ഷണല്‍’ കഥാപാത്രമാക്കാനുള്ള സ്വാതന്ത്ര്യമാണ് താന്‍ ആഗ്രഹിക്കുന്നത്. ഭാഷാ പ്രയോഗത്തിലും സമാനമായ സ്വാതന്ത്ര്യം വേണമെന്നും വിനോയ് തോമസ് ആവശ്യപ്പെട്ടു.

കുടിയേറ്റത്തിന്റെ കഥാകാരന്‍, ദേശത്തിന്റെ എഴുത്തുകാരന്‍ എന്നീ വിശേഷണങ്ങള്‍ തന്നെ ‘ഒതുക്കാന്‍ ‘ വേണ്ടിയാണെന്ന് വിനോയ് തോമസിന്റെ നര്‍മ പ്രതികരണം. പറയാനുള്ള കാര്യങ്ങള്‍ ഒരു ദേശത്തിന്റെText ചട്ടക്കൂടില്‍ അവതരിപ്പിക്കുന്നുവെന്നത് മാത്രമാണ് തന്നെ സംബന്ധിച്ച് ദേശത്തിന്റെ പ്രസക്തി. ചിലപ്പോള്‍ ഒരു ദേശം ആവര്‍ത്തിക്കപ്പെട്ടേക്കാം എന്നാല്‍ പ്രമേയം വ്യത്യസ്തമായിരിക്കുമെന്ന് വിനോയ് പറഞ്ഞു.

അറേബ്യന്‍ പശ്ചാത്തലത്തില്‍ ഒരു നോവല്‍ എഴുതുന്നുണ്ട്. ‘ലോറന്‍സ് ഓഫ് അറേബ്യ’ എന്ന സിനിമ കണ്ടതിന്റെ സ്വാധീനമുണ്ട് അതിന്റെ പിന്നില്‍. അറേബ്യന്‍ ഗോത്ര സംസ്‌കൃതിയെക്കുറിച്ചുള്ള നോവലായിരിക്കും അത്. വിനോയ് തോമസ് പറഞ്ഞു.

കുട്ടികളുടെ പാഠപുസ്തകങ്ങള്‍ കാലഹരണപ്പെട്ടു. ഇന്നത്തെ കാലഘട്ടത്തിലെ കുട്ടികളെ പാഠ്യക്രമം അഭിമുഖീകരിക്കുന്നില്ല. മലയാളം അദ്ധ്യാപകര്‍ പലപ്പോഴും കോമഡിയാണ് ക്ലാസ്സില്‍ ചെയ്യുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു. മലയാള ഭാഷയെ ഇപ്പോള്‍ സംരക്ഷിക്കുന്നത് പ്രാദേശിക ഭാഷാ ഭേദത്തില്‍ എഴുതുന്ന കടകളുടെ ബോര്‍ഡുകളാണെന്നും ജീവിക്കുന്ന മലയാളം ഇതാണെന്നും അദ്ദേഹം നിരീക്ഷിച്ചു.

ചെറുപ്രായത്തില്‍ തന്നെ പ്രതിഭയാണെന്ന് വിശേഷിപ്പിച്ച് അംഗീകരിക്കുന്നത് എഴുത്തുകാരോട് ചെയ്യുന്ന ദ്രോഹമാണ്. പതിനെട്ടാം വയസ്സില്‍ ഖസാക്കിന്റെ ഇതിഹാസം’ വായിച്ചയാളെ പ്രദേശത്തെ വായനശാല ‘മികച്ച വായനക്കാരനുള്ള’ പുരസ്‌കാരം നല്‍കി ആദരിച്ച സംഭവം അദ്ദേഹം വിവരിച്ചു. പിന്നീട് ഒരു പണിക്കും പോകാതെ അയാള്‍ ബുദ്ധിജീവിയായി ജീവിക്കുകയാണ്. പ്രോത്താസീസിന്റെ ഇതിഹാസം എന്ന കൃതിയുടെ
പ്രമേയം ഇത് തന്നെയാണ്.

യുട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമ ഇടങ്ങളില്‍ വരുന്ന പോസ്റ്റുകളിലെ കമന്റുകളില്‍ നിന്നാണ് ജീവിക്കുന്ന മലയാള ഭാഷ താന്‍ കണ്ടെത്തുന്നതെന്ന് വിനോയ് തോമസ് പറയുന്നു.

തന്റെ പുതിയ നോവല്‍ ആകാശ വിസ്മയം അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടെ പ്രസിദ്ധീകരിക്കുമെന്ന് വിനോയ് തോമസ് അറിയിച്ചു. കൗമാരപ്രായക്കാര്‍ക്ക് വേണ്ടിയുള്ള നോവലായിരിക്കും ആകാശ വിസ്മയം. മണിപ്രവാളത്തില്‍ എന്തും എഴുതാം മലയാളത്തില്‍ പാടില്ല എന്നതാണ് സ്ഥിതി എന്നും വിനോയ് തോമസ് പറഞ്ഞു. മലയാളം അദ്ധ്യാപകനും കവിയുമായ കെ രഘുനന്ദനന്‍ മോഡറേറ്ററായിരുന്നു.

വിനോയ് തോമസിന്റെ കരിക്കോട്ടക്കരി എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ ‘ബ്ലാക്ക് എന്‍ഡ് ‘ കണ്ണന് നല്‍കി എഴുത്തുകാരന്‍ ലിജീഷ് കുമാര്‍ പ്രകാശനം ചെയ്തു. യു എ ഇ യിലെ പ്രവാസിയായ കെ നന്ദകുമാറാണ് പുസ്തകം മൊഴിമാറ്റം നടത്തിയത്.

വിനോയ് തോമസിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

 

Comments are closed.